Meet The Editors

‘മാലിക് ഒരു ഫിക്ഷണല്‍ കഥ’; പ്രേക്ഷകര്‍ക്ക് മറ്റു സംഭവങ്ങളുമായി വേണമെങ്കില്‍ ബന്ധപ്പെടുത്താമെന്ന് മഹേഷ് നാരായണന്‍

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കവെ പറഞ്ഞു.

‘എന്നെ സംബന്ധിച്ചെടുത്തോളം മാലിക്ക് ഒരു ഫിക്ഷണല്‍ കഥയാണ്. ഇനി ആളുകള്‍ക്ക് അതിനെ മറ്റ് സംഭവങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാമെങ്കില്‍ അവര്‍ അങ്ങനെ വായിച്ചോട്ടെ.’

മഹേഷ് നാരായണന്‍

ഈ മാസം 15നാണ് മാലിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതിരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം തന്നെ ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളായി തന്നെ ഉണ്ട്.

കൊവിഡ് സാഹചര്യം മൂലം ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേമ്പറിനെ സമീപിക്കുകയായിരുന്നു. നേരത്തെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തിയേറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.

Latest News