Top

ഗൗരിയമ്മയ്ക്കും, ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം, മാര്‍ ക്രിസോസ്റ്റം തിരുമേനിക്കും ബജറ്റില്‍ ആദരം

കോവിഡ് വെല്ലുവിളിയെ അതിജീവിക്കുക എന്നത് മുഖ്യ ലക്ഷ്യമായി അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ അടുത്തിടെ അന്തരിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും ആദരം. കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ട് കോടി വീതം നീക്കിവയ്ക്കുമെന്നും തന്റെ പ്രഥമ ബജറ്റില്‍ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. കൊട്ടാരക്കരയിലായിരിക്കും ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം ഒരുങ്ങുക. മലങ്കര മാര്‍ത്തോമ്മാ സഭയെ […]

4 Jun 2021 12:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗരിയമ്മയ്ക്കും, ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം, മാര്‍ ക്രിസോസ്റ്റം തിരുമേനിക്കും ബജറ്റില്‍ ആദരം
X

കോവിഡ് വെല്ലുവിളിയെ അതിജീവിക്കുക എന്നത് മുഖ്യ ലക്ഷ്യമായി അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ അടുത്തിടെ അന്തരിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും ആദരം. കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ട് കോടി വീതം നീക്കിവയ്ക്കുമെന്നും തന്റെ പ്രഥമ ബജറ്റില്‍ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. കൊട്ടാരക്കരയിലായിരിക്കും ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം ഒരുങ്ങുക.

മലങ്കര മാര്‍ത്തോമ്മാ സഭയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ആദരവായി എം ജി സര്‍വ്വകലാശാലയില്‍ ചെയര്‍ തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. 50 ലക്ഷം രുപയാണ് ഇതിനായി വകയിരുത്തിയത്.

കേരള സര്‍ക്കാര്‍ കൊല്ലം ആസ്ഥാനമായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയെയും കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സര്‍ക്കാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടപ്പാക്കിയത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക പരിഗണനയും ബജറ്റില്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഇതിനായി വിദ്യാഭ്യാസ-ആരോഗ്യ സാമൂഹ്യ വിദഗ്ധര്‍ അടങ്ങുന്ന സമിതി പഠനം നടത്തും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ടെലി/ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് നല്‍കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കും. കൂടാതെ കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമമുറകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിക്ടേഴ്‌സ് ചാനല്‍ വഴി ഫിസിക്കല്‍ എജുക്കേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുമെന്നും ബജറ്റ് മുന്നോട്ട് വയ്ക്കുന്നു.

നിലവില്‍ ഓണ്‍ലൈായി പുരോഗമിക്കുന്ന അക്കാദമിക വര്‍ഷത്തില്‍ കുട്ടികള്‍ക്കായി അതാത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ നയിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി സംഘടിപ്പിക്കും. കുട്ടികളുടെ കലാ -കരകൗശല സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ പരിശീലനം നല്‍കും. വിക്ടേഴ്‌സ് ചാനല്‍ വഴി ഇതിന് സൗകര്യം ഒരുക്കും. കുട്ടികളുടെ തെരഞ്ഞെടുത്ത കലാ -കരകൗശല സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും.

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം കാര്യക്ഷമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനായി രണ്ടുലക്ഷം ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്‌കീം സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. വെര്‍ച്വല്‍ റിയാലിറ്റി,ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്ന രീതിയില്‍ ഒരു പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തിനായി പത്തുകോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.

Next Story