‘പ്രശാന്തിനെന്താ ഇതില്‍ കാര്യം; അയാള്‍ടെ പണി അതാണോ’; രൂക്ഷ വിമര്‍ശനവുമായി മേഴ്‌സികുട്ടിയമ്മ

കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍
ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇഎംസിസിയുമായി ധാരണ പത്രം ഒപ്പിട്ടതിലാണ് വിമര്‍ശനം. 2000 കോടി രൂപക്കുള്ള ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് ധാരണ പത്രം. 400 ബോട്ടുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 400 ബോട്ടുകള്‍ നിര്‍മ്മിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളൊരാള്‍ പറയുമോയെന്നും ഇതിന്റെ പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണോ രാഷ്ട്രീയ ലക്ഷ്യമാണോയെന്ന് അറിയില്ലെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു. റിപ്പോര്‍ട്ട് ടിവി ക്ലോസ് എന്‍കൗണ്ടറിലായിരുന്നു മേഴ്‌സികുട്ടിയമ്മയുടെ പ്രതികരണം.

‘400 ബോട്ട് ഉണ്ടാക്കുമെന്നത് സാമാന്യബുദ്ധിയുള്ളൊരാള്‍ പറയുന്നതല്ല. പത്ത് ട്രോളറാണെങ്കില്‍ കൂടി ഇയാള്‍ക്ക് എന്താണ് ഇതില്‍ കാര്യം. പ്രശാന്തിനെ ആര് ചുമതലപ്പെടുത്തുന്നു. അയാള്‍ടെ പണി അതാണോ. ഇന്‍ലാന്റ് നാവിഗേഷന്‍ അല്ല കപ്പലുണ്ടാക്കേണ്ടത്. അവര്‍ക്ക് അതിനുള്ള ശേഷിയോ പശ്ചാത്തല സൗകര്യമോ ഇല്ല. ഞങ്ങളാണ് നേരിട്ട് അവര്‍ക്ക് ഓഡര്‍ കൊടുക്കാന്‍ പോകുന്നത്. ഒരു ആഴക്കടല്‍ ട്രോളര്‍ നിര്‍മ്മിക്കാന്‍ എത്രസമയം എടുക്കും എന്ന് അറിയാത്ത ആളാണോ അയാള്‍. ഓഡര്‍ കൊടുത്തു എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലെ ഉദ്ദേശം എന്താണ്.’ മേഴ്‌സികുട്ടിയമ്മ ചോദിച്ചു.

ഇതിന്റെ പിന്നില്‍ സാമ്പത്തികമായ ലക്ഷ്യമാണോയെന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കേണ്ടി വരും, എനിക്ക് എങ്ങനെ അറിയാന്‍ കഴിയുമെന്നുമായിരുന്നു മേഴ്‌സികുട്ടിയമ്മയുടെ പ്രതികരണം. സാമ്പത്തിക താല്‍പര്യമാണോ രാഷ്ട്രീയ താല്‍പര്യമാണോയെന്നൊന്നും അറിയില്ല. വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നയമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രേഖകള്‍ കൊടുത്തത് എന്‍ പ്രശാന്ത് ഐഎഎസ് ആണെന്നും ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ ആരോപിച്ചു.

Latest News