Top

പാലായിലുള്ളോര്‍ക്ക് ചങ്കാണ് കാപ്പന്‍; ഹൃദയം തകര്‍ന്ന് ജോസ് കെ മാണി

11,246 വോട്ടുകളുടെ അമ്പരിപ്പിക്കുന്ന ഭൂരിപക്ഷമാണ് കാപ്പന് കിട്ടിയത്. കാപ്പന് ആകെ 67638 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ മാണി 52697 വോട്ടുകളില്‍ ഒതുങ്ങി.

2 May 2021 8:01 AM GMT

പാലായിലുള്ളോര്‍ക്ക് ചങ്കാണ് കാപ്പന്‍; ഹൃദയം തകര്‍ന്ന് ജോസ് കെ മാണി
X

ചങ്കായിരുന്ന പാലയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ജോസ് കെ മാണിയെ ചൂണ്ടി ഒരു ചാനല്‍ അവതാരക സന്ദര്‍ഭോജിതമായി ഒരു ബൈബിള്‍ വചനം ചൊല്ലുകയുണ്ടായി. ഒരുവന്‍ മറ്റെല്ലാം നേടിയിട്ടും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ടെന്തു കാര്യം എന്നായിരുന്നു ആ വാചകം. അമ്പതുകൊല്ലത്തിലേറെയായി പാലയെന്ന നാടിന്റെ പേരിനൊപ്പം കേരളത്തിന്റെ നാവില്‍ തത്തിക്കളിച്ചിരുന്ന ആ പേര് മറ്റൊരാളിലൂടെ വീണ്ടും നിലനിര്‍ത്തപ്പെടുകയാണ്. പല വട്ടം തോല്‍പ്പിച്ച പാലയില്‍ ഒരു തരംഗമായി ആഞ്ഞടിച്ച് കടുപ്പമുള്ള മധുരപ്രതികാരമായിപ്പോയി ഇത്തവണ മാണി സി കാപ്പന്റേത്. വെറും നിസാരമായ 18 മാസങ്ങള്‍ മതിയായിരുന്നു കാപ്പന് ചങ്കിനെ ഒപ്പം കൂട്ടാന്‍. ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും കാപ്പന്‍ കുലുങ്ങിയില്ല. 11,246 വോട്ടുകളുടെ അമ്പരിപ്പിക്കുന്ന ഭൂരിപക്ഷമാണ് കാപ്പന് കിട്ടിയത്. കാപ്പന് ആകെ 67638 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജോസ് കെ മാണി 52697 വോട്ടുകളില്‍ ഒതുങ്ങി.

കെഎം മാണി അന്തരിച്ചതിനുശേഷം 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ടോം ജോസിനെ പരാജയപ്പെടുത്തി കാപ്പന്‍ ജയിച്ചുവന്നത് ഉടനെ അങ്ങനെ പോകാനൊന്നുമായിരുന്നില്ല. രാഷ്ട്രീയ കേരളം ഉദ്വേഗത്തോടെ ഉറ്റുനോക്കിയിരുന്ന മണ്ഡലമായ പാലായില്‍ കാപ്പന്‍ ഭരണം നിലനിര്‍ത്തിയെന്നതിനെ അട്ടിമറി വിജയം എന്ന് വിശേഷിപ്പിക്കാനാകുന്നത് വിരോധാഭാസം കൂടിയാണ്. പാല നമ്മുക്കറിയാത്ത മണ്ഡലമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചിരുന്ന പലര്‍ക്കും കാപ്പന്റെ വിജയം ഞെട്ടലും അത്ഭുതവുമാണ്. ചങ്കാണ് പാല എന്ന കേക്ക് മുറിച്ചുനുണഞ്ഞാണ് കാപ്പന്‍ വിജയത്തിലേക്ക് ജയിച്ചുകയറിയത്.

എന്ത് നേടിയാലും ചങ്ക് നഷ്ടപ്പെടുത്തിയിട്ടെന്തുകാര്യം എന്ന് ഉറപ്പിച്ച് ഇടതുമുന്നണിടേയും എന്‍സിപിയേയും കുടഞ്ഞുകളഞ്ഞ് മോണ്‍സ്റ്ററായി അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. മുന്നണി മാറി കാപ്പനും ജോസും മത്സരത്തിനിറങ്ങുമ്പോള്‍ കേരളത്തിലാകെ ഇടതുമുന്നണിയ്ക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടായിട്ടുപോലും പാലായെ ഇങ്ങെടുത്ത കാപ്പന്‍ കാട്ടിയത് കട്ട ഹീറോയിസം തന്നെയാണ്.

പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് വോട്ടെണ്ണലിന്റെ തലേന്ന് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചത്. പാലായില്‍ വളരെക്കുറച്ചുകാലം കൊണ്ട് തന്നെ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരാള്‍ക്കും ഒരു മുന്നണിയ്ക്കും കാപ്പന്റെ നേട്ടത്തിന്റെ ക്രെഡിറ്റ് പറ്റാനാകാത്ത വിധത്തില്‍ ക്ലിയറായിരുന്നു പാലയിലെ കാര്യങ്ങള്‍. എല്‍ഡിഎഫ് പരമാവധി ശക്തി പുറത്തെടുത്ത് പ്രചരണം നടത്തിയിട്ടും ഒന്നും ഒത്തില്ല. കോഴ മാണിയെന്ന് വിളിച്ചിടത്തുനിന്ന് നേരം ഇരുട്ടി വെളുത്തപ്പോള്‍ മാണി സാര്‍ എന്ന് വിളിക്കേണ്ടി വന്നതിന്റെ മാനംകാണിക്കാതെ വെച്ചിരുന്ന പല ഇടതുപ്രവര്‍ത്തകരുടേയും അമര്‍ഷം തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവര്‍ത്തിച്ചു എന്ന് പോലും മനസിലാക്കേണ്ടിവരും.

കാപ്പനും ജോസിനും കോണ്‍ഗ്രസിനും എല്‍ഡിഎഫിനും എന്‍സിപി കെയ്ക്കും അഭിമാന പോരാട്ടമായ പാലയിലെ വോട്ടിംഗ് ശതമാനം 201ല്‍ 70.97 ആയിരുന്നെങ്കില്‍ ഇത്തവണ 72.50 ആയി ഉയര്‍ന്നിരുന്നു. പാര്‍ട്ടി പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പിടിവാശിയില്‍ ജയിച്ചെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെങ്കിലും അവസാനത്തെ ലൗ ജിഹാദ് പരാമര്‍ശത്തിലുള്‍പ്പെടെ ജോസ് കെ മാണിക്ക് അടിതെറ്റുകയായിരുന്നു. പാലാ നഗരസഭാ യോഗത്തില്‍വെച്ച് സിപിഐഎം, കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായതും വലിയ വാര്‍ത്തയായിരുന്നു. അവസരവാദിയെന്ന് വിളികളുയര്‍ന്നപ്പോള്‍ ആരാണ് യഥാര്‍ഥ അവസരവാദിയെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാമെന്ന കാപ്പന്റെ വാക്കുകളാണ് പാലയുടെ ചങ്കില്‍ ഇപ്പോള്‍ അലയടിക്കുന്നത്.

Next Story