അമൂർ ഫാൽക്കൺ അടക്കം വിവിധയിനം പക്ഷികൾക്കും, നീർപക്ഷികൾക്കും കുയിലുകൾക്കും താവളമൊരുക്കി നിളാതീരം; ചിത്രങ്ങൾ കാണാം

ഗൾഫ് രാജ്യങ്ങളിൽ കണ്ട് വരുന്ന അമൂർ ഫാൽക്കൺ എന്ന പക്ഷിയടക്കം വിവിധയിനം പക്ഷികളേയും, നീർപക്ഷികളേയും, കുയിലുകളെയും ഭാരതപുഴയോരത്ത് കണ്ടെത്തി. മലപ്പുറം തിരുന്നാവായ നിളയോരത്ത് നടന്ന പക്ഷി നിരീക്ഷണ ക്യാമ്പിനിടെ ആണ് അപൂർവ്വ ഇനം പക്ഷികളേയും മറ്റും കണ്ടെത്തിയത്.

അമൂർ ഫാൽക്കൺ, മഞ്ഞ വയറൻ പച്ച പ്രാവ്, പുല്ലൂപ്പൻ, കരിന്തൊപ്പി, നാട്ടുവേലിതത്ത പച്ച പ്രാവുകൾ, കിന്നരി പരുന്ത് തുടങ്ങിയ അപൂർവ്വ പക്ഷികളെയാണ് ഭാരതപുഴയോരത്ത് കണ്ടെത്തിയത്. തിരുന്നാവായ ബന്തർ കടവ് മുതൽ കുറ്റിപ്പുറം ചെമ്പിക്കൽ വരെയുള്ള പുഴയോരത്തെ കാടാണ് ഇവയുടെ വിഹാരകേന്ദ്രം. ഇവിടത്തെ മരങ്ങളിലെ പഴ വർഗ്ഗങ്ങൾ കഴിച്ച് ഇവ ഇവിടെ കേന്ദ്രമാക്കിയതായി പക്ഷി നിരീക്ഷകർ കരുതുന്നു.

കേരളത്തിൽ ശ്രദ്ധേയമായ തിരുന്നാവായ ചേരാ കൊക്കൻ കോളനി റി എക്കൗ പ്രവർത്തകർ സ്ഥലം സന്ദർശിക്കുകയും പക്ഷികളുടെ ഭാവി സംരക്ഷണത്തിന്ന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. റി എക്കൗ അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ ആവശ്യപ്രകാരം തിരുന്നാവായയിലും പരിസരപ്രദേശങ്ങളിലും പക്ഷി വേട്ട സർക്കാർ നിരോധിക്കുകയും ഇപ്പോൾ വനം വകുപ്പ് വാച്ചറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പക്ഷി വേട്ട നിരോധന മുന്നറിയിപ്പ് ബോർഡുകൾ വനം വകുപ്പ് തിരുന്നാവായയിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.

ദേശിയ പക്ഷിനിരീക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായാണ് പരിസ്ഥി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ പക്ഷിനിരീക്ഷണ ക്യാമ്പ് നടത്തിയത്. ഒരാഴ്ച നീണ്ട ക്യാമ്പിനും സലിം അലി അനുസ്മരണത്തിനും പ്രമുഖ പക്ഷിനിരീക്ഷകരായ ഡോ മാത്യു തെക്കെതല, ഡോ എം സയീർ, ഡോ ഫസലുറഹ്മാൻ, ദീപക് പൊന്നാണി, നസറുദ്ധീൻ പുറത്തൂർ, എം സാദിക്ക് തിരുനാവായ എന്നിവർ നേതൃത്വം നൽകി. ഡോ. സലിം അലി അനുസ്മരണം കോഴിക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ റഹീസ് തറമ്മൽ ഉത്ഘാടനം ചെയ്തു. സി കിളർ അധ്യക്ഷത വഹിച്ചു.

Latest News