കാറില്ല; റോഡില്ല, തെരുവുകളില്ല, സൗദിയില്‍ വരുന്നത് ഹൈപ്പര്‍ കണക്ടറ്റഡ് സിറ്റി; വീഡിയോ

കാറുകളോ കാര്‍ബണ്‍ മാലിന്യങ്ങളോ തെരവുകളോ ഇല്ലാത്ത നഗര നിര്‍മാണ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 170 കിലോമീറ്റര്‍ ദൂരത്തില്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് ലൈന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൗദി വിഷന്‍ 2030 ലെ പ്രധാന പദ്ധതിയായ നിയോം നഗരത്തിന്റെ ഭാഗമാണ് പുതിയ പദ്ധതിയും.

ഈ വര്‍ഷം ആദ്യപാദത്തില്‍ നിര്‍മാണം തുടങ്ങുമെന്നാണ് എംബിസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ബണ്‍ മാലിന്യത്തെ അവഗണിക്കാനായി ഭാവിയില്‍ ലോകത്തിലെ വിവിധ നഗരങ്ങള്‍ ഈ മോഡലിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒരു നഗരത്തെ ഡിജിറ്റല്‍ ടെക്‌നോളജികളിലൂടെ ഹൈപര്‍ കണക്ട് ബെല്‍റ്റ് നഗരമായിരിക്കും ഇത്. പ്രകൃതിയോടിണങ്ങിയായിരിക്കും ഈ നഗരത്തിന്റെ രൂപ കല്‍പ്പന. റോഡുകളോ കാറുകളോ നഗരത്തില്‍ ഉണ്ടാവില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യ ഉപയോഗിച്ച് നഗരത്തിലെ 170 കിലോ മീറ്റര്‍ ദൂരപരിധിയിലുള്ള കമ്മ്യൂണിറ്റികളെ പരസ്പരം കണക്ട് ചെയ്യും. അഞ്ചു മിനുട്ട് നടന്നാല്‍ ആവശ്യമുള്ള സാധനം കിട്ടും. റോഡുകളില്ലാത്ത നഗരത്തിലെ ഒരു യാത്രയും 20 മിനുട്ടില്‍ കൂടുതലെടുക്കില്ല. അള്‍ട്രാ ഹൈ സ്പീഡ് ട്രാന്‍സിറ്റുകളും ഓട്ടോനോമസ് മൊബിലിറ്റി സൊല്യൂഷനും ഇതിനായി ഉപയോഗിക്കുന്നു.

2030 ഓടോ പുതിയ നഗരം 380,000 ജോലിസാധ്യതകള്‍ തുറന്നിടുകയും 48 ബില്യണ്‍ ഡോളര്‍ സൗദി ജിഡിപിയിലേക്ക് കൊണ്ടുവരുമെന്നും സൗദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എംബിഎസ് പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ലെ ഏറ്റവും പ്രധാന പദ്ധതിയാണ് നിയോം നഗരം. 500 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് നഗരം ഒരുങ്ങുന്നത്. വികസനത്തിനു വേണ്ടി പ്രകൃതിയെ മലിനമാക്കേണ്ട ആവശ്യമില്ലെന്നാണ് ലൈന്‍ പദ്ധതി പ്രഖ്യാപന വേളയില്‍ എംബിഎസ് പറഞ്ഞത്.

Latest News