Top

വിദ്വേഷം, വിചാരണ, അധിക്ഷേപം; 2020 ലെ മാധ്യമ അത്യാചാരങ്ങള്‍

31 Dec 2020 10:48 AM GMT
മനു സെബാസ്റ്റ്യൻ

വിദ്വേഷം, വിചാരണ, അധിക്ഷേപം; 2020 ലെ മാധ്യമ അത്യാചാരങ്ങള്‍
X

ഈ വര്‍ഷം ഏപ്രിലില്‍, രാജ്യം കൊവിഡ് പ്രതിന്ധിയിലും ലോക്ഡൗണിലും പെട്ട് ഉത്കണ്ഠാകുലരായിരുന്നപ്പോള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കത് വര്‍ഗീയത പ്രചരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമായാണ് അനുഭവപ്പെട്ടത്. മാര്‍ച്ച് അവസാനത്തോടെ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ 1500 ഓളം പേരടങ്ങുന്ന തബ്ലീഗി ജമാഅത്ത് അനുയായികള്‍ ഒരു മതസമ്മേളനം നടത്തി. കൊവിഡ് സമയത്ത് ഒരു വലിയ കൂട്ടം മതസമ്മേളനം നടത്തിയത് നിരുത്തരവാദിത്വമാണെന്നത് നിഷേധിക്കാവുന്നതല്ല. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊവിഡ് പൊസിറ്റീവായതോടെ (അതിലധികവും വിദേശികള്‍) ചിന്താശൂന്യമായ പ്രവൃത്തിയെച്ചൊല്ലി വ്യാപക വിമര്‍ശനത്തിനാണ് തബ്ലീഗി ജമാഅത്ത് സമ്മേളനം വിധേയമായത്.

എന്നാല്‍ ഈ അവസരം ഏറ്റെടുത്ത മുന്‍നിര മാധ്യമങ്ങളില്‍ ചിലത് ഇതിനെ വര്‍ഗ്ഗീയ വികാരങ്ങളില്‍ ഊന്നിയുള്ള വിദ്വേഷ പ്രചാരണത്തിന് അവസരമാക്കി. പ്രൈംടൈം ചര്‍ച്ചകളുടെ ഉള്ളടക്കങ്ങള്‍ മുസ്ലിം സമുദായത്തെ ഒന്നാകെ തന്നെ കുറ്റപ്പെടുത്തി. അവിടെയും അവസാനിപ്പിക്കാതെ ഇന്ത്യയില്‍ കൊവിഡ് വ്യാപിപ്പിക്കാനുള്ള പദ്ധതിയായി സംഭവത്തെ അവതരിപ്പിക്കുന്ന കാമ്പയിന്‍ തന്നെ ആരംഭിച്ചു.. ചുരുക്കത്തില്‍ സമ്മേളനം ഒരുതരം ഇസ്ലാമിക കലാപമോ ജിഹാദോ ആയി പ്രചരിപ്പിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ച് ഹാഷ്ടാഗുകളും മറ്റ് ചിത്രീകരണങ്ങളും നടത്തപ്പെട്ടു. ചില മാധ്യമങ്ങള്‍ തബ്ലീഗി അംഗങ്ങള്‍ അവരെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിക്കുന്നു എന്നുവരെ വാര്‍ത്തകള്‍ നല്‍കി.

വിവേചനശേഷിയുള്ളവരെ സംബന്ധിച്ച് ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നത് വ്യക്തമായിരുന്നു. എട്ടുമാസങ്ങള്‍ക്കിപ്പുറം ആ റിപ്പോര്‍ട്ടുകളെ തള്ളുന്നതും അവയ്ക്കുപിന്നിലെ വര്‍ഗീയസ്വഭാവം വ്യക്തമാക്കുന്നതുമായ ഒരുപിടി കോടതി ഉത്തരവുകളുണ്ട് നമ്മുടെ പക്കല്‍.

ഓഗസ്റ്റില്‍ തബ്ലീഗി ജമാഅത്തിലെ വിദേശികള്‍ക്കെതിരായ എഫ്‌ഐആറുകളും ചാര്‍ജ്ഷീറ്റുകളും തള്ളിയ ബോംബെ ഹൈക്കോടതി മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിനെതിരെ ഗുരുതരവിമര്‍ശനം നടത്തി.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ കാരണക്കാര്‍ ദില്ലി മര്‍ക്കസിലെത്തിയ വിദേശികളാണെന്ന തരത്തിലൊരു ചിത്രം സൃഷ്ടിക്കാന്‍ അച്ചടി – ഇലക്ട്രോറിണിക് മാധ്യമങ്ങളുടെ ഭാഗത്തുനുന്ന് വലിയ പ്രചാണമാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആ വിദേശികള്‍ക്കെതിരെ വിര്‍ച്വല്‍ വേട്ടയാടല്‍ നടന്നു എന്നും പറഞ്ഞു.

