‘ഖോ ഖോ’ മത്സരത്തിനായി രജീഷയും സംഘവും; പോസ്റ്റർ പുറത്തുവിട്ട് മഞ്ജു വാര്യർ

രജീഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് ചിത്രം ‘ഖോ ഖോ’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ട് മഞ്ജു വാര്യർ. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു പോസ്റ്റർ പുറത്തുവിട്ടത്.

രജീഷയെ നായികയാക്കി രാഹുൽ റിജി നായര്‍ ഒരുക്കുന്ന ഖോ ഖോ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിടുന്നു. ചിത്രത്തിലെ എല്ലാ സ്ത്രീജനങ്ങൾക്കും ആർപ്പുവിളികൾ. അണിയറപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേരുന്നു

മഞ്ജു വാര്യർ

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ സംവിധായകനാണ് രാഹുൽ റിജി നായര്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്. ടോബിന്‍ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

രജീഷ് വിജയനൊപ്പം ചിത്രത്തിൽ നിരവധി ബാലതാരങ്ങൾ അണിനിരക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്ക് അപ്പ് ചെയ്ത വിവരം അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു

‘വരത്തൻ’, ‘ഡാകിനി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.’ചിത്രത്തിനായി 15 അംഗ ഖോ ഖോ ടീമിനെ ഞങ്ങൾ ഒരുക്കി. അതിൽ 14 പേരും യഥാർത്ഥത്തിൽ ഖോ ഖോ പ്ലയേഴ്‌സ് ആണ്. മമിതയ്ക്കായി പ്രത്യേകം ട്രെയിനിങ് നൽകേണ്ടി വന്നു’, സംവിധായകൻ പറഞ്ഞു.

കൊല്ലം മൺറോ തുരുത്തിലും ഭാഗങ്ങളിലുമായാണ് ‘ഖോ ഖോ’ യുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രത്തിലെ ടൂർണമെന്റ് ഭാഗങ്ങൾ മറ്റു സ്ഥലങ്ങളിലായി ചിത്രീകരിച്ചു.

Latest News