നായനാരുടെയും വി എസിന്റെയും പിന്‍ഗാമിയായി മലമ്പുഴയിലെത്തുന്നത് ആര്? ; ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡല ചിത്രം
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും സിപിഐഎമ്മിനെ കൈവിട്ടിട്ടില്ലാത്ത അമ്പലപ്പുഴ മണ്ഡലം പാലക്കാട് ജില്ലയിലെ ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയാണ്.
2 Feb 2021 6:48 AM GMT
അനുപമ ശ്രീദേവി

കേരളത്തിലെ ഇടതുമുന്നണിയുടെ വിലപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സിപിഐഎം ഉരുക്കുകോട്ടയായ മലമ്പുഴ. ഇ കെ നായനാരും വി എസും അടങ്ങുന്ന ഇടതുമുന്നണിയുടെ ശക്തരായ മുഖ്യമന്ത്രിമാര്‍ക്ക് ഒന്നിലധികം തവണ നിയമസഭയിലേക്ക് അവസരം നല്കിയ മണ്ഡലം, ചരിത്രത്തില്‍ ഒരിക്കല്‍ പോലും സിപിഐഎമ്മിനെ കൈവിട്ടിട്ടില്ല. 1967 മുതല്‍ 2016 വരെ നീളുന്ന അരനുറ്റാണ്ടോളം കാലം സിപിഐഎം പ്രതിനിധികള്‍ മാത്രമാണ് മലമ്പുഴയില്‍ നിന്ന് വിജയിച്ചിട്ടുള്ളത്.
അതില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടതുമുന്നണിയിലെ അതികായന് വി എസ് അച്യുതാനന്ദന്റെ മണ്ഡലമായി മലമ്പുഴ തുടരുന്നു. എന്നാല്‍ വരുന്ന 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസിന്റെ അഭാവം മണ്ഡലത്തിലെ പ്രധാന മാറ്റമാകുന്നു. അനാരോഗ്യം കാരണം തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്മാറിയ അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രചാരണഘട്ടത്തിലും ഇടതുമുന്നണിക്ക് നഷ്ടമുണ്ടാക്കുമെന്നിരിക്കെ ഇത് മണ്ഡലം പിടിക്കാനുള്ള അവസരമാക്കാമെന്ന പ്രതീക്ഷയിലാണ് 2016-ല്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ബിജെപി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
1967-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ നാരായണനെ പിന്തള്ളി സിപിഐഎം നേതാവ് എം പി കുഞ്ഞിരാമന് വിജയിക്കുന്നതോടെയാണ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിലെ സിപിഐഎം അപ്രമാധിത്വം ആരംഭിക്കുന്നത്.
എന്നാല്‍ 1969 ജനുവരിയില്‍ അദ്ദേഹം മരണപ്പെട്ടു. ഇതോടെ 1969-ല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും സിഐടിയു നേതാവ് വി കൃഷ്ണദാസ് സിപിഐഎം ബാനറില്‍ നിന്ന് വിജയിക്കുകയും ചെയ്തു. പിന്നീട് 1970-ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി എം സുന്ദരത്തെ പരാജയപ്പെടുത്തി കൃഷ്ണദാസ് തന്നെ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിര്‍ത്തി.
1977-ല്‍ യുഡിഎഫിന്റെ ഭാഗമായ ആര്‍എസ്പി പ്രധാന എതിരാളികളായപ്പോഴും സിപിഐഎമ്മിന് തന്നെയായിരുന്നു വിജയം. ആര്‍എസ്പി സ്ഥാനാര്‍ഥി സി എം ചന്ദ്രശേഖരനെ പിന്തള്ളി പ്രമുഖ സിപിഐഎം നേതാവ് പി വി കുഞ്ഞികണ്ണന്‍ വിജയിച്ചു. 1980-ലെ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ നിന്ന് മലമ്പുഴയിലേക്ക് സീറ്റുമാറിയ പ്രമുഖ നേതാവ് ഇ കെ നായനാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കേരള മുഖ്യമന്ത്രി പദത്തിലേക്ക് എത്തി. പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള ആ ജയത്തില്‍ ജനതാപാര്‍ട്ടിയുടെ കെ രാജനായിരുന്നു മണ്ഡലത്തില്‍ നായനാരുടെ പ്രധാന എതിരാളി.
എന്നാല്‍ കോണ്‍ഗ്രസ് സെക്കുലര്‍ നിന്ന് ലഭിച്ചിരുന്ന പിന്തുണ നഷ്ടമാവുകയും എട്ട് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുകയും ചെയ്തതോടെ 1980-ല്‍ ഭരണമേറ്റ ആദ്യ നായനാര്‍ സര്‍ക്കാര്‍ പിരിച്ചുവിടേണ്ടി വന്നു. തുടര്‍ന്ന് 1982-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്നുതന്നെ നായനാര്‍ മത്സരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വിജയരാഘവനായിരുന്നു എതിരെ. അന്ന് 16596 വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ ഇ കെ നായനാര്‍ വിജയിച്ചു.
1987 തെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ വീണ്ടും ഇരുക്കൂറേക്ക് മടങ്ങുകയും മണ്ഡലത്തിലേക്ക് മറ്റൊരു പ്രമുഖ നേതാവായ ടി ശിവദാസമേനോന് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രധാന എതിരാളിയായി തിരിച്ചെത്തിയ തെരഞ്ഞെടുപ്പില്‍ എ തങ്കപ്പനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അടുത്ത രണ്ട് ടേമിലും ശിവദാസമേനോന് തന്നെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1991-ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ വി കൃഷ്ണദാസ് സിപിഐഎമ്മുമായി പിരിഞ്ഞ് രൂപീകരിക്കപ്പെട്ട സിഎംപി ബാനറില്‍ സിപിഐഎമ്മിനെതിരെ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. 1996-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ഗുരുസ്വാമിയെയാണ് 18779 വോട്ടുകള്‍ക്ക് ടി ശിവദാസമേനോന് പിന്തള്ളിയത്.
പിന്നീട് 2001-ലെ തെരഞ്ഞെടുപ്പിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വി എസ് അച്യുതാനന്ദന് ആദ്യമായി മലമ്പുഴയിലെത്തുന്നത്. 1996-ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്തുനിന്ന് പരാജയപ്പെട്ട വി എസ് 2001-ല്‍ മലമ്പുഴയില്‍ നിന്ന് വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി പ്രധാന എതിരാളിയായെത്തിയ തെരഞ്ഞെടുപ്പില്‍ 4703 വോട്ടുകള്‍ക്കായിരുന്നു വി എസിന്റെ വിജയം. 2006-ലെ തെരഞ്ഞെടുപ്പിലും സതീശന് പാച്ചേനിയോട് മത്സരിച്ച് വിജയമാവര്‍ത്തിച്ച വി എസിന്റെ ഭൂരിപക്ഷം അന്ന് ഇരുപതിനായിരത്തിലധികമായിരുന്നു.