അവര്‍ക്കെതിരെ കുറ്റകൃത്യങ്ങളൊന്നും നടന്നില്ലെങ്കില്‍ തന്നെയും മതസമ്മേളനത്തിനതിരായ പ്രചാരണം അനാവശ്യമായിരുന്നെന്ന് വസ്തുതകള്‍ കാണിക്കുന്നതായി കോടതി നിരീക്ഷിച്ചു.

യഥാര്‍ഥത്തില്‍ അവര്‍ ബലിമൃഗങ്ങളാക്കപ്പെടുകയായിരുന്നെന്നും അന്നത്തെ ഇന്ത്യയിലെ കൊവിഡ് 19 കേസുകളനുസരിച്ച് തബ്ലീഗി ജമാഅത്തിനെതിരായ നടപടി അനാവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മുംബൈ, ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ കോടതികളും ക്രിമിനല്‍ നടപടികളെടുക്കാന്‍ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി തബ്ലീഗി അംഗങ്ങളെ കുറ്റവിമുക്തരാക്കി. ഒരു കേസില്‍ ഡല്‍ഹിയിലെ ഒരു കോടതി തബ്ലീഗി വിദേശികള്‍ക്കെതിരെ വിദ്വേഷപരമായ വിചാരണ നടന്നിരിക്കാമെന്ന് നിരീക്ഷിച്ചു.

നിര്‍ലജ്ജമായ ഈ പ്രചാരണത്തില്‍ ഏര്‍പ്പെട്ട മാധ്യമ സ്ഥാപനങ്ങള്‍ ഇതുവരെ ഒരു നടപടിയും അഭിമുഖീകരിച്ചിട്ടില്ലെങ്കിലും, തബ്ലീഗി ജമാഅത്ത് വിഷയം 2020ലെ മാധ്യമ അതിരുകടക്കലുകളെ തുറന്നുകാട്ടിയ സംഭവങ്ങളിലൊന്നായി മാറി.

Coronavirus in Delhi: With 51 new COVID-19 cases, tally rises to 576; death  toll at 9 | India News – India TV

സുശാന്ത് സിംഗ് രജ്പുത് കേസിലെ മാധ്യമ വിചാരണ

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ സുശാന്ത് സിംഗ് രജ്പുതിനെ ജൂണ്‍ 21 ന് മുംബൈ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ സ്വബോധമുള്ള ആരും തന്നെ സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല അത് നിര്‍ദ്ദയമായ ഒരു മാധ്യമ വിചാരണയ്ക്ക് തുടക്കം കുറിക്കുമെന്ന്‌.

നമ്മള്‍ അക്കാലയളവില്‍ സാക്ഷ്യം വഹിച്ചത് തീര്‍ത്തും നിന്ദ്യവും അസംബന്ധവും അതേസമയം ചിരിയുണര്‍ത്തുന്നതുമായ വാര്‍ത്താ പരമ്പരകള്‍ക്കായിരുന്നു. സുശാന്തിന്റെ മുന്‍ പങ്കാളി റിയ ചക്രവര്‍ത്തിയാണ് നടന്റെ മരണത്തിന് കാരണക്കാരി എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്ത്രീവിരുദ്ധത നിറഞ്ഞുനിന്ന ആ റിപ്പോര്‍ട്ടുകള്‍ നിയമനടപടികളെ വകവെച്ചേയില്ല.

മാധ്യമങ്ങളുടെ വിവരണത്തെ അനുകൂലിച്ചെന്നപോലെ സുപ്രിംകോടതി കേസ് സിബിഐക്ക് വിട്ടു. മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ യാതൊരുവിധ പിഴവും ആരോപിക്കാതെയായിരുന്നു ആ വിധി പ്രഖ്യാപിക്കപ്പെട്ടത്.

റിയ ചക്രവര്‍ത്തിക്കെതിരെ കൊലപാതകകുറ്റവും വഞ്ചനാകുറ്റവും ചാര്‍ത്തിയുള്ള സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണങ്ങള്‍ വഴിയിലുടക്കി നിന്നപ്പോള്‍ മയക്കുമരുന്ന് കേസില്‍ റിയയെ അറസ്റ്റുചെയ്ത നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ആള്‍ക്കൂട്ട ഭ്രാന്തിനെ തൃപ്തിപ്പെടുത്തിയത്. കഞ്ചാവ് ഉപയോഗത്തിന് സുശാന്തിന് പണം കൊടുക്കുകവഴി റിയ മയക്കുമരുന്ന് ട്രാഫിക്കിംഗിന് സഹായിച്ചുവെന്നും സുശാന്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അധികാരികളെ അറിയിക്കാതിരുന്നതുവഴി കുറ്റവാളിക്ക് അഭയം നല്‍കിയെന്നുമാണ്‌ എന്‍സിബി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അതുവഴി റിയ 27എ എന്‍ഡിപിഎസ് ആക്ടിന്‌ കീഴില്‍ ജാമ്യമില്ലാ കുറ്റം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും അദ്ദേഹം വാദിച്ചു. എന്നാലിവ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ തള്ളിയ ബോംബെ ഹൈക്കോടതി യഥാര്‍ഥത്തില്‍ കുറ്റവാളിയായ സുശാന്തിന് തന്നെ ചെറിയ പിഴയോടെ രക്ഷപ്പെടാവുന്ന കേസില്‍ റിയയ്‌ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്തുന്നത്‌ പരിഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഡീലര്‍മാരുടെ ഭാഗമല്ല എന്നുകണ്ട്‌ കോടതി ജാമ്യമനുവദിച്ചെങ്കിലും അപ്പോഴേക്കും ഒരു മാസത്തോളം റിയ ചക്രവര്‍ത്തിക്ക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നിരുന്നു.

