മിർസാപുർ വെബ് സീരീസ് വിവാദം; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്

ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ‘മിര്‍സാപൂര്‍’ സീരീസ് മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ നിര്‍മ്മാതാക്കള്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് നൽകി. ഉത്തർ പ്രദേശ് സ്വദേശിയായ അരവിന്ദ് ചതുര്‍വേദി എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്. നേരത്തെ പരാതിയെത്തുടർന്ന് വെബ് സീരീസിന്റെ നിർമ്മാതാക്കൾക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മത വികാരം വ്രണപ്പെടുത്തുകയും, വിന്ധ്യാവസിനി ദേവിയുടെ പേരില്‍ അറിയപ്പെടുന്ന മിര്‍സാപൂരിനെ കളങ്കപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

ആമസോണ്‍ പ്രൈമിനുമെതിരെ ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകളുടെ കീഴിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിര്‍മ്മാതാക്കളായ റിതേഷ് സിദ്വാനി, ഫര്‍ഹാന്‍ അക്തര്‍, ഭൗമിക് ഗോണ്‍ഡാലിയ, ആമസോണ്‍ പ്രൈം എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 295-എ (മനപ്പൂര്‍വ്വം ഏതെങ്കിലും മതത്തെയോ മത വിശ്വാസങ്ങളെയോ അപമാനിക്കാന്‍ ശ്രമിക്കുക), 504 ( മനപ്പൂര്‍വ്വം അപമാനിക്കുന്നതിലൂടെ സമാധനം തകര്‍ക്കാന്‍ ശ്രമിക്കുക), 505 (മറ്റ് സമുദായങ്ങള്‍ക്കെതിരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക), 34 ( വ്യക്തികള്‍ ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍). ഐടി ആക്റ്റിന്റെ കീഴിലെ 67എ (ലൈംഗികത പ്രകടമാകുന്ന രംഗങ്ങള്‍ പ്രസിദ്ധീകരിക്കുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

മിര്‍സാപൂരില്‍ അസഭ്യമായ ഭാഷ ഉപയോഗിക്കുകയും, നിയമവിരുദ്ധമായ ബന്ധങ്ങള്‍ ചിത്രീകരിക്കുകയും, മിര്‍സാപൂരിലെ മത-സാമൂഹിക വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരന്റെ വാദം. മിര്‍സാപൂരിലെ മാഫിയ ബോസ് ആയ മിര്‍സാപൂര്‍ അഖണ്ഡനാഥ് തൃപാഠി, അദ്ദേഹത്തിന്റെ മകന്‍ മുന്നാ എന്നിവരെ ചുറ്റിപറ്റിയാണ് സീരീസിന്റെ കഥ പോകുന്നത്. ക്രൈം ത്രില്ലറായ സീരീസിന്റെ സംവിധായകന്‍ കരന്‍ ആയുഷ്മാന്‍, ഗുര്‍മീത് സിങ്, മിഹീര്‍ ദേസായി എന്നിവരാണ്. വിക്രാന്ദ് മാസി, പങ്കജ് ത്രിപാഠി, അലി ഫസല്‍, രസിക ദുഗള്‍, ദിവ്യേന്ദു ഷര്‍മ്മ എന്നിവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2018 നവംബറിലാണ് സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹിന്ദു മത വിശ്വാസത്തെ വൃണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ‘താണ്ഡവ്’ എന്ന വെബ് സീരീസിനെതിരെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു. വിവാദമായതിനെ തുടർന്ന് സീരീസിലെ ചില രംഗങ്ങൾ അണിയറപ്രവർത്തകർ നീക്കം ചെയ്തിരുന്നു.ഇതിന് മുമ്പ് അനുഷ്‌ക ഷര്‍മ്മ നിര്‍മ്മിച്ച ‘പാതാള്‍ ലോക്’ എന്ന ആമസോണ്‍ പ്രൈം സീരീസിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.