Top

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സ്‌കോളര്‍ഷിപ്പിന്റെ 20 ശതമാനം യുഡിഎഫ് ക്രിസ്ത്യാനികള്‍ക്ക് നല്‍കുകയായിരുന്നു: എംഎ ബേബി

ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മാത്രം മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്‍പ്പര്യത്തിനെതിരാണെന്നും എംഎ ബേബി പറഞ്ഞു.

30 May 2021 12:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സ്‌കോളര്‍ഷിപ്പിന്റെ 20 ശതമാനം യുഡിഎഫ് ക്രിസ്ത്യാനികള്‍ക്ക് നല്‍കുകയായിരുന്നു: എംഎ ബേബി
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടതെന്ന് എംഎ ബേബി പറഞ്ഞു. അത് നടപ്പിലാക്കപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് കൂടി നല്‍കുകയായിരുന്നുവെന്നാണ് എംഎ ബേബി പറഞ്ഞത്. എന്നാല്‍ എല്‍ഡിഎഫ് ഭരണകാലത്താണ് 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കിയതെന്നായിരുന്നു മുസ്ലീം ലീഗിന്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മാത്രം മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്‍പ്പര്യത്തിനെതിരാണെന്നും എംഎ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ന്യൂനപക്ഷ സ്കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്. അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.

കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.കേരളത്തിലെ എൽ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നപ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്.

Next Story