അതേസമയം കേസുസംബന്ധിച്ച് നടക്കുന്ന മാധ്യവ വിചാരണകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പൊതു താല്‍പര്യ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് ക്രിമിനല്‍ കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ചില നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തി:

നിങ്ങള്‍ തന്നെ അന്വേഷകനും അഭിഭാഷകനും ന്യായാധിപനുമായാല്‍ പിന്നെ ഞങ്ങളെക്കൊണ്ടുള്ള ഉപയോഗമെന്താണ്, എന്തിനാണ് ഞങ്ങള്‍ ഇവിടെയുള്ളത്.

സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ അത്ര തത്പരരാണ് നിങ്ങളെങ്കില്‍ സിആര്‍പിസിയിലേക്ക് നോക്കേണ്ടതായിരുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരു ഒഴിവുകഴിവല്ല‌.

ആര് അറസ്റ്റുചെയ്യപ്പെടണമെന്ന് പൊതുജനങ്ങളോട് ചോദിക്കുന്നത് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതെങ്ങനെയാണെന്ന് റിപബ്ലിക് ടിവിയുടെ അഭിഭാഷകനോടും ബെഞ്ച് ചോദിച്ചു. റിപബ്ലിക് ചാനല്‍ നയിച്ച ട്വിറ്ററിലെ #അറസ്റ്റ്‌റിയ കാമ്പയിനെ ഉദ്ദരിച്ചായിരുന്നു കോടതിയുടെ ചോദ്യം.

ഇതൊക്കെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ? ആര് അറസ്റ്റുചെയ്യപ്പെടണമെന്നെല്ലാം പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുന്നത്?

'മാധ്യമങ്ങള്‍ പണ്ട് ഉത്തരവാദിത്വ ബോധമുള്ളവരും നിഷ്പക്ഷരുമായിരുന്നു എന്നാലിപ്പോള്‍ വലിയ തോതില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്'

'മാധ്യമങ്ങളുടെ സ്വയം നിയന്ത്രണമെന്ന ആശയം തന്നെ പരാജയപ്പെട്ടിരിക്കുകയാണ്', കോടതി അഭിപ്രായപ്പെട്ടു.

'മാധ്യമങ്ങള്‍ അതിരുകടക്കാതിരിക്കുന്നതാണ് ഞങ്ങള്‍ക്ക് താത്പര്യം', പൊതുതാത്പര്യ ഹര്‍ജികളില്‍ വിധി പ്രസ്താവം മാറ്റിവെച്ചുകൊണ്ട് കോടതി പറഞ്ഞു. മാധ്യമ വിചാരണ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനെക്കുറിച്ച് പരിഗണിക്കുകയാണെന്നും കോടതി സൂചിപ്പിച്ചു. ഈ കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകാനിരിക്കുകയാണ്.

Rhea Chakraborty | Sushant Singh Rajput death: Rhea Chakraborty approaches  SC against 'unfair media trial', claims she is being singled out

സുദര്‍ശന്‍ ടിവി കേസ്

അസൂയയുടെയും അരക്ഷിതത്വത്തിന്റെയും വര്‍ഗീയതയുടെയും സംയോജനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഒരു കാമ്പയിനെന്നപോലെ ഓഗസ്റ്റിൽ 'സുദർശൻ ടിവി ന്യൂസ്' പത്ത് എപ്പിസോഡ് സീരീസ് സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നിരവധി മുസ്ലിം പരീക്ഷാര്‍ഥികള്‍ പ്രത്യേകിച്ച് ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്നുള്ള ബിരുദദാരികള്‍ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്ന പ്രശ്‌നം. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ തസ്തികകള്‍ 'പിടിച്ചെടുക്കാനുള്ള' ജിഹാദി ഗൂഢാലോചനയാണിതെന്നായിരുന്നു ഉള്ളടക്കത്തിലെ ആരോപണം. സുദര്‍ശന്‍ ടിവിയുടെ ചീഫ് എഡിറ്റര്‍ സുരേഷ് ചാവങ്കെ ട്വിറ്ററിലൂടെ പുറത്തുവിട്ട പരിപാടിയുടെ ട്രയിലര്‍ അങ്ങേയറ്റം വര്‍ഗീയത കൊണ്ട് നിറഞ്ഞുകവിയുകയായിരുന്നു. അധിക്ഷേപാര്‍ഹമായ ആ ട്വീറ്റില്‍ പ്രധാനമന്ത്രിയെ ടാഗ് ചെയ്യാന്‍ വരെ ചാവങ്കെ മുതിര്‍ന്നു.

