Top

വസ്ത്രവും ഭക്ഷണവും എത്തിക്കലാണ് ക്രിസ്തുമസ്, അതാണ് സര്‍ക്കാര്‍ കിറ്റ്, കാലിത്തൊഴുത്തില്‍ ജനിച്ചവനായി വീടില്ലാത്തവരെ ചേര്‍ത്തുനിര്‍ത്തുന്നത് ലൈഫ് പദ്ധതി: മാര്‍ കൂറിലോസ്

ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് കര്‍ഷകപ്രക്ഷോഭമെന്നും മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു. അന്നം തരുന്ന കൈകളെയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

21 Dec 2020 10:09 PM GMT

വസ്ത്രവും ഭക്ഷണവും എത്തിക്കലാണ് ക്രിസ്തുമസ്, അതാണ് സര്‍ക്കാര്‍ കിറ്റ്, കാലിത്തൊഴുത്തില്‍ ജനിച്ചവനായി വീടില്ലാത്തവരെ ചേര്‍ത്തുനിര്‍ത്തുന്നത് ലൈഫ് പദ്ധതി: മാര്‍ കൂറിലോസ്
X

ക്രിസ്തുമസ് ദിനം പകരുന്ന സന്ദേശങ്ങളാണ് സര്‍ക്കാര്‍ വികസന പദ്ധതികളിലൂടെ നടപ്പിലാക്കുന്നതെന്ന് വിശദീകരിച്ച് യോക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ക്രിസ്തുവിനെ ലോകത്തിന് പങ്കിട്ടുകൊടുത്തതാണ് ക്രിസ്തുമസെന്നും ഇത്തരത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും വസ്ത്രവും എത്തിക്കുന്ന സര്‍ക്കാരിന്റെ കിറ്റാണ് ക്രിസ്തുമസെന്നും അദ്ദേഹം പറഞ്ഞു. ജനിക്കാന്‍ ഒരു സത്രം പോലും കിട്ടാതിരുന്ന ഭവനരഹിതനായ ക്രിസ്തുവിനായി ഭവനരഹിതരെ ചേര്‍ത്തുനിര്‍ത്തുന്ന ലൈഫ് പദ്ധതിയും മഹത്തായ ക്രിസ്തുമസ് സന്ദേശം പകരുന്നതായി അദ്ദേഹം പറയുന്നു. ഈ പദ്ധതിയെ തകര്‍ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപ്പത്രത്തിലൂടെയായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.

പാവങ്ങളെ സഹായിച്ച ജനകീയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി മാധ്യമങ്ങളും മൂലധനശക്തികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും മാര്‍ കൂറിലോസ് കുറ്റപ്പെടുത്തി. ഇവരെല്ലാം മനപ്പൂര്‍വ്വമായി വിവാദ പരമ്പരകള്‍ സൃഷ്ടിച്ചിട്ടൊടുവില്‍ മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ തെളിവിന്റെ ഒരംശം പോലും കണ്ടെത്താനായില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളീയര്‍ സംസ്‌ക്കാരസമ്പന്നരാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരിലേക്ക് ഏകീകരിക്കണമെന്നതാണ് കൊവിഡ് മഹാമാരി നമ്മുക്ക് പകര്‍ന്നു നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് കര്‍ഷകപ്രക്ഷോഭമെന്നും മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു. അന്നം തരുന്ന കൈകളെയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Next Story