‘ഒരു മുണ്ടും മേല്‍മുണ്ടും ഉടുത്ത് മരക്കാര്‍ വന്നുനിന്നാല്‍ മലയാളികള്‍ അംഗീകരിച്ചേക്കും, മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ക്ക് രസിച്ചെന്നു വരില്ല’; കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പാന്‍ ഇന്ത്യന്‍ സിനിമയാണെന്നും അതിനാല്‍ തന്നെ മറ്റു ഭാഷകളിലെ പ്രേക്ഷകരെ കൂടെ കണക്കിലെടുത്താണ് വസ്ത്രാലങ്കാരം നടത്തിയതെന്നും ദേശിയ പുരസ്‌കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്‍. എട്ടു മാസത്തോളം ചിത്രത്തിനായി മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് സുജിതിന്റെ പ്രതികരണം.

മരക്കാര്‍ മലയാളിയാണ്. പക്ഷേ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ഒരു മുണ്ടും മേല്‍മുണ്ടും ഉടുത്ത് മരക്കാര്‍ വന്നുനിന്നാല്‍ അതില്‍ ഗാംഭീര്യം ഉണ്ടാവില്ല. ഒരുപക്ഷേ മലയാളികള്‍ അംഗീകരിച്ചേക്കും, മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ക്ക് രസിച്ചെന്നു വരില്ല.

സുജിത് സുധാകരന്‍

മരക്കാര്‍ യാഥാര്‍ഥ്യത്തിനും ഫാന്റസിക്കും ഇടയില്‍ നില്‍ക്കുന്ന കഥാപാത്രമാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ഒരു കഥാപാത്രത്തിനായി വസ്ത്രാലങ്കാരം നടത്തുക എന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നുവെന്ന് സുജിത് പറഞ്ഞു.

എട്ടു മാസത്തോളം റിസര്‍ച്ച് നടത്തിയെന്നും മൂന്നു നാല് തവണ കോസ്റ്റ്യൂം റീവര്‍ക്ക് ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ‘ആഭരണവും ചെരിപ്പും ഉള്‍പടെയുള്ളവയ്ക്കുള്ള മെറ്റീരിയല്‍സ് ഹൈദരാബാദില്‍ നിന്ന് വാങ്ങി ആളുകളെ വരുത്തി ചെയ്യിപ്പിച്ചതാണ്. വസ്ത്രങ്ങളൊരുക്കാന്‍ ഡൈയിങ്ങ് പഠിച്ചു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം ഫാന്റസി ലൂക്കായിരിക്കുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

മരക്കാറിലൂടെ ദേശിയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Covid 19 updates

Latest News