Top

‘പാരിതോഷികത്തിന്റെ പകുതി ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും’; മയൂര്‍ ഷെല്‍ക്ക വീണ്ടും മാതൃകയാകുന്നു

സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അടക്കമുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും വീഡിയോ വൈറലാവുകയും ചെയ്തു

24 April 2021 1:11 AM GMT

‘പാരിതോഷികത്തിന്റെ പകുതി ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും’; മയൂര്‍ ഷെല്‍ക്ക വീണ്ടും മാതൃകയാകുന്നു
X

മുംബൈ: റെയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞിനെ ട്രാക്കിലിറങ്ങി രക്ഷിച്ച സംഭവത്തിലെ അഭിനന്ദന പ്രവാഹം അവസാനിക്കും മുന്‍പേ വീണ്ടും മാതൃകയായി മയൂര്‍ ഷെല്‍ക്ക. റെയില്‍വേ അദ്ദേഹത്തിന് പ്രഖ്യാപിച്ച അമ്പതിനായിരം രൂപ സമ്മാനത്തുകയുടെ പകുതി താന്‍ രക്ഷിച്ച കുട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മയൂര്‍ വീണ്ടും കൈയ്യടിനേടുന്നത്.

തനിക്ക് ലഭിച്ച പാരിതോഷികത്തിന്റെ പകുതി ആ കുഞ്ഞിന്റെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി നല്‍കുമെന്നും കുഞ്ഞിന്റെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെന്ന് കണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മയൂര്‍ ഷെല്‍ക്ക പറയുന്നു. ആ കുഞ്ഞിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ചെക്കായോ പണമായോ നല്‍കിയാല്‍ ഈ പ്രതിസന്ധിക്കാലത്ത് അവരെപ്പോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സാധിക്കുമെന്നും മയൂര്‍ എഎന്‍ഐയോട് പറഞ്ഞു.

ഏപ്രില്‍ 17-ന് മുംബൈയിലെ വങ്കാനി റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. കാഴ്ച പരിമിതിയുള്ള അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിനടുത്തേക്ക് നീങ്ങുകയും ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ മയൂര്‍ കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഈ സമയം അതേ ട്രാക്കിലൂടെ ട്രയിന്‍ വരുന്നുണ്ടായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അടക്കമുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും വീഡിയോ വൈറലാവുകയും ചെയ്തു. ശേഷം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് മയൂരിനെ തേടി അഭിനന്ദനങ്ങളും സമ്മാനങ്ങളുമെത്തുന്നത്. അഞ്ചു വര്‍ഷമായി വങ്കാനി റെയില്‍വേ സ്‌റ്റേഷനിലെ പോയിന്റ്‌സ്മാനാണ് മയൂര്‍ ഷെല്‍ക്ക.

Also Read: ‘ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ കേട്ട് നില്‍ക്കില്ല’; സ്വന്തം ആങ്ങളക്കൊപ്പം നിന്ന് പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം

Next Story