English Primer League

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡിനും സിറ്റിക്കും ജയം, ചാമ്പ്യന്‍മാരുടെ പോരാട്ടം നാളെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ വിജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ യുനൈറ്റഡ് തോല്‍പ്പിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ സിറ്റിയുടെ വിജയം. തുടക്കത്തില്‍ യുനൈറ്റഡിനെ ഞെട്ടിച്ച പ്രകടനമാണ് ഫുള്‍ഹാം പുറത്തെടുത്തത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ അഡെമോള ഫുള്‍ഹാമിന് ലീഡ് സമ്മാനിച്ചു. ഗോള്‍ വഴങ്ങയതിന്റെ ആലസ്യത്തിലായിരുന്നു പിന്നീടുള്ള 15 മിനിറ്റിലെ യുനൈറ്റഡിന്റെ കളി.

എന്നാല്‍ 21-ാം മിനിറ്റില്‍ എഡിസന്‍ കവാനി യുനൈറ്റഡ് വേണ്ടി സമനില ഗോളടിച്ചു. ഇതോടെ യുനൈറ്റഡിന്റെ കളിയുടെ വേഗത വര്‍ധിച്ചു. പൊഗ്ബയില്‍ നിന്ന് നിരവധി മുന്നേറ്റങ്ങളുണ്ടായി. വിംഗുകള്‍ കേന്ദ്രീകരിച്ചു റെഡ് ഡെവിള്‍സ് ആക്രമണം അഴിച്ചുവിട്ടു. 65-ാം മിനിറ്റില്‍ പൊഗ്ബ തന്നെയാണ് വിജയ ഗോള്‍ കണ്ടെത്തുന്നത്. വിജയത്തോടെ യുനൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 12 വിജയവുമായി 40 പോയിന്റാണ് യുനൈറ്റഡിനുള്ളത്.

ആധികാരിക പ്രകടനമാണ് ആസ്റ്റണ്‍ വില്ലക്കെതിരെ സിറ്റി കാഴ്ച്ചവെച്ചത്. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ, ഗുണ്ടോഗന്‍ എന്നിവര്‍ ഗോള്‍ നേടി. 79, 90 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. നിലവില്‍ 38 പോയിന്റുകളുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. നാളെ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍ന്മാരായ ലിവര്‍പൂള്‍ ബേണ്‍ലിയെ നേരിടും. 18 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 7 സമനിലയുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. ലെസ്റ്റര്‍ സിറ്റിയാണ് 3ാം സ്ഥാനത്ത്.

Latest News