പീവയുടെയും കീരിയുടെയും സ്നേഹം ലോകം കണ്ടു; കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്, സത്യാഗ്രഹം നടത്താൻ പീവ
അവശ നിലയിൽ കണ്ടെത്തിയ കീരിയെ പീവ ചികിത്സ നൽകി സംരക്ഷിച്ചു വരികയായിരുന്നു
2 April 2022 6:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി സ്വദേശി പീവയുടെയും വളർത്തു കീരിയുടെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അവശ നിലയിൽ കണ്ടെത്തിയ കീരിയെ പീവ ചികിത്സ നൽകി സംരക്ഷിച്ചു വരികയായിരുന്നു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം കീരിയെ വനംവകുപ്പ് ഏറ്റെടുത്തു. ഇതോടെ സത്യാഗ്രഹം ഇരിക്കാനാണ് പീവയുടെ തീരുമാനം. രണ്ടരമാസത്തോളം താൻ സംരക്ഷിച്ചുവളർത്തിയ കീരിയെ തിരികെ വേണമെന്നാണ് പിവയുടെ ആവശ്യം.
പരിക്കേറ്റ നിലയിൽ കീരിയെ കിട്ടിയപ്പോൾ തന്നെ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും, ആരെയെങ്കിലും ഉപദ്രവിക്കുകയോ മറ്റോ ചെയ്താൽ വിവരം അറിയിക്കാനായിരുന്നു മറുപടി. എന്നാൽ ഇന്നലെ രാവിലെ ചില വിവരങ്ങൾ ചോദിച്ചറിയാനായി ഓഫിസിലേക്ക് എത്താൻ അറിയിക്കുകയായിരുന്നു. ശേഷമാണ് കീരിയെ ഏറ്റെടുത്തതും വൈദ്യ പരിശോധന നടത്തി കീരിയുടെ ആരോഗ്യ നില ഉറപ്പു വരുത്തിയ ശേഷം ആവാസ മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചത്.
താമരശ്ശേരി ടൗണിലെ ചാലുംമ്പാട്ടിൽ അബ്ദുൽ ഗഫൂർ എന്ന പീവ രണ്ടര മാസം മുൻപാണ് വീടിന്റെ പരിസരത്ത് അവശനിലയിൽ കണ്ട ആൺ കീരിക്കുഞ്ഞിനെ എടുത്ത് പരിപാലിച്ചത്. ദിവസങ്ങൾ കഴിഞ്ഞതോടെ ചൂളം വിളിച്ചാൽ കീരി ഓടി എത്തി ദേഹത്തു കയറുകയും തല കൊണ്ട് ഉരുമി പീവയോടുളള സ്നേഹ പ്രകടിപ്പിക്കുവാനും തുടങ്ങി. മത്സ്യ കച്ചവടക്കാരനാണ് പീവ. പാലും കോഴി ഇറച്ചിയും ഒക്കെ നൽകിയാണ് അദ്ദേഹം കീരിയെ പരിപാലിച്ചത്.
Story highlights: Satyagraha of young man demanding the return of his pet