Top

‘അന്ന് പറഞ്ഞു, ശശീന്ദ്രാ, ഞാന്‍ എലത്തൂര്‍ക്ക് മാറാം, താന്‍ കുട്ടനാട് മത്സരിച്ചോയെന്ന്, പിന്നെ പുള്ളി മിണ്ടിയിട്ടില്ല’; പോര് പരസ്യമാക്കി മാണി സി കാപ്പന്‍

പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി മാറുമെന്ന വ്യക്തമായ സൂചന മാണി സി കാപ്പന്‍ രംഗത്ത്. മുന്നണി വിടുമോ എന്ന കാര്യത്തില്‍ ദേശീയനേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും അത് വെള്ളിയാഴ്ച ഉണ്ടാകുമെന്നും മാണി സി കാപ്പന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഡിഎഫിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള എല്ലാ നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എകെ ശശീന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഭിമുഖത്തില്‍ കാപ്പന്‍ നടത്തുന്നത്. മുന്നണി വിട്ടാല്‍ ശശീന്ദ്രന്‍ കൂടെ വരുമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് മാണി സി കാപ്പന്‍ […]

10 Feb 2021 11:48 PM GMT

‘അന്ന് പറഞ്ഞു, ശശീന്ദ്രാ, ഞാന്‍ എലത്തൂര്‍ക്ക് മാറാം, താന്‍ കുട്ടനാട് മത്സരിച്ചോയെന്ന്, പിന്നെ പുള്ളി മിണ്ടിയിട്ടില്ല’; പോര് പരസ്യമാക്കി മാണി സി കാപ്പന്‍
X

പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി മാറുമെന്ന വ്യക്തമായ സൂചന മാണി സി കാപ്പന്‍ രംഗത്ത്. മുന്നണി വിടുമോ എന്ന കാര്യത്തില്‍ ദേശീയനേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും അത് വെള്ളിയാഴ്ച ഉണ്ടാകുമെന്നും മാണി സി കാപ്പന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഡിഎഫിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള എല്ലാ നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എകെ ശശീന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഭിമുഖത്തില്‍ കാപ്പന്‍ നടത്തുന്നത്. മുന്നണി വിട്ടാല്‍ ശശീന്ദ്രന്‍ കൂടെ വരുമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് മാണി സി കാപ്പന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘തീരെയില്ല, പുള്ളിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. പുള്ളി ഒരു പ്രസ്താവന കൊടുത്ത ആദ്യം. പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ മറ്റു കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മണ്ടത്തരത്തിന് കൊടുത്തതാ. ഞാന്‍ പറഞ്ഞു, ശശീന്ദ്രാ, ഞാന്‍ എലത്തൂര്‍ക്ക് മാറിക്കോളാം. താനിവിടെ വന്ന് കുട്ടനാട്ടില്‍ മത്സരിച്ചോ എന്ന്. പിന്നെ ആ വിഷയം പുള്ളി മിണ്ടിയിട്ടില്ല.’

പാലാ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും ശശീന്ദ്രന്റെയും നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് കാപ്പന്റെ മറുപടി ഇതായിരുന്നു. ‘എംഎല്‍എയായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പാലായിലെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് എല്ലാ പത്രങ്ങളിലും സപ്ലിമെന്റ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ അച്ചടിച്ചുള്ളതായിരുന്നു അത്. അത് മുഖ്യമന്ത്രിക്ക് കാണിക്കുന്ന സമയത്തും പാലാ സീറ്റു വിഷയം അദ്ദേഹം മിണ്ടിയില്ല. പിന്നീട് ശശീന്ദ്രനുമായി ചേര്‍ന്ന് വീണ്ടും കണ്ടു. സീറ്റിന്റെ കാര്യം അപ്പോള്‍ ശശീന്ദ്രനോട് മാത്രമായി മുഖ്യമന്ത്രി സംസാരിച്ചു. പുറത്തുവന്ന ശശീന്ദ്രന്‍ നമ്മുടെ ഒരു സീറ്റ് അവര്‍ എടുക്കുമെന്ന് പറഞ്ഞു. ഏത് കുട്ടനാടോ എന്ന് ചോദിച്ചപ്പോള്‍ അല്ല പാലാ എന്നാണ് പറഞ്ഞത്. കുട്ടനാട്ടില്‍ മത്സരിക്കാന്‍ താനില്ലെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കി. പ്രധാനകാരണം, തോമസ് ചാണ്ടിയുടെ അനുജന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇടതുമുന്നണിക്ക് കത്ത് നല്‍കിയിരുന്നു. അതുകൊണ്ട് ആ സീറ്റ് എടുക്കുന്നത് മര്യാദകേടാണ് തോന്നി.’

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് താന്‍ വീണ്ടും വിജയിക്കുമെന്ന് ഉറപ്പാണെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ജോസ് കെ മാണി പറയുന്നത് പാലാ ഞങ്ങളുടെ വത്തിക്കാനാണെന്നാണ്. എന്നാല്‍ അവിടെ പോപ്പ് വേറെയാണെന്ന് അദ്ദേഹം മനസിലാക്കണമെന്ന് കാപ്പന്‍ പറഞ്ഞുവച്ചു. യുഡിഎഫിലേക്ക് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മുരളീധരനും എംഎം ഹസനും കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും അത്തരമൊരു ചര്‍ച്ച പാര്‍ട്ടി സംസ്ഥാന, ദേശീയതലങ്ങളില്‍ നടന്നിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട ഒരു സാഹചര്യവും എന്‍സിപിയില്‍ ഇല്ല. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. കാപ്പന്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളാണെന്നും അങ്ങനെയൊരാള്‍ ദേശീയനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സംഘടനാവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി എകെ ശശീന്ദ്രന്റെ വാക്കുകള്‍: ”എന്‍സിപിയുടെ മുന്നണി മാറ്റം സംബന്ധമായ ഒരു ചര്‍ച്ചയും പാര്‍ട്ടി സംസ്ഥാന, ദേശീയതലത്തില്‍ ഇതുവരെ നടന്നിട്ടില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്. വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഞാന്‍ പ്രതികരണം നടത്താന്‍ തയ്യാറാല്ല. അഭ്യുഹങ്ങളില്‍ പ്രതികരിക്കുന്നില്ല. അതിന്റെ പിന്നാലെ പോകേണ്ട കാര്യവുമില്ല. കാരണം ഞാനും കൂടി പങ്കെടുക്കേണ്ട ചര്‍ച്ചയിലാണ് അങ്ങനെയൊരു കാര്യം നടക്കുക. എന്നെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കില്ല. മാണി സി കാപ്പന്‍ ദേശീയനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സംഘടനാവിരുദ്ധമായി ഒന്നുമില്ല. അദ്ദേഹം പാര്‍ട്ടിയിലെ പ്രധാനനേതാവിലൊരാളാണ്. സീറ്റ് സംബന്ധിച്ച പ്രഫൂല്‍ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അത് മുന്നണി മാറ്റം സംബന്ധിച്ചല്ല. ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട ഒരു സാഹചര്യവും കേരളത്തില്‍ ഇല്ല. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. അദ്ദേഹം എന്‍സിപിയുടെ നല്ല നേതാവാണ്. അദ്ദേഹം എന്‍സിപിയെ തള്ളി പോകുമെന്ന് വിചാരിക്കുന്നില്ല.”

Next Story

Popular Stories