‘സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി ‘; ഇതുവരെ പറയാത്ത മൊഴി തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെ വന്നെന്ന് എംഎ ബേബി

ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാരിനെതിരെയായ മൊഴി നല്‍കിപ്പിച്ചതെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. സ്വപ്നയുടെ മകളെ വെച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടാമെന്നും എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിനു മുന്നിലെ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി.

എന്‍ഫോഴ്‌സ്‌മെന്റിനെയും കസ്റ്റംസിന്റെയും എന്‍ഐഎയുടെയും കസ്റ്റഡിയില്‍ വെച്ച് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിലൊന്നും പുറത്തുവരാത്ത മൊഴി തെരഞ്ഞെടുപ്പ് കാലത്ത് വന്നതില്‍ ദുരൂഹതയുണ്ടെന്ന് എംഎ ബേബി ആരോപിച്ചു. 32 ദിവസമാണ് മൂന്ന് ഏജന്‍സികളും സ്വപന സുരേഷിനെ ചോദ്യം ചെയ്തത്. ഈ 32 ദിവസവും സ്വപ്ന സുരേഷ് ഇങ്ങനെ ഒരു ഏറ്റുപറച്ചില്‍ നടത്തിയിട്ടില്ല. സ്വപ്‌നയെ ഭീഷണിപ്പെടുത്തുകയും പ്രലോഭിക്കുകയും ചെയ്തിട്ടുണ്ടെന്നും എംഎ ബേബി ആരോപിച്ചു.

പിണറായി വിജയന്‍ പെട്ടന്ന് പാരച്യൂട്ടില്‍ വന്നിറങ്ങിയ ആളല്ല. അദ്ദേഹം നിരവധി പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന ആളാണെന്നും എംഎ ബേബി പറഞ്ഞു. സംഘപരിവാറിന്റെ പിന്‍പാട്ടുകാരായി കോണ്‍ഗ്രസ് മാറുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ച് കസ്റ്റംസ് ഓഫീസിനു മുന്നില്‍ ധര്‍ണ ഇരുന്നു. കൊച്ചിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎല്‍എ, കെ ചന്ദ്രനപ്പിള്ള എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് നടന്ന മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീചമായ ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലെ കസ്റ്റംസ് സത്യവാങ്ങ് മൂലമെന്ന് പി മോഹനന്‍ പറഞ്ഞു. മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടന്നത്.

Latest News