Top

മുസ്ലിം ലീഗ് കണ്ണുരുട്ടിയപ്പോൾ പ്രതിപക്ഷ നേതാവ് വാക്കുമാറ്റി; കുഞ്ഞാലിക്കുട്ടി ഇംപാക്ട്

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിനുള്ളിലുണ്ടായിരിക്കുന്ന ഭിന്നത ചെറുതല്ല. മലക്കം മറിഞ്ഞ നിലപാടുകൾക്കൊടുവിൽ പ്രതിപക്ഷ നേതാവും ഒടുവിൽ കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ വഴങ്ങിയിരിക്കുകയാണ്. എങ്കിലും യുഡിഎഫിന്റെ ഔദ്യോ​ഗിക നിലപാട് എന്താണെന്ന് ചോദ്യം നിലനിൽക്കുന്നു. വിഷയത്തിൽ ലീഗ് നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. സച്ചാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം മുസ്ലിം സമുദായത്തിനായി 100 ശതമാനവും മാറ്റിവെക്കേണ്ടിയിരുന്ന പദ്ധതികൾ ജനസംഖ്യാനുപാതികമായി പുനർനിർണ്ണയിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. ഹൈക്കോടതി വിധിയെക്കുറിച്ചാണെങ്കിൽ 80: 20 അനുപാതത്തിലാക്കി ആശയക്കുഴപ്പമുണ്ടാക്കിയ പാലോളി കമ്മീഷന്റേതാണ് പിഴവ്. ഈ വാദങ്ങൾ ആവർത്തിച്ച ലീ​ഗ് […]

17 July 2021 5:40 AM GMT
അനുപമ ശ്രീദേവി

മുസ്ലിം ലീഗ് കണ്ണുരുട്ടിയപ്പോൾ പ്രതിപക്ഷ നേതാവ് വാക്കുമാറ്റി; കുഞ്ഞാലിക്കുട്ടി ഇംപാക്ട്
X

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിനുള്ളിലുണ്ടായിരിക്കുന്ന ഭിന്നത ചെറുതല്ല. മലക്കം മറിഞ്ഞ നിലപാടുകൾക്കൊടുവിൽ പ്രതിപക്ഷ നേതാവും ഒടുവിൽ കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ വഴങ്ങിയിരിക്കുകയാണ്. എങ്കിലും യുഡിഎഫിന്റെ ഔദ്യോ​ഗിക നിലപാട് എന്താണെന്ന് ചോദ്യം നിലനിൽക്കുന്നു. വിഷയത്തിൽ ലീഗ് നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു.

സച്ചാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം മുസ്ലിം സമുദായത്തിനായി 100 ശതമാനവും മാറ്റിവെക്കേണ്ടിയിരുന്ന പദ്ധതികൾ ജനസംഖ്യാനുപാതികമായി പുനർനിർണ്ണയിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. ഹൈക്കോടതി വിധിയെക്കുറിച്ചാണെങ്കിൽ 80: 20 അനുപാതത്തിലാക്കി ആശയക്കുഴപ്പമുണ്ടാക്കിയ പാലോളി കമ്മീഷന്റേതാണ് പിഴവ്. ഈ വാദങ്ങൾ ആവർത്തിച്ച ലീ​ഗ് സിപിഐഎമ്മിനെതിരെ പോർവിളി ഉയർത്തിയ ഘട്ടത്തിലാണ് വിഡി സതീശന്റെ മലക്കംമറിച്ചൽ യഞ്ജം തുടങ്ങുന്നത്.

ലീഗിന്റെ കത്ത് ചൂണ്ടിക്കാട്ടി സിപിഐഎം നിരത്തിയ വാദത്തെ തള്ളി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തിയതോടെ വിഷയം കുഞ്ഞാലികുട്ടി vs പിണറായി സർക്കാരായി മാറിയിരുന്നു. ഈ ഘട്ടത്തിലെല്ലാം കോൺഗ്രസ് നിശബ്ദമായിരുന്നു. കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും വിഷയത്തിലുള്ള നിലപാട് പരസ്യമാക്കാൻ നേതാക്കൾ നിർബന്ധിതരാതിന് പിന്നാലെ വിഡി സതീശന്റെ ആദ്യ ഔദ്യോ​ഗിക പ്രതികരണം പുറത്തുവന്നു. ജനസംഖ്യാ ആനുപാതികമായി സ്‌കോളർഷിപ്പുകൾ നിശ്ചയിക്കുന്നതുവഴി മുസ്ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവുണ്ടാകും. മുസ്ലിം ലീഗിനൊപ്പം ചേരാൻ ആദ്യ പ്രതികരണത്തിൽ വി.ഡി മടി കാണിച്ചില്ലെന്ന് പറയാം. പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെയാണ് പുതിയ അനുപാതം സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഈ നടപടി പാലോളി, സച്ചാർ കമ്മിറ്റികളുടെ ശുപാർശകളുടെ അന്തസത്ത പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്. ഇതോടെ കോൺഗ്രസിന്റേയും ലീഗിന്റെയും നിലപാടുകൾ വ്യക്തമായി, അതുവഴി യുഡിഎഫിന്റേയും.