'യുപി‌എസ്‌സി ജിഹാദ്' എന്ന അടിക്കുറിപ്പോടെയുള്ള പരിപാടിയുടെ പകര്‍പ്പ് നിര്‍ലജ്ജമായി വെറുപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പരിപാടിയുടെ സംപ്രേക്ഷണം സ്റ്റേ ചെയ്യുകയും കേബിള്‍ ടിവി ആക്ടിന് കീഴിലെ പ്രോഗ്രാം കോഡിന്റെ ലംഘനമാണ് പരിപാടി നടത്തിയിരിക്കുന്നതെന്ന് പ്രാഥമിക നിരീക്ഷണം നടത്തുകയും ചെയ്തു. ഒപ്പം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് പരിപാടിക്കെതിരായ പരാതികളില്‍ തീരുമാനമെടുക്കാനും നിര്‍ദേശിച്ചു.

ഇതിനിടെ ഈ വിഷയത്തില്‍ മറ്റൊരു പരാതിക്കാരന്‍ നേരിട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും പരിപാടിയുടെ സംപ്രേക്ഷണത്തിന് മണിക്കൂറുകള്‍ മുന്‍പ് സ്റ്റേ ഓര്‍ഡര്‍ പാസാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ണെന്ന് കാണിച്ച് സ്റ്റേ നിഷേധിച്ചിരുന്നു.

സെപ്റ്റംബര്‍ 15 ന് വീണ്ടും പരിപാടിക്കെതിരായ കേസ് പരിഗണിച്ച കോടതി അതുവരെ സംപ്രേഷണം ചെയ്ത നാല് എപ്പിസോഡുകളും കുറ്റകരമാണെന്ന് കണ്ടെത്തി.

നിങ്ങള്‍ക്ക് ഒരു സമുദായത്തെ ലക്ഷ്യംവെയ്ക്കാനും അവരെ പ്രത്യേകതരത്തില്‍ മുദ്രകുത്താനും സാധിക്കില്ല. ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢ ശ്രമമാണ് ഇത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

രാജ്യത്തിന്റെ പരമോന്നത കോടതിയെന്ന നിലയില്‍ മുസ്ലിം വിഭാഗം സിവില്‍ സര്‍വ്വീസില്‍ നുഴഞ്ഞുകയറുന്നുവെന്ന് പറയാൻ നിങ്ങളെ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതെല്ലാം ചെയ്യാന്‍ പൂര്‍ണ സ്വാതന്ത്രമുണ്ടെന്ന് പറയാനാകില്ല.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

പരിപാടിയുടെ ബാക്കി എപിസോഡുകള്‍ സ്റ്റേ ചെയ്ത കോടതി പ്രാഥമിക നിരീക്ഷണത്തില്‍ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയുള്ള ഗൂഢശ്രമമാണ് പരിപാടിയുടെതെന്ന്‌ നിരീക്ഷിച്ചു.

Police associations condemn communal remarks by Sudarshan News' Suresh  Chavhanke | The News Minute

കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് സമീപനം

ഈ വര്‍ഷം മാര്‍ച്ചില്‍ ഐബി മന്ത്രാലയം രണ്ട് മലയാളം ചാനലുകളുടെ സംപ്രേഷണം സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഓര്‍ഡറിക്കി . ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ ദില്ലി കലാപത്തെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക്. പൊലീസ് നോക്കി നില്‍ക്കവെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുസ്ലിംങ്ങളെ ആക്രമിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ വാസ്തവം കണ്ടെത്താതെ തന്നെ മന്ത്രാലയം ചാനലുകള്‍ക്കെതിരായ നടപടിയിലേക്ക് കടന്നു.

എന്തായാലും അത്തരമൊരു പ്രതികരണം പിന്നീട് ചില മാധ്യമങ്ങളില്‍ നിന്നുണ്ടായ വിദ്വേഷ പ്രസംഗങ്ങളിലുണ്ടായില്ല. ഉദാഹരണത്തിന് സുദര്‍ശന്‍ ടിവി കേസിലെ നിലപാടില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു മന്ത്രാലയം. തുടക്കത്തില്‍ പരിപാടിയുടെ സംപ്രേഷണത്തിന് പച്ചക്കൊടി വീശീയ മന്ത്രാലയം പ്രോഗ്രാം കോഡ് മറികടക്കരുതെന്ന മുന്നറിയിപ്പില്‍ കാര്യങ്ങളൊതുക്കി.

