Top

'കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ടത് മുന്‍ അനുഭവത്താല്‍'; വീട്ടുകാര്‍ പറയുന്നു

സമരക്കാരായ സ്ത്രീകളടക്കം ഉദ്യോ​ഗസ്ഥരെ തടഞ്ഞെങ്കിലും ഉദ്യോ​ഗസ്ഥർ ​മതിലു ചാടി വീട്ടിലേക്ക് പ്രവേശിച്ചു.

15 March 2022 12:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ടത് മുന്‍ അനുഭവത്താല്‍; വീട്ടുകാര്‍ പറയുന്നു
X

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് വേണ്ടി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ ചെറുക്കാന്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് വീട്ടുകാര്‍. പോത്തന്‍കോട് മുരുക്കുംപുഴയിലാണ് സംഭവം. റെയില്‍വേ സ്‌റ്റേഷന് സമീപം ബിബിനാ കോട്ടേജില്‍ ബിബിന ലോറന്‍സിന്റെ (69) വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരുടെ പ്രതിഷേധം.

ഉദ്യോ​ഗസ്ഥർ കല്ലിടലിനായി വീട്ടിലെത്തിയപ്പോൾ ​ഗെയ്റ്റ് അടച്ചിരുന്നു. സമരക്കാരായ സ്ത്രീകളടക്കം ഉദ്യോ​ഗസ്ഥരെ തടഞ്ഞെങ്കിലും ഉദ്യോ​ഗസ്ഥർ ​മതിലു ചാടി വീട്ടിലേക്ക് പ്രവേശിച്ചു. പിന്നീട് ഉദ്യോ​ഗസ്ഥരെ പിന്തിരിയിപ്പിക്കാനായി വീട്ടുകാർ വളർത്തു നായകളെ അഴിച്ചുവിടുകയായിരുന്നു. ഇതോടെ ഉദ്യോ​ഗസ്ഥർ കല്ലിടലിൽ നിന്നും പിൻവാങ്ങി.

രണ്ടാം പ്രാവശ്യമാണ് തന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് വീട്ടുടമസ്ഥ ബിബിന ലോറൻസ് പറഞ്ഞു. മുമ്പ് റെയിൽ ലൈൻ ഇരട്ടിപ്പിക്കുന്നതിനായി ബിബിനയുടെ പത്തര സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് നഷ്ടപരിഹാരമായി ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുൻവശവും അന്നു നഷ്ടപ്പെട്ടവെന്നും ബിബിന പറഞ്ഞു. സംഭവത്തെ തുടർന്ന് കൂടുതൽ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തുവന്നതോടെ മംഗലപുരം എസ്എച്ച്ഒ എച്ച്എൽ സജീഷ് ബിബിനയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗസ്ഥർ വീണ്ടും വീടിനകത്തു കയറി കല്ലിട്ടത്.

കെ റെയിൽ പദ്ധതി വരുന്നതോടെ പ്രദേശത്തെ 23 ഓളം വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ ഉദ്ദേശ്യം. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിരുന്നു. സമരസമിതി സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ് , ജില്ലാ കോർഡിനേറ്റർ ഷൈജു, മുരുക്കുംപുഴ സമരസമിതി പ്രസിഡൻ്റ് എകെ ഷാനവാസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം കെഎസ് അജിത്കുമാർ, മംഗലപുരം പഞ്ചായത്തംഗം എസ് ശ്രീചന്ദ്, യൂത്ത്കോൺഗ്രസ് ബ്ലോക്ക് മണ്ഡലം സെക്രട്ടറി രാജേഷ് മുല്ലശ്ശേരി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.

STORY HIGHLIGHTS: Protest Against K Rail Project; The Protesters unleashed Dogs against K Rail officials

Next Story