Top

'സ്വാദിഷ്ടമായ കുഴലപ്പം വേണോ'?; നാട്ടിക സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയിലുണ്ടെന്ന് മന്ത്രി വാസവന്‍

''മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പം ഇവിടെ ലഭ്യം.''

29 Jun 2022 1:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വാദിഷ്ടമായ കുഴലപ്പം വേണോ?; നാട്ടിക സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയിലുണ്ടെന്ന് മന്ത്രി വാസവന്‍
X

നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലെ കുഴലപ്പം അടക്കമുള്ള ബേക്കറി ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി മന്ത്രി വിഎന്‍ വാസവന്‍. മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി പറഞ്ഞത്: ''കുഴലപ്പം, വിവിധയിനം മുറുക്കുകള്‍, ചിപ്‌സുകള്‍ തുടങ്ങി ഏത് തരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിലും നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ട്. മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണ്. മിക്‌സചറില്‍ പത്തോളം ഇനങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. മധുര പലഹാരങ്ങളും ഇവരുടെ അടുക്കളയില്‍ നിന്നും ന്യായമായ വിലയ്ക്ക് വിപണിയിലേയ്‌ക്കെത്തുന്നു. മരിച്ചീനി കൊണ്ടുള്ള അഞ്ചോളം ചിപ്‌സുകളും വിപണിയില്‍ ഇറക്കുന്നുണ്ട് ഇവര്‍. തൃപ്രയാറുള്ള സ്വന്തം ഷോപ്പിലൂടെയും വില്‍പ്പന നടത്തുന്നുണ്ട്. രണ്ടായിരത്തോളം അംഗങ്ങളുള്ള സഹകരണ സംഘത്തിന്റെ ശക്തമായ കൂട്ടായ്മയാണ് ഉല്‍പ്പന്നങ്ങളുമായി വിപണി പിടിച്ചടക്കാന്‍ സഹായിക്കുന്നത്.''


സഹകരണ സംഘങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.

ചില സംഘങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയിലേയ്ക്ക് കയറ്റി അയക്കുന്നുണ്ട്. ഇത്തരത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ ശീതീകരിച്ച ഗോഡൗണുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. സംസ്ഥാനത്ത് രണ്ട് സ്ഥലത്ത് ഇപ്പോള്‍ ഇത്തരം ഗോഡൗണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സംഭരണത്തിന് ശീതീകരിച്ച വാഹനങ്ങളും സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചിരുന്നു.


Next Story