പരിപാടിക്കെതിരെ കോടതിയിലുയര്‍ന്ന പരാതിയിലും കേന്ദ്രം വ്യക്തമായ നിലപാടെടുത്തില്ല. പകരം വിഷയത്തെ തന്ത്രപൂര്‍വ്വം ഡിജിറ്റല്‍ മാധ്യമങ്ങളുടെ നിയന്ത്രണം എന്ന വിഷയത്തിലേക്ക് തിരിച്ചുവിട്ടു.

'യുപിഎസ്‌സി ജിഹാദ്' പരിപാടിയുടെ ഉള്ളടക്കത്തെ നിരീക്ഷിക്കാതെ പ്രോഗ്രാം കോഡിന് വിരുദ്ധമായി സംപ്രേണണത്തിനനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് സുപ്രിം കോടതി ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു.

'കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ പരിപാടി ഇപ്പോള്‍ അവസാനിച്ചിട്ടുണ്ടാകുമായിരുന്നു', ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ് വാക്കാലുള്ള പരാമര്‍ശം നടത്തി.

കോടതിയുടെ ഇടപെടലിന് ശേഷം ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ ഷോയില്‍ നിന്ന് നീക്കംചെയ്ത് അതോററ്റിക്ക് മുന്നില്‍ പുനപരിശോധനയ്ക്ക് വെയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ചാനലിനെതിരെ കേന്ദ്രം പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു.

പരിപാടിയുടെ അരുചിയെക്കുറിച്ചും വര്‍ഗീയ ഛായയെക്കുറിച്ചും നിഗമനത്തിലെത്താന്‍ ഐബി മന്ത്രാലയത്തിന് കോടതിയില്‍ നിന്ന് നിരവധി ഉത്തരവുകളും നിരീക്ഷണങ്ങളും ആവശ്യമായി വന്നു.

തബ്ലീഗി ജമാഅത്ത് പ്രശ്നം വര്‍ഗീയവല്‍ക്കരിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട കേസുകളിലും കേന്ദ്രം സമാനനിലപാട് സ്വീകരിച്ചു.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്‍പാകെ ഐബി മന്ത്രാലയം സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലം അങ്ങേയറ്റം അപൂര്‍ണവും അവ്യക്തവുമാണെന്ന്‌ കോടതി വിമര്‍ശിച്ചു.

കോടതിയുടെ വിമര്‍ശനത്തിന് ശേഷം ഹാജരാക്കിയ രണ്ടാമത്തെ സത്യവാങ്മൂലത്തെ കൂടുതല്‍ ശ്രദ്ധയോടെയാണ് മന്ത്രാലയം സമീപിച്ചത്‌. തബ്ലീഗി വിഷയത്തില്‍ സാമുദായിക റിപ്പോര്‍ട്ടിംഗ് നടന്നതായുള്ള ഒരു പരാമര്‍ശവും അതില്‍ ഉണ്ടായിരുന്നില്ല. പകരം മീഡിയ റിപ്പോര്‍ട്ടുകള്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായിരുന്നു എന്നും സത്യവാങ്മൂലം പറഞ്ഞു. ചില മാധ്യമങ്ങളുടെ നല്ല റിപ്പോര്‍ട്ടിംഗിന്റെ ഉദാഹരണങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. തബ്ലീഗി ജമാഅത്ത് പ്രശ്‌നത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം പരാമര്‍ശിച്ചതിന് ശേഷം, സാമുദായിക റിപ്പോര്‍ട്ടിംഗ് നടന്നിട്ടില്ലെന്ന് കേന്ദ്രം നിഷേധിച്ചു. ചാനലുകളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തി മാധ്യമങ്ങളൊട്ടാകെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു സമുദായത്തിനെതിരെ വിദ്വേഷം പരത്തുകയാണെന്നുമുള്ള അടിസ്ഥാനരഹിതമായ വാദങ്ങളുയര്‍ത്തുകയാണ് ഹര്‍ജിക്കാരെന്നും മന്ത്രാലയം ആരോപണമുന്നയിച്ചു.

രണ്ടാമത്തെ സത്യവാങ്മൂലത്തിലും കോടതി കടുത്ത നിരാശ പ്രകടിപ്പിച്ചു.

