Top

‘മരം മുറി വിവാദത്തില്‍ മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ല’; സിപിഐ നിലപാട് സെക്രട്ടറി പറയുമെന്ന് മന്ത്രി കെ രാജന്‍

മരം മുറി വിവാദത്തില്‍ ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാറിന്റേതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വ്യാപകമായി മരം മുറിച്ച് കടത്തിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരം മുറി ഉത്തരവിനെ തുടര്‍ന്ന ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് ഇറക്കിയത് പൊതു ആവശ്യപ്രകാരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് […]

12 Jun 2021 11:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മരം മുറി വിവാദത്തില്‍ മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ല’; സിപിഐ നിലപാട് സെക്രട്ടറി പറയുമെന്ന് മന്ത്രി കെ രാജന്‍
X

മരം മുറി വിവാദത്തില്‍ ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാറിന്റേതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വ്യാപകമായി മരം മുറിച്ച് കടത്തിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരം മുറി ഉത്തരവിനെ തുടര്‍ന്ന ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരോ വകുപ്പുകളോ തമ്മില്‍ തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് ഇറക്കിയത് പൊതു ആവശ്യപ്രകാരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും.

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാമെന്ന ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് വിലയിരുത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കൃത്യതയോടെ തീരുമാനം എടുക്കും. വിഷയത്തില്‍ സിപിഐയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറി പറയുമെന്നും കെ രാജന്‍ പറയുന്നു.

മരം മുറി വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്റെ നിലപാടിനോട് സിപിഐ നേരത്ത അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉത്തരവ് ഇറക്കിയത് തന്റെ കാലത്ത് അല്ലെന്ന ശശീന്ദ്രന്റെ നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതാണെന്നായിരുന്നു വിമര്‍ശനം. മുന്‍ റവന്യു, വനം മന്ത്രിമാര്‍ക്ക് മരംകൊള്ളയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടില്‍ പാര്‍ട്ടിയെയും മുന്നണിയിലും അതൃപ്തി അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന നിരന്തരം ആവര്‍ത്തിക്കുന്ന ശശീന്ദ്രന്‍ മരംമുറിയില്‍ മുന്‍മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പുതിയ പ്രതികരണം. അതിനിടെ, വിവാദ മരംമുറി കേസില്‍ പാര്‍ട്ടിക്കോ മുന്‍ മന്ത്രിമാര്‍ക്കോ പിഴവ് പറ്റിയിട്ടില്ലെന്നാണ് സിപിഐയുടെ നിഗമനമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന അഭിപ്രായം ഉള്ളവരും പാര്‍ട്ടിയിലുണ്ട്.

Next Story