‘മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ചിന്തിച്ചിരുന്നില്ല ദുൽഖറിന്റെ ചേട്ടനായി വേഷമിടേണ്ടി വരുമെന്ന്’; മനോജ് കെ ജയൻ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം സല്യൂട്ടിന്റെ പാക്കപ്പ് വിശേഷങ്ങളുമായി മനോജ് കെ ജയൻ. 2005ൽ മമ്മൂട്ടിക്കൊപ്പം രാജമാണിക്യത്തിൽ അദ്ദേഹത്തിന്റെ അന്യനായി അഭിനയിക്കുമ്പോൾ 2021ൽ ഒരിക്കലും ദുൽഖറിന്റെ ചേട്ടനായി അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മനോജ് കെ ജയൻ പറയുന്നു. സല്യൂട്ടിന്റെ ചിത്രീകരണവേളയിൽ തനിക്ക് പിന്തുണ തന്ന സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും നന്ദിയും അദ്ദേഹം അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.

ഒരുപാട് സന്തോഷവും സ്നേഹവും. മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് ‘സല്യൂട്ട്’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. 2005ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021ൽ ,ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം. ദുൽഖർ ..എന്തൊരു സ്വീറ്റായ വ്യക്തിയാണ്. ആണ് മോനെ നീ…ലൗ യു. പ്രിയപ്പെട്ട റോഷൻ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച് ,പല തവണ ,പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം.,അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും പിന്തുണയ്ക്കും നൂറു നന്ദി.ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി ,കാരണം ,നവ മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കൾ ആണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു, നന്ദി. എന്റെ പ്രിയപ്പെട്ട സഹ അഭിനേതാക്കൾക്കും നന്ദി.

മനോജ് കെ ജയൻ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിൽ ദുൽഖറിന്റെ സഹോദരനായാണ് മനോജ് കെ ജയൻ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതായി റോഷൻ ആൻഡ്രൂസും ദുൽഖറും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദുൽഖർ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടെയാണ് സല്യൂട്ട്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.

കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ ബോബി , സഞ്ജൈയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Covid 19 updates

Latest News