Top

കേരള ജനതയ്ക്ക് വെറുക്കപ്പെട്ട പാര്‍ട്ടിയേതെന്ന സര്‍വ്വേഫലം; മാപ്പ് ചോദിച്ച് മാതൃഭൂമി ന്യൂസ്

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയേതെന്നെ സര്‍വ്വേ ഫലം പുറത്തുവിട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്. ‘വെറുക്കപ്പെട്ട പാര്‍ട്ടി’ ഏതെന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുകയാണെന്നും മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ന്യൂസ് ചീഫിന്റെ പ്രതികരണം വാര്‍ത്താ ബുള്ളറ്റിനിടെ പ്രക്ഷേപണം ചെയ്യുകയും വീഡിയോ ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമി ന്യൂസിന്റെ പ്രതികരണം “മാതൃഭൂമി ന്യൂസും സീ വോട്ടറും ചേര്‍ന്ന് ഇന്നലെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ‘കേരളത്തിലെ […]

20 March 2021 3:58 AM GMT

കേരള ജനതയ്ക്ക് വെറുക്കപ്പെട്ട പാര്‍ട്ടിയേതെന്ന സര്‍വ്വേഫലം; മാപ്പ് ചോദിച്ച് മാതൃഭൂമി ന്യൂസ്
X

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയേതെന്നെ സര്‍വ്വേ ഫലം പുറത്തുവിട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ന്യൂസ്. ‘വെറുക്കപ്പെട്ട പാര്‍ട്ടി’ ഏതെന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുകയാണെന്നും മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ന്യൂസ് ചീഫിന്റെ പ്രതികരണം വാര്‍ത്താ ബുള്ളറ്റിനിടെ പ്രക്ഷേപണം ചെയ്യുകയും വീഡിയോ ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മാതൃഭൂമി ന്യൂസിന്റെ പ്രതികരണം

“മാതൃഭൂമി ന്യൂസും സീ വോട്ടറും ചേര്‍ന്ന് ഇന്നലെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ‘കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ഏത്’ എന്നൊരു ചോദ്യമുണ്ടായിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യമുണ്ടായ നിമിഷം തന്നെ ഞാനത് തിരുത്തുകയും ചെയ്തു. എന്നാലും അത് തീര്‍ച്ചയായും ഒരു ജാഗ്രതക്കുറവ് തന്നെയാണ്. ഈ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും എന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയായതിനാല്‍ ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.”

മാതൃഭൂമിയും സീ വോട്ടറും ചേര്‍ന്ന് നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ ‘കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ഏത്’ എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരുന്നു. കേരളജനത ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചു. 34.3 ശതമാനം പേരാണ് ബിജെപി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയത്. ഒരു പാര്‍ട്ടിയോടും വെറുപ്പില്ല എന്ന് 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സിപിഐഎം 11.8%, മുസ്ലിം ലീഗ് 9.1%, കോണ്‍ഗ്രസ് 8%, ആരോടും വെറുപ്പില്ല-27% എന്നിങ്ങനെയാണ് ഈ ചോദ്യത്തോട് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കും വ്യക്തിപ്രഭാവത്തിനും കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം തീരെക്കുറവെന്നും സര്‍വ്വേ കണ്ടെത്തി. മോദി ഫാക്ടര്‍ അത്ര വലുതല്ലെന്ന് ചൂണ്ടിക്കാട്ടിയ സര്‍വ്വേ റിസല്‍റ്റ്, വോട്ടിംഗിനെ നിര്‍ണ്ണയിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെട്ട മോഡി ഫാക്ടറിന് അനുകൂലമായി വോട്ടുചെയ്തത് വെറും 2.6 ശതമാനം ആളുകള്‍ മാത്രമാണെന്ന് വ്യക്തമാക്കി.

പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് മാതൃഭൂമി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് 75 മുതല്‍ 83 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ ഫലം. യുഡിഎഫ് 56 മുതല്‍ 64 വരെ സീറ്റുകള്‍ നേടും. എന്‍ഡിഎ പൂജ്യമോ പരമാവധി രണ്ട് സീറ്റുകളോ നേടിയേക്കും. എല്‍ഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സര്‍വ്വേ ഫല ശരാശരി. എല്‍ഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എന്‍ഡിഎക്ക് 16.6 ശതമാനം വോട്ടുകളുമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

Also Read: കേരള ജനത ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപി; മാതൃഭൂമി-സീ വോട്ടര്‍ സര്‍വ്വേ ഫലം

Next Story