മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മുറിവ് കാല്‍മുട്ടില്‍ മാത്രം, മരിച്ചത് രക്തം വാര്‍ന്ന്

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കാല്‍മുട്ടില്‍ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്ന് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത്‌ ബോംബേറിലാണ്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കാലിന് വെട്ടേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പതിനൊന്നിലധികം ആളുകള്‍ ഉണ്ടാകാന്‍ സാധ്യയുണ്ട്. കേസെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും നടത്താന്‍ സാധിക്കില്ല. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അറസ്റ്റിലായ സിപി ഐഎം പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു.

Latest News