ഗ്രാമത്തിൽ എല്ലാവർക്കും കൊവിഡ് വാക്സിൻ എത്തിച്ച് മഹേഷ് ബാബു

സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്സിൻ എത്തിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ജനങ്ങൾക്കാണ് താരം വാക്‌സിൻ എത്തിച്ചത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്‍കറാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

‘ബുറുപലേമിൽ ഏഴ് ദിവസത്തെ വാക്‌സിനേഷൻ ഡ്രൈവ് കഴിഞ്ഞു.ഞങ്ങളുടെ ഗ്രാമത്തിൽ വാക്‌സിനേഷൻ നടത്തിയതിൽ സന്തോഷം. നന്ദി മഹേഷ്, ഒപ്പം വാക്‌സിനേഷൻ സ്വീകരിക്കാൻ എത്തിയ എല്ലാ ഗ്രാമവാസികൾക്കും. വാക്‌സിനേഷൻ ഈ മണിക്കൂറിന്റെ ആവശ്യകതയാണ്. എല്ലാവരും സ്വീകരിക്കുക’, നമ്രത ശിരോദ്‍കർ കുറിച്ചു. വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്.

‘സറക്കു വാരി പട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സറക്കു വാരി പട്ട. ബോളിവുഡ് താരം വിദ്യാ ബാലന്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനില്‍ കപൂറാണ് ചിത്രത്തിലെ വില്ലനെന്നും അഭ്യൂഹങ്ങളുമുണ്ട്.

പരശുറാം ആണ് ‘സറക്കു വാരി പട്ട’യുടെ സംവിധായകന്‍. എസ് താമനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘സരിലേരു നീക്കെവ്വറു’ എന്ന ആക്ഷന്‍ ത്രില്ലറിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. അനില്‍ രവി പുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രഷ്മികയായിരുന്നു ചിത്രത്തിലെ നായിക.

Covid 19 updates

Latest News