Top

ഓഡിറ്റിന് ഫയൽ നൽകാനായില്ല: മാനസിക സമ്മർദ്ദത്താൽ പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

അടുത്ത മാസം വിരമിക്കാനിരിക്കേയാണ് മരണം

28 April 2022 4:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓഡിറ്റിന് ഫയൽ നൽകാനായില്ല: മാനസിക സമ്മർദ്ദത്താൽ പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
X

തൃശൂർ: ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഫയൽ നൽകാനാവാത്ത മാനസിക സമ്മർദ്ദത്താൽ പഞ്ചായത്ത് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. അഡാട്ട് പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി സുരേഷ് ബാബുവാണ് (56) മരിച്ചത്. ആറ് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം ദീർഘകാലമായി ജോലി ചെയ്തിരുന്ന പുന്നയൂരിൽ നിന്ന് അടാട്ടു പഞ്ചായത്തിലേക്ക് മാറിയത്.

തദ്ദേശ ഭരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി പുന്നയൂർ പഞ്ചായത്തിൽ സുരേഷ് ബാബു ഉണ്ടായിരുന്ന കാലത്തെ ഓഡിറ്റ് നടക്കുകയാണ്. എന്നാൽ സുരേഷ് ബാബു കൈകാര്യം ചെയ്ത മൂന്ന് ഫയൽ കാണാതായതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് മെമ്മോ അയച്ചിരുന്നു. അതനുസരിച്ച് വ്യാഴാഴ്ച്ച രാവിലെ 11ഓടെ എത്തിച്ചുതരാമെന്ന് സുരേഷ് ബാബു മറുപടി നൽകുകയും ചെയ്തിരുന്നു.

എന്നാൽ വ്യാഴാഴ്ച്ച സുരേഷ് എത്താത്തതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പരിസരവാസികളുമായി പിൻഭാഗത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഇദ്ദേഹത്തിൻറെ പോക്കറ്റിൽ നിന്ന് ലഭിച്ച കുറിപ്പിൽ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം വിരമിക്കാനിരിക്കേയാണ് മരണം. പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

Story highlights: Panchayat official commits suicide due to mental stress

Next Story