നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട, മറ്റുള്ളവർ കഴിക്കട്ടെ: ഹലാൽ ഭക്ഷണം വിവാദമാക്കുന്നവരോട് മാമുക്കോയ
5 Jan 2021 12:45 AM GMT
മാമുക്കോയ

ഹലാൽ ഭക്ഷണ വിവാദമൊന്നും അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് ഞാൻ കരുതുന്നില്ല. ഈ സ്ഥലത്തിന്റെ പേരുകളൊക്കെ മാറ്റിയതുപോലെ ഹലാൽ എന്ന വാക്ക് അറബി പദമായതുകൊണ്ടുള്ള അലർജിയാകാം അവർക്ക്. ഇങ്ങനെയൊക്കെ തരം താഴ്ന്ന് ജീവിക്കുക എന്നുപറഞ്ഞാൽ എന്ത് ബോറൻ അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്.
ഹലാൽ ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തുന്നവർ വാങ്ങിക്കഴിക്കേണ്ട. എന്തെങ്കിലും ആളുകൾ ഈ പ്രചാരണം കേട്ട് ഭക്ഷണം കഴിക്കാതെയിരുന്നാൽ വിലകുറയും. അപ്പോൾ മറ്റുള്ളവർക്ക് കുറഞ്ഞവിലയ്ക്ക് സുഖമായി ഭക്ഷിക്കാം. ഇത്തരം പ്രചാരണത്തിനൊക്കെ ഈ ഉത്തരമേയുള്ളൂ
ഈ പ്രചാരണങ്ങളിൽ നിന്നൊക്കെ എന്ത് കിട്ടാനാണ് ഇക്കൂട്ടർക്ക്? ഹോട്ടലുകാർക്കും അറിയാം ഇവിടെ ഏറ്റവും മുന്തിയ ഭക്ഷണം പാകം ചെയ്യുന്നത് ആരാണെന്ന്. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാൻ കഴിക്കുന്നത് തന്നെ നീയും കഴിക്കണമെന്ന് വാദിക്കുന്നതെന്തിനാണ്? എന്തായാലും ഒരു ബഹുസ്വര സമൂഹത്തിൽ ഈ നിലപാട് നന്നല്ല.

ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ ബുദ്ധിയും സംസ്‌കാരവും ഉള്ള ജനതയുണ്ടെന്നാണ് നമ്മൾ അവകാശപ്പെടുന്നത്. എന്നാൽ വിവരമുള്ള, വായിക്കുന്ന, അറിവുള്ള സാഹിത്യകാരന്മാരായിട്ടുള്ള ആളുകളിൽ ബിജെപിയോട് ചേർന്നുനിൽക്കുന്നവർ പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്. അവർ ഇത്തരം പ്രചാരണങ്ങളെ പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യും. അതെന്താണതിന്റെ ഉദ്ദേശം? പൊതുവേദികളിൽ ഒക്കെ ഗംഭീരമായി പ്രസംഗിക്കുന്ന, പേരുകേട്ട ആളുകളാണവർ. അവരെന്തിനാണ് ഇത്തരം കാര്യങ്ങളെയൊക്കെ ന്യായീകരിക്കുന്നത് എന്നതാണ് മനസിലാകാത്തത്. എന്ത് സാഹിത്യ ലോകത്താണ് ഇവർ ജീവിക്കുന്നത്?
ഇത്തരം പ്രവണതകളെ പാടെ എതിർക്കുന്ന സാഹിത്യ ലോകത്തുള്ളവരെ നോട്ടപ്പുള്ളികളാക്കി തട്ടിക്കളയും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പേടിച്ചിട്ട് പലരും പരസ്യമായി ഒന്നും പറയുന്നില്ല. അത്ര വൃത്തികെട്ട അവസ്ഥയിലേക്ക് രാഷ്ട്രീയം പോയി. മതങ്ങളും അങ്ങനെ തന്നെയാണ് പോകുന്നത്.
ഇത്തരം ചർച്ചകളിൽ കെട്ടിമറിയാതെ, ഇതൊക്കെയും ഒരു വിഷയമാക്കിയെടുക്കാതെ വിടുകയാണ് വേണ്ടത്.
Mamukkoya on Halal food controversy. – As told to Ajmal Abbas.