'നിങ്ങളുടെ സത്യവാങ്മൂലത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. കേബിൾ ടിവി നിയമപ്രകാരം നിങ്ങൾ എന്താണ് ചെയ്തതെന്ന് ഞങ്ങളോട് പറയാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനെക്കുറിച്ച് ഒരു സൂചനപോലും സത്യവാങ്മൂലത്തിലില്ല. ഈ വിഷയങ്ങളിലെ കേന്ദ്രത്തിന്റെ സത്യവാങ്മൂലങ്ങളില്‍ ഞങ്ങള്‍ നിരാശരാണ്', ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയെ അറിയിച്ചു.

Delhi violence: Centre bans Asianet News, Media One for 48 hours - INDIA -  GENERAL | Kerala Kaumudi Online

മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം

മാധ്യമങ്ങളുടെ സ്വയം നിയന്ത്രണമെന്ന ആശയത്തിന്റെ കാര്യക്ഷമത ഏറ്റവും അധികം വിചാരണയ്ക്ക് വിധേയമായ വര്‍ഷമാണ് 2020.

സുദര്‍ശന്‍ ന്യൂസ് ടിവി കേസ് പരിഗണിക്കുന്നതിനിടെ നിങ്ങള്‍ ലെറ്റര്‍ ഹെഡ്ഡിനപ്പുറം നിലനില്‍ക്കുന്നുണ്ടോ എന്ന്‌ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോട് സുപ്രിം കോടതി ചോദിച്ചു.

'നിങ്ങള്‍ ടിവി കാണാറുണ്ടോ ഇല്ലയോ? വാര്‍ത്തയില്‍ നടക്കുന്നതിനെ എന്തുകൊണ്ടാണ് നിങ്ങള്‍ നിയന്ത്രിക്കാതിരുന്നത്', ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എന്‍ബിഎസ്എയുടെ അഭിഭാഷകനോട് ചോദിച്ചു.

അതോറിറ്റിയെ 'പല്ലുകൊഴിഞ്ഞവര്‍' എന്നാണ് കോടതി വിശേഷിപ്പിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം പരാജയപ്പെട്ടുവെന്ന സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യാ കേസിലെ ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനവും ഓര്‍ക്കേണ്ടതുണ്ട്.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കാനെന്നോണം എന്‍ബിഎസ്എ ചില ഉത്തരവുകളിറക്കി.

സീ ന്യൂസ്, ആജ് തക്ക്, ഇന്ത്യ ടിവി ന്യൂസ് 24 എന്നീ ചാനലുകള്‍ സുശാന്ത് സിംഗ് വിഷയത്തില്‍ നടത്തിയ വിവേകരഹിതമായ റിപ്പോര്‍ട്ടിംഗിനെതിരെ ഒക്ടോബറില്‍ ഒരു ലക്ഷത്തിന്റെ പിഴ വിധിച്ചു. ഒപ്പം ഇത്തരം റിപ്പോര്‍ട്ടുകളില്‍ പരസ്യമായി മാപ്പ് പറയാനും ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഹിന്ദി നടന്‍ രാകുല്‍ പ്രീത് സിംഗിനെ മയക്കുമരുന്നു കേസുമായി ബന്ധിപ്പിച്ച് അപകീര്‍ത്തീകരവും അധിക്ഷേപകരവുമായ റിപ്പോര്‍ട്ടുകള്‍ സീ ന്യൂസ് സീ ന്യൂസ് 24 താസ്, സീ ഹിന്ദുസ്ഥാനി , ടൈംസ്‌നൗ, ഇന്ത്യ ടുഡേ , ആജ് തക്ക് , ഇന്ത്യ ന്യൂസ്‌ , ന്യൂസ് നേഷന്‍ , എബിപി ന്യൂസ് എന്നിവ നല്‍കിയെന്ന് എന്‍ബിഎസ്എ കണ്ടെത്തി.

എന്‍ബിഎസ്എയുടെ വൈകിയതും അര്‍ദ്ധാംഗീകാരത്തോടുകൂടിയതുമായ പ്രതികരണങ്ങളുണ്ടാക്കുന്ന പ്രതിരോധ സാധ്യത മുതല്‍ മാധ്യമധര്‍മത്തിന്റെ ലംഘനം വരെ സംവാദ വിധേയമാകേണ്ടതാണ്.

NBSA reiterates guidelines on pending Ayodhya matter

ബോളിവുഡും ടിവി ചാനലുകളും

അപകീര്‍ത്തീകരമായ റിപ്പോര്‍ട്ടുകള്‍നല്‍കുന്ന ചില മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ബോളിവുഡ് ഒന്നിക്കുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു.

34 വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും നാല് ഹിന്ദി സിനിമ സംഘടനകളും ഒന്നിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ റിപബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് ഓഫ് നൗവിന്റെ നവിക കുമാര്‍ , രാഹുല്‍ ശിവശങ്കര്‍ എന്നിവര്‍ക്കും മറ്റനവധി മാധ്യമപ്രവര്‍ത്തകരെയും ബോളിവുഡ് അംഗങ്ങള്‍ക്കെതിരായ ഉത്തരവാദിത്വരഹിതവും അപകീര്‍ത്തീകരവുമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു.

