Top

‘രഹസ്യം പുറത്തറിഞ്ഞാല്‍ എന്തുണ്ടാകുമെന്ന ടെന്‍ഷനാണ് റാണിക്ക്’; ദൃശ്യം മൂന്ന് എത്തിയേക്കുമെന്ന് മീന

റിപ്പോര്‍ട്ടര്‍ ടിവി എന്റര്‍ടെയ്ന്‍മെന്റ് എഡിറ്റര്‍ വി എസ് ഹൈദര്‍ അലി നടത്തിയ അഭിമുഖത്തിൽ ദൃശ്യത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയിരുന്നു താരം.

14 Feb 2021 1:46 AM GMT
വി.എസ് ഹൈദരലി

‘രഹസ്യം പുറത്തറിഞ്ഞാല്‍ എന്തുണ്ടാകുമെന്ന ടെന്‍ഷനാണ് റാണിക്ക്’; ദൃശ്യം മൂന്ന് എത്തിയേക്കുമെന്ന് മീന
X

ദൃശ്യം മൂന്നാം ഭാഗത്തിന് സാധ്യതുണ്ടെന്ന് നടി മീന. ദൃശ്യം ചെയ്യുമ്പോൾ അതിനൊരു തുടർച്ചയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ അത് സംഭവിച്ചു. അതുപോലെ മൂന്നാം ഭാഗത്തിനും സാധ്യതയുണ്ടെന്ന് മീന പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി എന്റര്‍ടെയ്ന്‍മെന്റ് എഡിറ്റര്‍ വി എസ് ഹൈദര്‍ അലി നടത്തിയ അഭിമുഖത്തിൽ ദൃശ്യത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയിരുന്നു താരം. മോഹൻലാലും മമ്മൂട്ടിയും മികച്ച അഭിനേതാക്കളാണെന്നും അതുകൊണ്ടാണ് ഇരുവരും സൂപ്പർ താരങ്ങളായിരിക്കുന്നതെന്നും മീന പറഞ്ഞു.

ദൃശ്യം ഒന്നാം ഭാഗം ചെയ്തപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ വന്നു. അതുപോലെ മൂനാം ഭാഗത്തിന് സാധ്യതയുണ്ട്. അത് സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ അപേക്ഷിച്ചിരിക്കും.

മീന

‘എന്റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണ്. രഹസ്യം എന്തെന്ന് ജോർജുകുട്ടിക്ക് മാത്രമേ അറിയൂ. എന്നാൽ ആ രഹസ്യം പുറത്തറിഞ്ഞാൽ എന്താകും എന്ന ടെൻഷൻ റാണിയ്ക്കുണ്ട്. ഇടയ്ക്കിടയ്ക്ക് ആ രഹസ്യത്തെപ്പറ്റി ജോർജുകുട്ടിയോട് ചോദിക്കുകയും ചെയ്യും’, മീന ദൃശ്യം 2ലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നു.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ച നടിയാണ് മീന. അവർ ഇരുവർക്കുമിടയിൽ തോന്നിയിട്ടുള്ള വ്യത്യാസങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ താരം പറയുന്നത് ഇങ്ങനെ ‘ലാലേട്ടനും മമ്മൂക്കയും വളരെ നല്ല അഭിനേതാക്കളാണ്. എത്ര പ്രയാസമുള്ള രംഗങ്ങളും നിസ്സാരമായി അഭിനയിക്കുന്നവർ. അവർക്കിടയിൽ അങ്ങനെ വ്യത്യാസങ്ങൾ ഒന്നും തോന്നിയിട്ടില്ല. അവർ രണ്ടുപേരും ഒരേ ക്വാളിറ്റിയുള്ളവരാണ്. അതുകൊണ്ടാണല്ലോ അവർ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറുമായി നിൽക്കുന്നത്’. ദൃശ്യം 2 തെലുങ്ക് റീമേക്ക് ഉടൻ ആരംഭിക്കുമെന്നും മീന പറയുന്നു.

കഴിഞ്ഞ ദിവസം മോഹൻലാലുമായി വി എസ് ഹൈദര്‍ അലി നടത്തിയ അഭിമുഖത്തിൽ ദൃശ്യം മൂനാം ഭാഗത്തെക്കുറിച്ച് സമാനമായ പ്രതികരണം മോഹൻലാൽ നടത്തിയിരുന്നു. അഭിമുഖത്തില്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ജയിലനകത്തായാലും അയാള്‍ സത്യം പറയണമെന്നില്ലല്ലോ എന്നാണ് മോഹന്‍ലാല്‍ മറുപടി പറയുന്നത്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാല്‍ സിനിമയുടെ ക്ലൈമാക്‌സ് ലീക്കാക്കിയെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

Next Story

Popular Stories