‘ഓ സനം’ അൺപ്ലഗ്ഡ് ആലപിച്ച് വീണ്ടും ലക്കി അലി; ഗൃഹാതുരത്വമുണർത്തും തരംഗത്തിൽ ഇന്റർനെറ്റ്

തന്റെ സ്വതസിദ്ധമായ ആലാപനശൈലിയും ശബ്ദവും കൊണ്ട് ഇന്ത്യൻ സംഗീത ലോകത്ത് പ്രത്യേകസ്ഥാനം കൈയടക്കിയ ലക്കി അലി പുതു തലമുറയിലെ സംഗീതപ്രേമികൾക്കിടയിലും സ്വീകാര്യനാകുന്നു. തന്റെ ആദ്യ സംഗീത ആല്ബമായ ‘സുനോ’ എന്ന ഗാനസമാഹാരത്തിൽ നിന്നും ‘ഓ സനം മുഹബത് കി കസം’ എന്ന് തുടങ്ങുന്ന വരികൾ ശബ്ദത്തിലെ അതെ മാജിക് നിലനിർത്തി കൊണ്ട് ‘അൺപ്ലഗ്ഡ് വേർഷൻ ‘ ആയി പാടിയാണ് ലക്കി അലി വീണ്ടും ഇന്റർനെറ്റിൽ തരംഗം ഉണർത്തുന്നത്.

ലക്കി അലിയുടെ കന്നി സംഗീത ആൽബമാണ് 1996ൽ പുറത്തിറങ്ങിയ ‘സുനോ’. അക്കാലത്തേ വളരെ ജനശ്രദ്ധ ആകർഷിച്ചിരുന്നു ഈ ആൽബവും അതിലെ ഗാനങ്ങളും. ഇന്ന് 24 വർഷങ്ങൾക്കു ശേഷം, ലക്കി അലി ‘ഓ സനം’ എന്ന ഗാനത്തിന്റെ അൺപ്ലഗ് പതിപ്പുമായി എത്തി കലാപ്രേമികളുടെ അംഗീകാരവും സ്നേഹവും വാരിക്കൂട്ടുകയാണ്. ലക്ഷക്കണക്കിന് ആസ്വാദകരാണ് ഈ അൺപ്ലഗ്ഡ്‌ വേർഷൻ ഇൻസ്റ്റാഗ്രാമിൽ കണ്ടിരിക്കുന്നത്.

അലസമായ മട്ടിൽ ഒരു വെള്ള തൊപ്പിയും ധരിച്ചു ഗിറ്റാറിനൊപ്പം മൂളിപ്പാട്ടെന്ന മട്ടിലാണ് അദ്ദേഹം ഈ ഗാനം ആലപിക്കുന്നത്. ലക്കി അലി ഈ അൺപ്ലഗ്ഡ്‌ വേർഷൻ ആലപിക്കുന്ന വീഡിയോ ഫോട്ടോഗ്രാഫർ സാദ് ഖാൻ “ലക്കി അലി – ഓ സനം (2020 അൺപ്ലഗ്ഡ് ലൈവ്)” എന്ന കുറിപ്പോടെ തന്റെ യൂട്യൂബ് പേജിൽ പങ്കിട്ടിരുന്നു. പിന്നീടാണ് ലക്കി അലി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോയുടെ ഒരു പതിപ്പ് പങ്കിട്ടത് .

“ലക്കി അലിയെപ്പോലുള്ള കലാകാരന്മാർ വിരളമാണ്..ശരിക്കും രത്നം,” ഒരു ഉപയോക്താവ് എഴുതി. മറ്റൊരു യു ട്യൂബ് ഉപയോക്താവ് ” ഈ വീഡിയോ ഉടൻ ട്രെൻഡു ആകുമെന്നും..ബുദ്ധിമുട്ടാർന്ന സമയങ്ങളിൽ താങ്കളുടെ ശബ്ദം എനിക്ക് സമാധാനം നൽകുന്നു..താങ്കളെ എന്നും ഞങ്ങൾ സ്നേഹിക്കുന്നു..താങ്കൾ ആരോഗ്യവാനായിരിക്കട്ടെ എന്നാശംസിക്കുന്നു സർ.”എന്നുമാണ് എഴുതിയത്.

മികച്ച പോപ്പ് ഗായകൻ എന്ന പ്രശസ്തിക്കും അവാർഡുകൾക്കുമപ്പുറം നിരവധി ഹിന്ദി ചലച്ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹിറ്റായ മ്യൂസിക് ആൽബങ്ങൾ കൂടാതെ പ്രിയങ്ക ചോപ്ര-രൺബീർ കപൂറിന്റെ ‘അഞ്ചാനാ അഞ്ചാനി’, ഹൃതിക് റോഷൻ-അമീഷാ പട്ടേൽ ചിത്രമായ ‘കഹോ നാ പ്യാർ ഹെ ‘ ‘സുർ ‘തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെയും അദ്ദേഹം ജനഹൃദയങ്ങളിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

Covid 19 updates

Latest News