പരാതി നല്‍കിയവരില്‍ പ്രമുഖ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍ , ഷാരൂഖ് ഖാന്‍( റെഡ് ചില്ലീസ്) സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍ എന്നിവരുടെ പ്രൊഡക്ഷന്‍ കമ്പനികളും മറ്റ് വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളായ യഷ് രാജ് ഫിലിംസ്, ധര്‍മ പ്രൊഡക്ഷന്‍സ്( കരണ്‍ ജോഹര്‍) നാദിയദ്വാല, എക്‌സല്‍, വിധു വിനോദ് ചോപ്ര ഫിലിംസ്, വിശാല്‍ ഭരദ്വാജ്, റിലയന്‍സ് ബിഗ് എന്നിവരും ഉള്‍പ്പെടുന്നു.

ബോളിവുഡിനായി ചാനലുകള്‍ ഉപയോഗിക്കുന്ന മാലിന്യമെന്നും ലഹരിമരുന്നുകാരെന്നും അടക്കമുള്ള പദങ്ങളും ബോളിവുഡിലെ മാലിന്യമാണ് ശുദ്ധീകരിക്കപ്പെടേണ്ടത്, അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങള്‍ക്കും ബോളിവുഡിലെ ദുര്‍ഗന്ധം നീക്കാന്‍ കഴിയില്ല, രാജ്യത്തെ ഏറ്റവും മലിനമായ ഇന്‍ഡസ്ട്രി, കൊക്കെയ്‌നും എല്‍എസ്ഡിയിലും മുങ്ങിയിരിക്കുകയാണ് ബോളിവുഡ് തുടങ്ങിയ പരാമര്‍ശങ്ങളും വലിയ രീതിയില്‍ അപകീര്‍ത്തീകരമാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി

നവംബര്‍ 9 ന് റിപബ്ലിക് ടിവിയും ടൈംസ് ഓഫ് ഇന്ത്യയ്ക്കും
ഇത്തരം അപകീര്‍ത്തീകരമായ കാമ്പയിന്‍ നടത്താനാകില്ലെന്നും പ്രോഗ്രാം കോഡ് ലംഘിക്കാനാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Delhi HC issues notices to Republic TV, Times Now on Bollywood producers'  plea against 'irresponsible remarks'

വാചാടോപങ്ങളവസാനിപ്പിക്കൂ- അര്‍ണബ് ഗോസ്വാമിയോട് ഡല്‍ഹി ഹൈക്കോടതി

സെപ്റ്റംബറില്‍ റിപബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയോട് സംയമനം പാലിക്കാനും വാചാടോപം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ മേല്‍ നടത്തുന്ന അപകീര്‍ത്തീകരമായ പ്രസ്താവനകളുടെ സംപ്രേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി നല്‍കിയ പരാതിയിന്മേലായിരുന്നു കോടതിയുടെ പ്രതികരണം.

മറുപടി ആവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിക്ക് നല്‍കിയ നോട്ടീസില്‍ ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് എടുത്തുപറയുന്നത് ഒരു കേസിന്റെ അന്വേഷണം പരിഗണനയിലിരിക്കവെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്താനോ ഒരാളെ കുറ്റക്കാരനാണെന്ന് വിളിക്കാനോ അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കാനോ പാടില്ല എന്നാണ്‌.

അര്‍ണബ് ഗോസ്വാമിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ വിചാരണക്കിടെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ റിപബ്ലിക് ടിവി അവതാരകന്റെ റിപ്പോര്‍ട്ടിംഗ് രീതിയെ എതിര്‍ത്ത് ചില പരാമര്‍ശങ്ങള്‍ നടത്തി.

'റിപ്പോര്‍ട്ടിംഗില്‍ നിങ്ങള്‍ക്ക് അല്‍പ്പം പഴഞ്ചനാകാം., തുറന്നുപറയുകയാണെങ്കില്‍ എനിക്ക് സഹിക്കാവുന്നതിലുമപ്പുറമാണിത്‌. ഇത് ഒരുകാലത്തും പൊതു സംവാദങ്ങളുടെ രീതിയായിരുന്നില്ല', അര്‍ണബിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോട് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

റിപ്പോര്‍ട്ടിംഗില്‍ ഉത്തരവാദിത്വം പാലിക്കേണ്ടതുണ്ട്. ശ്രദ്ധയോടെ പരിഗണിക്കേണ്ട മേഖലകളുണ്ട്. ഒരു കോടതിയെന്ന നിലയില്‍ സമൂഹത്തിന്റെ സമാധാനവും ഐക്യവുമാണ് ഞങ്ങളുടെ പ്രധാന ആശങ്കകള്‍. റിപ്പബ്ലിക് ടിവി ചര്‍ച്ചകള്‍ പല്‍ഘര്‍ ആള്‍കൂട്ടകൊലപാതകവും ബാന്ദ്ര ബാന്ദ്ര കുടിയേറ്റക്കാരെയും വര്‍ഗീയവല്‍ക്കരിച്ചുവെന്ന് ആരോപിച്ച മഹാരാഷ്ട്ര പൊലീസിന്റെ കേസ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സാല്‍വെയോട് പറഞ്ഞു.

