Top

എം മുകുന്ദന്‍ മയ്യഴി പുഴയുടെ തീരം വിടുന്നു; വീടുമാറുന്നത് തുടര്‍ച്ചയായ വാഹനാപകടങ്ങള്‍ കാരണം

മയ്യഴിപ്പുഴയുടെ തീരത്തെ വീട്ടില്‍ നിന്നും കഥാകാരന്‍ എം മുകുന്ദന്‍ പടിയിറങ്ങുന്നു. തുടര്‍ച്ചയായിയുണ്ടാകുന്ന വാഹനാപകടങ്ങളാണ് താമസം മാറാനുള്ള തീരുമാനത്തിന് പിന്നില്‍. മാഹിയില്‍ നിന്ന് പള്ളൂരിലേക്കാണ് മലയാളിയുടെ പ്രിയ കഥാകാരന്‍ താമസം മാറുന്നത്.

8 Dec 2020 4:19 AM GMT

എം മുകുന്ദന്‍ മയ്യഴി പുഴയുടെ തീരം വിടുന്നു; വീടുമാറുന്നത് തുടര്‍ച്ചയായ വാഹനാപകടങ്ങള്‍ കാരണം
X

മാഹി: മയ്യഴിപ്പുഴയുടെ തീരത്തെ വീട്ടില്‍ നിന്നും കഥാകാരന്‍ എം മുകുന്ദന്‍ പടിയിറങ്ങുന്നതായി റിപ്പോര്‍ട്ട്‌. തുടര്‍ച്ചയായിയുണ്ടാകുന്ന വാഹനാപകടങ്ങളാണ് താമസം മാറാനുള്ള തീരുമാനത്തിന് പിന്നില്‍. മാഹിയില്‍ നിന്ന് പള്ളൂരിലേക്കാണ് മലയാളിയുടെ പ്രിയ കഥാകാരന്‍ താമസം മാറുന്നത്. മയ്യഴിയും മയ്യഴപ്പുഴയുടെ തീരങ്ങളും തൂലികയിലൊപ്പിയെടുത്താണ് മുകുന്ദന്‍ അവിടം വിടുന്നത്.

സെമിത്തേരി റോഡിനും ഭാരതിയാര്‍ റോഡിനുമിടയിലെ വളവിലാണ് എം മുകുന്ദന്റെ വീട്. വളവില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങള്‍ എട്ടുതവണ വീടിന്റെ മതിലുതകര്‍ത്തു. ഒരു തവണ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനും അപകടമുണ്ടായി. ഇതോടെയാണ് വീടുവിടാനുള്ള തീരുമാനത്തിലെത്തിയത്. പള്ളൂരിലെ പുതിയ വീടിനും ‘മണിയമ്പത്ത്’ എന്നുതന്നെയാണ് പേര്.

മയ്യഴിപ്പുഴയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന എം മുകുന്ദന്റെ തന്റെ കഥകളിലൂടെയാണ് ലോകത്തിന് മുന്നില്‍ മയ്യഴിയെ എത്തിച്ചത്. അദ്ദേഹത്തിന്റെ 1992 ല്‍ പ്രസിദ്ധീകരിച്ച മയ്യഴിപുഴയുടെ തീരങ്ങള്‍ എന്ന പ്രശസ്ത നോവലില്‍ മയ്യഴിയുടെ സ്വത്വവും ചരിത്രവുമാണ് അദ്ദേഹം കുറിച്ചിട്ടത്. കൃതിക്ക് എം പി പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിരുന്നു.

ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകള്‍, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് എം മുകുന്ദന്റെ മറ്റ് പ്രധാന കൃതികള്‍.

Next Story