Top

എം സി ജോസഫൈന്റെ കസേര തെറിച്ചേക്കും? ശക്തമായ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്ന് സൂചന

24 Jun 2021 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം സി ജോസഫൈന്റെ കസേര തെറിച്ചേക്കും? ശക്തമായ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്ന് സൂചന
X


ഗാര്‍ഹിക പീഡന ഇരയ്‌ക്കെതിരെ തത്സമയ ടെലിവിഷന്‍ പരിപാടിയില്‍ ക്ഷുഭിതയായ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയ്‌ക്കെതിരെ സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. ഇതിനിടെ ഭരണകക്ഷിയുടെ അനുകൂലികള്‍ കൂടി തള്ളിപ്പറഞ്ഞതോടെ ആ മനുഷ്യത്വരഹിത പ്രതികരണത്തില്‍ ജോസഫൈന്റെ അധ്യക്ഷ കസേര ആടിയുലയുകയാണ്.

എന്നാല്‍ ഇതാദ്യമായല്ല, ഇതിനുമുന്‍പും സമാനമായ പല പരാമര്‍ശങ്ങളും എംസി ജോസഫൈനില്‍ നിന്ന് ഉണ്ടായിട്ടുണ്ട് എന്നതും വിമര്‍ശനങ്ങള്‍ കടുക്കാന്‍ കാരണമാവുന്നു.

സിപിഐഎം നേതാവും മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടി യുവജനസംഘടനയിലെ പെണ്‍കുട്ടി ലൈംഗീക പീഡന പരാതി ഉയര്‍ത്തിയപ്പോള്‍ സ്വന്തമായി കോടതിയും പൊലീസുമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പറഞ്ഞ് പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയ വ്യക്തിയാണ് എം സി ജോസഫൈന്‍. കൂടാതെ സമാനമായ പല വിവാദ പരാമര്‍ശങ്ങളെയും ന്യായീകരിക്കാനും ജോസഫൈന്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചു. പരാതി പറയാന്‍ വിളിച്ച വയോധികയെ 'തള്ള' എന്ന് വിശേഷിപ്പിച്ചപ്പോള്‍ ആ വിവാദവും വീണ്ടും സിപിഐഎമ്മിനെ ഉലച്ചു. ഇത്തവണ വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാമെന്നായിരുന്നു അവകാശവാദം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ഘട്ടങ്ങളിലെല്ലാം അര്‍ദ്ധ നിശബ്ദമായിരുന്ന പാര്‍ട്ടി സംവിധാനം കമ്മീഷന്‍ പ്രവര്‍ത്തനത്തെ തള്ളാതെയും സംരക്ഷിക്കാതെയുമാണ് പ്രതികരിച്ചത്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിന്നെല്ലാം തടിയൂരാന്‍ ഈ നിലപാട് ജോസഫൈനെ ഒരു പരിധിവരെ സഹായിച്ചു.

എന്നാല്‍ ഇത്തവണ സാഹചര്യം വ്യത്യസ്ഥമാണ്. പുതിയ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പഴയ ന്യായങ്ങളൊന്നും ജോസഫൈനെ സഹായിച്ചേക്കില്ല. വിഷയത്തില്‍ ഇതുവരെ പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല. പികെ ശ്രീമതി മാത്രമാണ് പ്രതികരിച്ചത്. മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ജോസഫൈന്‍ വിശദീകരിക്കണം എന്നായിരുന്നു പരാമര്‍ശം. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണം. പരാതിക്കാരോട് നല്ല നിലയില്‍ പെരുമാറണം എന്നതാണ് നിലപാടെന്നും പി കെ ശ്രീമതി വ്യക്തമാക്കുന്നു. ജോസഫൈനെ സംരക്ഷിക്കാന്‍ തയ്യാറല്ല എന്ന സൂചന ഈ പ്രതികരണത്തില്‍ വ്യക്തമാണ്.

ഘടക കക്ഷിയായ സിപിഐയുടെ യുവജന സംഘടനയും രൂക്ഷമായി തന്നെ വിമര്‍ശിച്ചു കഴിഞ്ഞു. മുന്നണി സംവിധാനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയെ സംരക്ഷിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്ന സൂചന കൂടിയാണ് എഐഎസ്എഫ് നിലപാട് നല്‍കുന്നത്. ജോസഫൈന്‍ കേരളീയ സമൂഹത്തിന് തന്നെ അപമാനമാണെന്ന് എഐഎസ്എഫ് തുറന്നടിക്കുന്നു. സിപിഐ നേതൃത്വം ഈ നിലപാട് തിരുത്തുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

എന്നാല്‍ പാര്‍ട്ടി, മുന്നണി നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു തീരുമാനം എന്ന ധാരണ ഉണ്ടാകാതെ തന്നെ ജോസഫൈനെ പുറത്താക്കിയേക്കുമെന്നാണ് സൂചനകള്‍. സ്ത്രീധന പീഡന വിവാദങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം സ്ത്രീപക്ഷ നിലപാടുകളോട് എറെ അടുത്ത് നില്‍ക്കുന്നതായിരുന്നു. അത് തന്നെയായിരിക്കണമല്ലോ സര്‍ക്കാരിന്റെയും നിലപാട്. അതുകൊണ്ട് തന്നെ വനിതാ കമ്മീഷന്‍ അധ്യക്ഷയോട് അനുകൂലമായ ഒരു നിലപാട് ഉണ്ടാവില്ലെന്ന് വ്യക്തം. ഈ പശ്ചാത്തലത്തില്‍ ഇനി മുഖ്യമന്ത്രിയുടെ തീരുമാനം മാത്രമായിരിക്കും ജോസഫൈനിന്റെ അധ്യക്ഷ സ്ഥാനത്തെ കാലാവധി തീരുമാനിക്കുക.

നടപടിയുണ്ടായില്ലെങ്കില്‍ പുതുമോടി തീരാത്ത സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ അത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ജോസഫൈനെ സംരക്ഷിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്‌തേക്കുമെന്ന് സിപിഐഎമ്മിന് ബോധ്യം ഇല്ലാതിരിക്കില്ല. ശൈലജ ടീച്ചറെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ ന്യായീകരിച്ചത് പോലെ ഒരു പിന്തുണ ജോസഫൈന് ലഭിക്കില്ലെന്നും വ്യക്തമാണ്. ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിഷേധവും ഇതിന് ഉദാഹരണമാണ്. കൂടാതെ പുനസംഘടന, പുതുമുഖങ്ങള്‍, മാറ്റം തുടങ്ങി ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന വാക്കുകളെല്ലാം രണ്ടാം പിണറായി സര്‍ക്കാരിന് നീക്കത്തില്‍ ഉപകരിക്കുകയും ചെയ്യും.

Also Read: എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു; സിപിഎമ്മിനും അതൃപ്തി

Next Story

Popular Stories