എന്നാൽ അവിടെ തീർന്നില്ല വിഷയം. കാസർഗോഡ് നിന്ന് കോട്ടയത്തെത്തിയ പ്രതിപക്ഷനേതാവ് ഇന്ന് നടത്തിയ പ്രതികരണത്തിൽ കുറച്ചു തിരുത്തുകൾ വന്നു. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടം സംഭവിച്ചുവെന്ന് താൻ പറഞ്ഞിട്ടേ ഇല്ലെന്നായിരുന്നു ഒന്നാമത്തെ തിരുത്ത്. ഒരു സമുദായത്തിനും നഷ്ടമുണ്ടാകില്ല. നിലവിലുള്ള സ്‌കോളർഷിപ്പ് കുറയ്ക്കാതെ ക്രൈസ്തവ സമുദായങ്ങൾക്കടക്കം അർഹതപ്പെട്ട രീതിയിൽ ആനുപാതികമായി സ്‌കോളർഷിപ്പ് നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത വിഡി സതീശൻ ഒരു പടി കടന്ന് ഉത്തരവ് യുഡിഎഫിന്റെ കൂടി അഭിപ്രായം മാനിച്ചുകൊണ്ടാണെന്നും പ്രഖ്യാപിച്ചു. അപ്പോൾ ഇന്നലെ പറഞ്ഞത്? അതുമാത്രമല്ല, ലീഗിന്റെ ആവശ്യങ്ങൾ യുഡിഎഫ് ചർച്ചചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

ചർച്ചകൾക്ക് മുൻപ് ലീഗിൽ നിന്ന് പ്രതികരണമെത്തി. മുസ്ലീം സമുദായത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയ സർക്കാർ തീരുമാനത്തിൽ നഷ്ടമില്ലെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടുണ്ടെങ്കിൽ ആ വാദം തെറ്റാണെന്ന ഇടി മുഹമ്മദ് ബഷീർ തുറന്നടിച്ചു. യുഡിഎഫിന്റെ നിലപാട് അതാണെന്ന് വിഡി സതീശൻ പറഞ്ഞാൽ അത് ശരിയാകില്ലെന്നും ഇടി വ്യക്തമാക്കി.

ഇതോടെ വരുന്നു പ്രതിപക്ഷ നേതാവിന്റെ മൂന്നാമത്തെ തിരുത്തൽ.

ലീഗ് പ്രതികരണം താൻ പറഞ്ഞത് മനസിലാക്കാതെയാണ്. വേണമെങ്കിൽ ഒന്നുകൂടി പറയാമെന്നായി പ്രതിപക്ഷ നേതാവ്. എന്നാൽ മുൻ പ്രതികരണത്തിൽ നിന്ന് ഒന്നുരണ്ട് തിരുത്തുണ്ട്- സർക്കാർ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടുണ്ട്. മുസ്ലീം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതിയാണ് നഷ്ടമായത്.

ഇന്നലെ പറഞ്ഞത് ആവർത്തിച്ചു എന്നുവേണമെങ്കിൽ പറയാം. അപ്പോൾ ഒന്നര മണിക്കൂർ മുൻപ് പറഞ്ഞത്? സർക്കാർ തീരുമാനത്തെ താൻ ഭാഗികമായാണ് സ്വാഗതം ചെയ്‌തെന്നായി പ്രതിപക്ഷ നേതാവിന്റെ മറുപടി.

48 മണിക്കൂറിനിടയിലെ ഈ മൂന്ന് നിലപാടുമാറ്റത്തിന് പിന്നിലെ ചേതോവികാരം ചർച്ചയായി തുടങ്ങിയപ്പോഴെ പ്രതിരോധവുമായെത്തി കുഞ്ഞാലിക്കുട്ടി. സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശം ചർച്ചയാക്കേണ്ടതില്ലെന്നായിരുന്നു നിർദേശം. വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായി വി ഡി സതീശൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ ചർച്ച അവിടെ ഉപേക്ഷിക്കാനായിരുന്നു നിർദേശം, പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയല്ലോ,. ലീഗിന്റെ പ്രശ്‌നങ്ങൾ യുഡിഎഫ് ചർച്ച ചെയ്ത് ഒരുമിച്ച് തീരുമാനത്തിലെത്തി എന്നു വേണം കരുതാം.

ഇനി ഈ നിലപാടുമാറ്റങ്ങൾ കൊളുത്തിവിട്ടിരിക്കുന്ന ‘യുഡിഎഫിൽ ഭിന്നത’ എന്ന ചർച്ചയ്ക്ക് പരിഹാരവും കുഞ്ഞാലിക്കുട്ടി കണ്ടിട്ടുണ്ട്. എല്ലാം സർക്കാരിന്റെ വീഴ്ചയാണ്. സംസ്ഥാന സർക്കാർ ചെയ്യുന്നത് അനാവശ്യമായ ഭിന്നത ഉണ്ടാക്കുകയാണ്. പാലൊളി കമ്മീഷൻ തന്നെ ആവശ്യമില്ലാത്ത ഒന്നായിരുന്നു. ഈ നിലപാട് സ്വീകരിക്കണമെന്നാണ് യുഡിഎഫിലും വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ കൂടുതലൊന്നും ലീഗിന് പറയാനില്ല.

സാഹിബിന്റെ കണ്ണുരുട്ടലിനെ മറി കടന്ന് ഇനി പ്രതിപക്ഷ നേതാവിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്…

Next Story

Popular Stories