Top

സ്ഥാനാർത്ഥിക്ക് കോഴ നൽകിയ കേസിൽ വഴിത്തിരിവുണ്ടായേക്കും; സുരേന്ദ്രനെ അറസ്റ്റ് ചെയ്താൽ പ്രതിരോധിക്കാൻ ബിജെപി

കെ. സുന്ദരയ്ക്ക് പണം നൽകാൻ ബിജെപി സ്ഥാനാർത്ഥി നേരിട്ട് നീക്കങ്ങൾ‌ നടത്തിയതായി തെളിവ് ലഭിച്ചാൽ കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പാണ്.

11 Jun 2021 11:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ഥാനാർത്ഥിക്ക് കോഴ നൽകിയ കേസിൽ വഴിത്തിരിവുണ്ടായേക്കും; സുരേന്ദ്രനെ അറസ്റ്റ് ചെയ്താൽ പ്രതിരോധിക്കാൻ ബിജെപി
X

മഞ്ചേശ്വരം: ബിഎസ്പി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകിയെന്ന കേസിൽ നിർണായക വഴിത്തിരിവുണ്ടായേക്കും. ബിജെപി നൽകിയതെന്ന് കെ. സുന്ദര അവകാശപ്പെടുന്ന പണത്തിൽ ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്തതോടെയാണ് കേസിൽ ദ്രുത​ഗതിയിലുള്ള മുന്നോട്ടുപോക്കുണ്ടായിരിക്കുന്നത്. കെ. സുന്ദരയ്ക്ക് പണം നൽകാൻ ബിജെപി സ്ഥാനാർത്ഥി നേരിട്ട് നീക്കങ്ങൾ‌ നടത്തിയതായി തെളിവ് ലഭിച്ചാൽ കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പാണ്. സംസ്ഥാന അധ്യക്ഷൻ അറസ്റ്റിലായാൽ ബിജെപി വലിയ പ്രതിരോധത്തിലാവും, ഇതൊഴിവാക്കാൻ പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നതായിട്ടാണ് അഭ്യൂഹങ്ങൾ.

കെ. സുന്ദര കോഴപ്പണം സ്വീകരിച്ചതായ വാദത്തിൽ കെ. സുന്ദര ഉറച്ചുനിൽക്കുന്നതാണ് കേസിൽ ബിജെപിക്ക് വിലങ്ങുതടിയായി നിൽക്കുന്നത്. സ്ഥാനാർത്ഥിയെ പണം നൽകി പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റം തെളിഞ്ഞാൽ ആജീവനാന്ത വിലക്കായിരിക്കും സുരേന്ദ്രനെ കാത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടിക്രമങ്ങൾ ഉണ്ടായാൽ പാർട്ടിയെ സംബന്ധിച്ചടത്തോളവും ആഘാതമുണ്ടാകും. കുഴൽപ്പണ വിവാദം മറുവശത്ത് കത്തിനിൽക്കുന്നതും പ്രതിസന്ധിയാണ്.

ALSO READ: ഒഴുക്കെങ്ങോട്ട്; കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പുതിയ തര്‍ക്കം

രണ്ടര ലക്ഷം രുപയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നൽകിയത് എന്നായിരുന്നു കെ. സുന്ദര വെളിപ്പെടുത്തൽ. ഇതിൽ ഒരു ലക്ഷം രൂപയാണ് ഇപ്പോൾ കണ്ടെത്തിയത്. സുന്ദരയുടെ സുഹൃത്തിന്റെ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സുന്ദര തന്നെയാണ് സുഹൃത്തിന്റെ അക്കൗണ്ടിലാണ് കോഴപ്പണം സൂക്ഷിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. രണ്ടര ലക്ഷം രൂപയിൽ കണ്ടെടുത്ത ഒരു ലക്ഷത്തിന് പുറത്തുള്ള ഒന്നര ലക്ഷം രൂപ ചിലവായിപോയെന്ന് നേരത്തെ സുന്ദര മൊഴി നൽകിയിരുന്നു. കടങ്ങളും മറ്റും തീർക്കാൻ ഈ പണം ചിലവഴിച്ചെന്നായിരുന്നു സുന്ദര അന്വേഷണസംഘത്തോട് പറഞ്ഞത്.

രണ്ടര ലക്ഷം രൂപയ്ക്ക് പുറമെ സുന്ദരയ്ക്കായി ബിജെപി നേതാക്കൾ നൽകിയ മൊബൈൽ ഫോൺ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സുന്ദരയ്ക്ക് നൽകാനായി മൊബൈൽ ഫോൺ വാങ്ങിയ ആളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായ ഈ ഫോൺ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഏറ്റെടുത്തിരുന്നു. 8,000 രൂപയുടെ മൊബൈൽ ഫോണാണ് സുന്ദരയ്ക്ക് നൽകിയത്.

ALSO READ: ഇന്നും വില കൂട്ടി; പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയും വര്‍ദ്ധിച്ചു

നേരത്തെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. ”എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും. അതൊക്കെയായിരിക്കും കേരള പൊലീസിന്റെ ഉദേശം. എന്നെ ലക്ഷ്യം വയ്ക്കുന്നത് വ്യക്തിപരമായിട്ടല്ല, ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണ്. ബിജെപിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനാണ്. മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്. ഞാനിതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ഇതൊന്നും പ്രതീക്ഷിക്കാതെ പൊതുജീവിതത്തിന് ഇറങ്ങിയിട്ടുള്ളവരല്ല ബിജെപി പ്രവർത്തകർ. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. 300ഓളം കേസുകൾ എന്റെ പേരിലുണ്ട്. അങ്ങനെയൊരാളിൽ നിന്ന് വെറൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കും” കെ. സുരേന്ദ്രൻ

Next Story