പ്രതിരോധിച്ച് യുണൈറ്റഡ്; മാഞ്ചസ്റ്റര്‍ ഡെര്‍ബി സമനിലയില്‍; ചെല്‍സിക്ക് തോല്‍വി

സിറ്റിക്കെതിരെ ഹാട്രക്ക് വിജയം ലക്ഷ്യമിട്ട് ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറങ്ങിയ യുണൈറ്റഡിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. യുണൈറ്റഡ് 11 ഷോട്ട് ഉതിര്‍ത്തപ്പോള്‍ സിറ്റി ഒന്‍പത് എണ്ണം തൊടുത്തു. പന്തടക്കം ഇത്തവണയും പെപ് ഗ്വാര്‍ഡിയോള വിട്ടുകൊടുത്തില്ല.

11-ാം മിനുറ്റില്‍ യുണൈറ്റഡിന് കോര്‍ണറില്‍ നിന്നും സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ മക്ടോമിനക്ക് ഗോളാക്കി മാറ്റാന്‍ ആയില്ല. 20-ാം മിനുറ്റില്‍ റഹിം സ്റ്റിര്‍ലിംഗിന്റെ മികച്ചൊരു സോളൊ മുന്നേറ്റം. പക്ഷെ യുണൈറ്റഡ് പ്രതിരോധനിരയെ മറികടക്കാനായില്ല.

തൊട്ട് പിന്നാലെ ഗബ്രിയല്‍ ജീസസിനും ബോക്‌സിനുള്ളില്‍ പിഴച്ചു. യുണൈറ്റഡിന്റെ സ്വന്തം മൈതാനത്ത് സിറ്റി കളം നിറഞ്ഞു കളിച്ചു.34-ാം മിനുറ്റില്‍ വീണ്ടുമൊരു സിറ്റി ശ്രമം. മഹെരസിന്റെ ഷോട്ട് ഡിഹെയ തട്ടിയകറ്റി.

47-ാം മിനുറ്റില്‍ യുണൈറ്റഡിന് അനുകൂലമായി പെനലിറ്റി ലഭിച്ചെങ്കിലും പുനപ്പരിശോധനയില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. വൈകാതെ റാഷ്‌ഫോര്‍ഡിന് തന്നെ ആദ്യ ഗോള്‍ നേടാനുള്ള അവസരം പോഗ്ബ ഒരുക്കി. ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി. ഇരുടീമുകളുടേയും പ്രതിരോധ നിരകളുടെ മികവായിരുന്നും മത്സരത്തില്‍ ഉടനീളം കണ്ടത്.

അതേസമയം കരുത്തരായ ചെല്‍സിയെ എവര്‍ട്ടണ്‍ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു ജയം. 22-ാം മിനുറ്റില്‍ പെനാലിറ്റിയിലൂടെ ജില്‍ഫിയാണ് എവര്‍ട്ടണെ മുന്നിലെത്തിച്ചത്. തോല്‍വി വഴങ്ങിയെങ്കിലും ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Latest News