ചാംപ്യന്മാരെ മറികടന്ന് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് തലപ്പത്ത്; ഉയിര്ത്തെഴുന്നേല്പ് 2012-13 സീസണിന് ശേഷമാദ്യം

2012-13 സീസണിലെ കിരീട നേട്ടത്തിന് ശേഷം ഇതാദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മിന്നും വിജയം നേടിയതോടെയാണ് യുണൈറ്റഡിന് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്. അതേസമയം ചാമ്പ്യന്മാരായ ലിവര്‍പൂള്‍ തുടര്‍ച്ചയായ സമനിലയും അവസാന മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയും വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലെസ്റ്റര്‍ സിറ്റി, എവര്ട്ടണ്, ടോട്ടന്‍ഹാം എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചിലുള്ള മറ്റു ടീമുകള്‍. 17 കളികളില്‍ നിന്ന് 11 വിജയവും മൂന്നും വീതം തോല്‍വിയും സമനിലയുമായി യുണൈറ്റഡ് 36 പോയിന്റാണ് നേടിയിരിക്കുന്നത്. രണ്ടാമതുള്ള ലിവര്‍പൂളിന് 17 മത്സരങ്ങളില്‍ 33 പോയിന്റുണ്ട്. കിരീടം നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ലിവര്‍പൂളിന് നന്നായി വിയര്‍ക്കേണ്ടി വരും.
അതേസമയം അലക്സ് ഫെര്‍ഗൂസന്റെ കീഴില്‍ 2012-13 സീസണില്‍ കിരീടം നേട്ടം ആഘോഷിച്ചതിന് ശേഷം മോശം പ്രകടനം തുടരുന്ന യുണൈറ്റഡിന് ഇത് ഉയര്‍ത്തെഴുന്നേല്‍പ്പാണ്. സൂപ്പര്‍ താരം പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ളവരുടെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.