നെയ്മറിനൊപ്പം ചേരാന്‍ സൂപ്പര്‍ താരം മെസി ബാഴ്‌സലോണ വിടുമോ? അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. ബാഴ്‌സ മാനേജ്‌മെന്റുമായി മെസിക്ക് ശക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് മെസി സൂചനകളൊന്നും നല്‍കിയിട്ടില്ല. മെസിയുടെ സ്വന്തം തട്ടകമായിട്ടാണ് ബാഴ്‌സ അറിയപ്പെടുന്നത്. എന്നാല്‍ ക്ലബ് മാനേജ്‌മെന്റുമായി സമീപകാലത്ത് ഉണ്ടായ അസ്വാരസ്യങ്ങള്‍ മെസിയെ ക്ലബ് വിടാന്‍ നിര്‍ബന്ധിതനാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 ദശലക്ഷം ഡോളര്‍ (8,815 കോടി രൂപ) ആണ്. പ്രതിഫലവുമായി ബന്ധപ്പെട്ട് ക്ലബുമായി താരത്തിന് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം മറ്റു ക്ലബുകളിലേക്ക് ചേക്കേറുകയാണെങ്കില്‍ പ്രതിഫലത്തില്‍ മെസി വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്നും ഫുട്‌ബോള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

പിഎസ്ജിയാണ് മെസി നോട്ടംവെച്ചിരിക്കുന്ന ക്ലബുകളില്‍ പ്രധാനി. ബ്രസീലിയന്‍ സൂപ്പര്‍ താരവും മെസിയുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന നെയ്മര്‍ ജൂനിയറിന്റെ ക്ലബ് കൂടിയാണ് പിഎസ്ജിയെന്നത് നിര്‍ണായകമാണ്. കവാനിയെ കൈമാറി മെസിയെ ടീമിലെത്തിക്കാന്‍ പിഎസ്ജി ശ്രമം നടത്തുന്നതായി കഴിഞ്ഞ വര്‍ഷം അവസാനം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നെയ്മറിനെ ബാഴ്‌സയിലെത്തിക്കാന്‍ മെസിക്ക് ആഗ്രഹമുണ്ടെന്ന വാര്‍ത്തകളും ഇതിനൊടപ്പം വായിക്കാവുന്നതാണ്.

Latest News