Top

നിലപാടുകള്‍ മാറ്റിമാറ്റി എംബാപ്പെ; പി.എസ്.ജിയില്‍ തുടരുമെന്ന് ഉറപ്പില്ലെന്ന്, റയല്‍ മാഡ്രിഡിനു വീണ്ടും പ്രതീക്ഷ

തന്റെ ക്ലബ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ആഴ്ചതോറും നിലപാട് മാറ്റി കുഴപ്പിക്കുകയാണ് ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് ലീഗ് ക്ലബ് പി.എസ്.ജിയില്‍ താന്‍ സന്തുഷ്ടനാണെന്നും ക്ലബ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയ എംബാപ്പെയ്ക്ക് ഇപ്പോള്‍ മനംമാറ്റം. നിലവില്‍ താന്‍ സന്തുഷ്ടനാണെങ്കിലും മറ്റെവിടെയെങ്കിലും ഇതിനേക്കാള്‍ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ പറ്റുമോയെന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ടെന്നാണ് എംബാപ്പെ ഇന്നലെ പറഞ്ഞത്. നിലവില്‍ യൂറോ കപ്പ് ഫുട്‌ബോളിനായി ഫ്രാന്‍സ് ടീമിനൊപ്പമാണ് എംബാപ്പെ. പരിശീലന ക്യാമ്പിനിടെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. […]

12 Jun 2021 3:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിലപാടുകള്‍ മാറ്റിമാറ്റി എംബാപ്പെ; പി.എസ്.ജിയില്‍ തുടരുമെന്ന് ഉറപ്പില്ലെന്ന്, റയല്‍ മാഡ്രിഡിനു വീണ്ടും പ്രതീക്ഷ
X

തന്റെ ക്ലബ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ആഴ്ചതോറും നിലപാട് മാറ്റി കുഴപ്പിക്കുകയാണ് ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് ലീഗ് ക്ലബ് പി.എസ്.ജിയില്‍ താന്‍ സന്തുഷ്ടനാണെന്നും ക്ലബ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയ എംബാപ്പെയ്ക്ക് ഇപ്പോള്‍ മനംമാറ്റം.

നിലവില്‍ താന്‍ സന്തുഷ്ടനാണെങ്കിലും മറ്റെവിടെയെങ്കിലും ഇതിനേക്കാള്‍ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ പറ്റുമോയെന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ടെന്നാണ് എംബാപ്പെ ഇന്നലെ പറഞ്ഞത്. നിലവില്‍ യൂറോ കപ്പ് ഫുട്‌ബോളിനായി ഫ്രാന്‍സ് ടീമിനൊപ്പമാണ് എംബാപ്പെ.

പരിശീലന ക്യാമ്പിനിടെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിനു വേണ്ടി കഴിഞ്ഞ സീസണ്‍ മുതല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് പിന്നാലെയുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരക്കരനായി എംബാപ്പെയെ മാഡ്രിഡില്‍ എത്തിക്കാനാണ് റയല്‍ നോട്ടമിടുന്നത്.

എന്നാല്‍ പണം വാരിയെറിഞ്ഞു സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടാത്ത പി.എസ്.ജിക്ക് താരത്തെ വിട്ടുനല്‍കാന്‍ തീരെ താല്‍പര്യമില്ല. എംബാപ്പെ എക്കാലവും പി.എസ്.ജിക്കൊപ്പം തുടരുമെന്നും വേണ്ടുന്നതെല്ലാം എംബാപ്പെക്ക് പി.എസ്.ജിയില്‍ കിട്ടുന്നുണ്ടെന്നുമാണ് ക്ലബ് പറയുന്നത്.

നിലവില്‍ എംബാപ്പെ, നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങി വമ്പന്‍ താരനിരയാണ് പി.എസ്.ജിയുടേത്. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ലക്ഷ്യമിട്ടാണ് അവര്‍ ടീം കെട്ടിപ്പടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും പി.എസ്.ജിക്ക് ആ ലക്ഷ്യത്തിലേക്ക് എത്താനായിരുന്നില്ല.

ഇപ്പോള്‍ ഈ താരനിരയ്ക്കു പുറമേ ലക്ഷ്യ സാധൂകരണത്തിനായി ഇറ്റലിയില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയോ സ്‌പെയിനില്‍ നിന്ന് ലയണല്‍ മെസിയെയോ കൊണ്ടുവരാനും പി.എസ്.ജി. നീക്കം നടത്തുന്നുണ്ട്. ഇരു താരങ്ങള്‍ക്കും ആകര്‍ഷകമായ കരാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ എംബാപ്പെയുടെ നിലപാട് മാറ്റം കൂടുതല്‍ ആകര്‍ഷകമായ കരാര്‍ ലഭ്യമാക്കാനാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അതേസമയം താരത്തിന്റെ ഈ വാക്കുകള്‍ റയലിന് ആഹ്‌ളാദം പകരുകയാണ്. എന്തു വിലകൊടുത്തും താരത്തെ ടീമില്‍ എത്തിക്കുമെന്നു നേരത്തെ തന്നെ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ച എംബാപ്പെ ഫ്രാന്‍സ് വിടില്ലെന്ന് അറത്തുമുറിച്ചു പറഞ്ഞതോടെ റയലിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞതാണ്. എംബാപ്പെയ്ക്കു പകരം മറ്റൊരു താരത്തെ നോക്കാമെന്ന ആലോചനകള്‍ക്കിടെയാണ് ഫ്രഞ്ച് താരം വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്.

Next Story

Popular Stories