2006-ലെ കേരള സര്‍ക്കാരിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വി എസിന് പക്ഷേ 2011 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റുനിഷേധിച്ചു. സംസ്ഥാനമോട്ടാകെ പ്രതിഷേധങ്ങളുണ്ടാക്കിയ ഈ നടപടിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം സിപിഐഎം വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ 2011 തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്നു തന്നെ വി എസ് മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായെങ്കിലും വി എസ് ഫാക്ടര്‍ ആ തവണ കേരളത്തിലുണ്ടാക്കിയ തരംഗത്തിന്റെ ഭാഗമായാണ് യുഡിഎഫിന്റെ വിജയം മങ്ങിപ്പോയതെന്ന് നിരീക്ഷിക്കപ്പെട്ടു. ആ തെരഞ്ഞെടുപ്പില്‍ 23440 വോട്ടുകള്‍ക്കാണ് വി എസ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. പ്രധാന എതിരാളിയായി രംഗത്തുണ്ടായിരുന്നത് പ്രമുഖ മഹിള കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷായിരുന്നു.

ഇടതുമുന്നണി വീണ്ടും അധികാരത്തിലേറിയ 2016-ലെ തെരഞ്ഞെടുപ്പിലും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വി എസ് കേരള നിയമസഭയിലെത്തി. ജില്ലയില്‍ യുവ നേതാക്കളെ പരീക്ഷിച്ച കോണ്‍ഗ്രസ് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന യുവ നേതാവ് വി എസ് ജോയിയെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ 35333 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തള്ളപ്പെടുകയും ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാമനത്തേക്ക് മുന്നേറുകയും ചെയ്തു. അന്നുവരെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതിരുന്ന ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ഇത്. ജില്ലയിലാകെ ബിജെപിയുണ്ടാക്കിയ വളര്‍ച്ച നിഴലിച്ച തെരഞ്ഞെടുപ്പില്‍ 46157 വോട്ടുകളാണ് സി കൃഷ്ണകുമാര്‍ നേടിയത്.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തനായ വി എസ് മണ്ഡലത്തിലുണ്ടാകില്ലെന്നിരിക്കെ ഈ രണ്ടാം സ്ഥാനം നേമം മാതൃകയില്‍ വിജയത്തിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2016-ലെ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ സഞ്ചരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിയ വി എസിന്റെ അഭാവം കേരളത്തിലൊന്നാകെ ദൃശ്യമാകുമെന്നിരിക്കെയാണ് മണ്ഡലത്തില്‍ ഇടതുപക്ഷം ഈ ബിജെപി വെല്ലുവിളി നേരിടുന്നത്. കോട്ട കൈവിട്ടുപോകാതിരിക്കാന്‍ ശക്തരായ സ്ഥാനാര്‍ഥികളെ തന്നെ സിപിഐഎം പരിഗണിക്കുമെന്നിരിക്കെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് മുതല്‍ എം ബി രാജേഷ്, എന്‍ എന്‍ കൃഷ്ണദാസ് എന്നിവരുടെ പേരാണ് മണ്ഡലത്തില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്.

അതേസമയം ഇത്തവണ പ്രാദേശിക നേതാക്കളെ മണ്ഡലത്തില്‍ പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ ജില്ല കമ്മിറ്റിയംഗമായ പി എ ഗോകുല്‍ദാസ് , പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, സിഐടിയു നേതാവ് എ പ്രഭാകരന് എന്നിവരുടെ പേരാണ് സ്ഥാനാര്‍ഥി സാധ്യതകളില്‍ പറയപ്പെടുന്നത്. എന്നാല്‍ എ പ്രഭാകരന് ഒഴികെയുള്ള രണ്ടുപേര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ മത്സരംഗത്തുണ്ടാകാനുള്ള സാധ്യത കുറവാണ്.
അതേമയം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മലമ്പുഴ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കാനായ സാഹചര്യത്തില്‍ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. അതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം പിടിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ തന്നെ വീണ്ടും ബിജെപി മണ്ഡലത്തില്‍ അവതരിപ്പിച്ചേക്കും.