italian serie a

”മിലാന്റെ രാജാവിനെ യഥാര്‍ഥ ദൈവം കിരീടം അണിയിച്ചു; ഇനി പാദ നമസ്‌കാരം ചെയ്‌തോളു” ഇബ്രാഹിമോവിച്ചിനെ ട്രോളി ലുക്കാക്കു

‘പക വീട്ടാനുള്ളതാണ്’ എന്നത് ഇന്റര്‍ മിലാന്റെ ബെല്‍ജിയന്‍ താരം റൊമേലു ലുക്കാക്കുവിനെ ആരും പഠിപ്പിക്കേണ്ട. ഗ്രൗണ്ടിന് അകത്തും പുറത്തും ഈ സ്വഭാവമുള്ള ലുക്കാക്കു ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് എ.സി. മിലാന്റെ സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സഹതാരങ്ങളായ ഇരുവരും ഇറ്റലിയില്‍ അത്ര രസത്തിലല്ല. കോപ്പാ ഇറ്റാലിയ ഫൈനലില്‍ ഇന്റര്‍-എ.സി. മിലാന്‍ മത്സരത്തിനിടെ ഇരുവരും കൊമ്പുകോര്‍ക്കുകയും പരസ്പരം അധിക്ഷേപവും അസഭ്യവും ചൊരിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും പിഴയും വിലക്കും ലഭിച്ചിരുന്നു. ഇപ്പോള്‍ സ്ലാട്ടനെതിരേ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുകയാണ് ലുക്കാക്കു.

കഴിഞ്ഞ ദിവസം സീരി എയില്‍ ഇന്റര്‍ മിലാന്‍ കിരീടം ഉറപ്പാക്കിയിരുന്നു. ലുക്കാക്കുവിന്റെ മികച്ച പ്രകടനമായിരുന്നു ടീമിനു തുണയായത്. അതിനു പിന്നാലെ താരം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ”യഥാര്‍ഥ ദൈവം മിലാനിലെ രാജാവിനെ കിരീടമണിയിച്ചിരിക്കുന്നു. ഇനി എല്ലാവരും രാജാവിനെ നമസ്‌കരിക്കൂ” എന്നായിരുന്നു ട്വീറ്റ്.

താനാണ് ഫുട്‌ബോളിലെ ദൈവം എന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നയാളാണ് ഇബ്രാഹിമോവിച്ച്. ഇതിനൊരു ചെറിയ പ്രഹരം നല്‍കുകയെന്ന ഉദ്ദേശത്തിലാണ് ഇപ്പോള്‍ ലുക്കാക്കുവിന്റെ ട്വീറ്റ്. ഇറ്റലിയില്‍ ഇന്റര്‍ കിരീടം ചൂടിയതു തന്റെ മികവിലാണെന്നും താനാണ് ഇറ്റലിയിലെയും മിലാനിലെയും രാജാവെന്നും സൂപ്പര്‍ താരമെന്ന് സ്വയം അഹങ്കരിക്കുന്നവര്‍ തന്റെ താഴെയാണെന്നും പറയാതെ പറയുകയായിരുന്നു ബെല്‍ജിയം താരം.

ലുക്കാക്കുവിന്റെ ട്വീറ്റിന് ഇതുവരെ ഇബ്ര പ്രതികരിച്ചിട്ടില്ല. കളത്തിലും പുറത്തും വാക്പ്രയോഗങ്ങള്‍ നടത്തുന്നതില്‍ ഒട്ടും പിശുക്ക് കാട്ടാത്ത ഇബ്രയുടെ ഡയലോഗിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Covid 19 updates

Latest News