Can the Amish Devgan Judgment be Misused to Launch False Prosecutions? -  TheLeaflet

അമിഷ് ദേവ്ഗണിനെതിരായ വിദ്വേഷ പ്രസംഗകേസ് റദ്ദാക്കപ്പെട്ടില്ല

സൂഫി സന്യാസി മൊയ്‌നുദ്ദീന്‍ ചിസ്റ്റിക്കെതിരായ പരാമര്‍ശത്തില്‍ ന്യൂസ് 18 അവതാരകന്‍ അമിഷ് ദേവ്ദണിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്‌ഐആറുകള്‍ റദ്ദുചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി നിരസിച്ചു. കേസിന്റെ വിധിന്യായത്തില്‍ (അമിഷ് ദേവ്ഗാന്‍ വി യൂണിയന്‍ ഓഫ് ഇന്ത്യ) 'വിദ്വേഷ പ്രസംഗം' എന്ന ആശയത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച അടങ്ങിയിരിക്കുന്നു.

വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്രവും തമ്മിലെ അന്തരം, 'വിദ്വേഷ പ്രസംഗം' ശിക്ഷാര്‍മാക്കേണ്ടതിന്റെ ആവശ്യകത, അത് തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ എന്നിവ ഇതില്‍ ചര്‍ച്ചചെയ്യുന്നു.

ബഹുസ്വരതയോട് പ്രതിബദ്ധതയുള്ള ഒരു ഒരു വ്യവസ്ഥയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ജനാധിപത്യത്തിന് ഉതകുന്ന സംഭാവന നല്‍കാന്‍ കഴിയില്ല. വാസ്തവത്തില്‍, സമത്വത്തിനുള്ള അവകാശത്തെ നിരാകരിക്കുന്നതാണത്

ജസ്റ്റിസ് ഖന്ന

പൊതു സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളാണ്‌ ഭാഷണത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

സമൂഹത്തില്‍ സ്വാധീനമുള്ളവര്‍, പൊതുജനങ്ങളില്‍ അല്ലെങ്കില്‍ അവര്‍ ഉള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തില്‍ അവര്‍ ഉണ്ടാക്കുന്ന സ്വാധീനവും വിശ്വാസ്യതയും അനന്തരഫലവും കണക്കിലെടുക്കാന്‍ കടമയും ഉത്തരവാദിത്തവും ഉള്ളവരായിരിക്കണം. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം, വ്യാജവാര്‍ത്തകള്‍ എന്നിവയില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം കണക്കാക്കാന്‍ ഒരു സ്വതന്ത്ര മീഡിയ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

മാധ്യമങ്ങളുടെ അതിരുകടക്കലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ചിത്രത്തിന് മറ്റൊരു വശമുണ്ടെന്നതും ഓര്‍മിക്കേണ്ടതാണ്. ഇപ്പോഴും ഉത്തരവാദിത്വത്തോട് കൂടി ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ധര്‍മ്മമായ അധികാരതതിന്റെ വിശ്വാസ്യതയെ നിരീക്ഷിച്ച് മുന്നോട്ടുപോകുന്ന മാധ്യമസ്ഥാപനങ്ങളുണ്ട്. അധികാര വര്‍ഗത്തില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങളും ഭീഷണികളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം. വാസ്തവത്തില്‍, ആഗോള മാധ്യമ സ്വാതന്ത്ര സൂചികയില്‍ 180 രാജ്യങ്ങളില്‍ 142-ാം സ്ഥാനമാണ് ഇന്ത്യയുടേത്. 2020 ഇതിലേക്കുള്ള ശരിയായ വീക്ഷണം നല്‍കുന്നു. നിരന്തരം നിയമലംഘനങ്ങളിലേര്‍പ്പെടുന്ന മാധ്യമസ്ഥാപനങ്ങള്‍ ഒരു വശത്ത് അധികാരവര്‍ഗത്തിന് കൈകൊടുത്ത് ഭരണ അനുകൂല വിവരണം നല്‍കുന്നവരും വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്തുന്നവരുമാണ്. ഒരു പക്ഷേ അതിനാലൊക്കെ തന്നെയാകണം അവര്‍ അത്തരം
ശിക്ഷാഭീതിയില്ലായ്മ ആസ്വദിക്കുന്നതും.

ലൈവ് ലോയില്‍ മനു സെബാസ്റ്റിയന്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Next Story

Popular Stories