Top

‘എന്റെ പുതിയ ഷൂ ആയിരുന്നു, അത് കാണിക്കാൻ വേണ്ടി ഇട്ടതാ’; ‘ഷൂ ഷൂ’ ഫോട്ടോഷൂട്ടിന് താഴെ വന്ന കമന്റുകളെപ്പറ്റി മീനാക്ഷി

ഫോട്ടോ ഇട്ടു കുറച്ച കഴിഞ്ഞപ്പോൾ ലൈക്ക് കയറുന്നു, കമന്റ് വരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ മുഴുവൻ ബഹളം ആയിരുന്നു എന്നും നടി പറയുന്നു.

3 Jun 2021 6:44 AM GMT
വി.എസ് ഹൈദരലി

‘എന്റെ പുതിയ ഷൂ ആയിരുന്നു, അത് കാണിക്കാൻ വേണ്ടി ഇട്ടതാ’; ‘ഷൂ ഷൂ’ ഫോട്ടോഷൂട്ടിന് താഴെ വന്ന കമന്റുകളെപ്പറ്റി മീനാക്ഷി
X

നടി മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. നടിയുടെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇത് കണ്ടാല്‍ സവര്‍ക്കറിനെ അപമാനിക്കുകയാണെന്ന് സംഘപരിവാര്‍ അനുകൂലികള്‍ കരുതും എന്ന് പറഞ്ഞു കൊണ്ടാണ് ആളുകള്‍ കമന്റ് ചെയ്തത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

താൻ എപ്പോഴും പങ്കുവെക്കുന്നത് പോലെ ഒരു ചിത്രം മാത്രമായിരുന്നു അത്. പിന്നീട് അവിടെ എന്താണ് സംഭവിച്ചത് എന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഫോട്ടോ ഇട്ടു കുറച്ച കഴിഞ്ഞപ്പോൾ ലൈക്ക് കയറുന്നു, കമന്റ് വരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ മുഴുവൻ ബഹളം ആയിരുന്നു എന്നും നടി പറയുന്നു. റിപ്പോർട്ടർ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ പുതിയ ചിത്രമായ അമീറയുടെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് മീനാക്ഷി ഇക്കാര്യം പറഞ്ഞത്.

മീനാക്ഷിയുടെ വാക്കുകൾ:

എന്റെ പുതിയ ഷൂ ആയിരുന്നു. ഞാൻ അത് കാണിക്കാൻ വേണ്ടി ഇട്ടതാ. എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല അവിടെ എന്താ സംഭവിച്ചത് എന്ന്. എനിക്ക് അങ്ങനെ ഒരു സംഭവം ഉണ്ടന്നേ അറിയുന്നില്ല. ഞാൻ ഫോട്ടോ ഇട്ടു കുറച്ച കഴിഞ്ഞപ്പോൾ ലൈക്ക് കയറുന്നു, കമന്റ് വരുന്നു. പിന്നെ ഞാൻ ചെന്ന് നോക്കുമ്പോൾ ആണ് അവിടെ ഭയങ്കര ബഹളം. പിന്നെ അവർ എന്തൊക്കെയോ ചെയ്യുന്നത് കണ്ടു. എനിക്ക് ഇപ്പോഴും ഒന്നും അങ്ങ് പിടികിട്ടിയിട്ടില്ല. ഞാൻ അറിഞ്ഞ കാര്യം പോലുമല്ല. ഞാൻ എല്ലാ തവണയും ഇടുന്നത് പോലെ ഒരു പോസ്റ്റ് ഇട്ടതാണ്.

കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷി തന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒരു വെളുത്ത ഷൂവും പിടിച്ച് നിൽക്കുന്നതായിരുന്നു ചിത്രം. ചിത്രത്തിന്റെ കാപ്ക്ഷനും ‘ഷൂ ഷൂ’ എന്നാണ്. തൊട്ടുപിന്നാലെ തന്നെ നിരവധി കമന്റുകളും നിറഞ്ഞു.

2015ലെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. ചിത്രത്തിലെ പാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തില്‍ മീനാക്ഷി നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹന്‍ലാലിനൊപ്പമാണ് മീനാക്ഷി അഭിനയിച്ചത്. 17ഓളം ചിത്രങ്ങളില്‍ മീനാക്ഷി വേഷമിട്ടിട്ടുണ്ട്. നിലവില്‍ ഫ്ലവേഴ്സ് ചാനലിലെ ടോപ് സിങ്ങര്‍ എന്ന പരിപാടിയില്‍ ആങ്കറാണ് മീനാക്ഷി.

Next Story