മാലിന്യം ചികഞ്ഞ് വിലാസം കണ്ടുപിടിച്ചു; ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്നും 10000രൂപ പിഴയീടാക്കി പൊലിസ്
സമഗ്രമാലിന്യ പരിപാലനത്തിന് സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ലഭിച്ച പഞ്ചായത്താണ് കുമാരമംഗലം.
21 Sep 2021 1:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൊടുപുഴ : തൊടുപുഴ ടൗണില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കാനെന്ന പേരില്‍ കൊണ്ടുപോയി പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഓട്ടോഡ്രൈവറെ തൊടുപുഴ പൊലീസ് കൈയ്യോടെ പിടികൂടി. ഇയാളുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഒടുവില്‍ 10,000രൂപ പിഴയീടാക്കിയാണ് കേസ് തീര്‍പ്പാക്കിയത്.
ഏഴല്ലൂരില്‍ മാലിന്യം നിക്ഷേപിച്ചതോടെ കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഷേര്‍ളി ജോണ്‍ മാലിന്യത്തിന്റെ ഉറവിടം അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തി ഇയാള്‍ക്കെതിരെ നടപടി കൈക്കൊള്ളുകയായിരുന്നു.
കഴിഞ്ഞദിവസമാണ് പഞ്ചായത്തിലെ നാലാം വാര്‍ഡായ ഏഴല്ലൂര്‍ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. സെക്രട്ടറിയുടെ നേതൃത്വത്തിലെത്തി നടത്തിയ പരിശോധനയില്‍ മാങ്ങാട്ടുകവലയിലെ ഫിഫാ സ്റ്റോഴ്സില്‍ നിന്നുള്ള മാലിന്യങ്ങളാണ് പൊതുവഴിയില്‍ വലിച്ചെറിഞ്ഞതെന്ന് മനസ്സിലായി. തുടര്‍ന്ന് കടയുടമയെ നേരില്‍ക്കണ്ട് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പിഴയടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു.
കടയില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ സേനയ്ക്ക് നല്‍കുന്നതിന് ഓട്ടോക്കാരന്റെ പക്കല്‍ കൊടുത്തതാണെന്നും അതിന് 500രൂപ നല്‍കിയതായും ഇദ്ദേഹം രേഖാമൂലം മറുപടി നല്കി.കൂടാതെ കടയില്‍ നിന്നും പ്ലാസ്റ്റിക് എടുക്കുന്നതിന്റയും ചാക്കിലാക്കി ഓട്ടോയില്‍ കയറ്റുന്നതിന്റെയും വീഡിയോ-ഫോട്ടോകളും കൈമാറി. കെഎല്സിഎല് 6662 നമ്പരിലുള്ള ഓട്ടോറിക്ഷയിലാണ് മാലിന്യം കയറ്റിക്കൊണ്ടുപോയതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഓട്ടോറിക്ഷക്കാരനെ കണ്ടെത്തുന്നതിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമഗ്രമാലിന്യ പരിപാലനത്തിന് സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ലഭിച്ച പഞ്ചായത്താണ് കുമാരമംഗലം. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.ടൗണില്‍ നിന്നും മറ്റും മാലിന്യം എടുത്തുകൊണ്ടുവന്ന് സമീപ പഞ്ചായത്തുകളില്‍ നിക്ഷേപിക്കുന്നത് വലിയ തലവേദനയാണുണ്ടാക്കുന്നത്. അടുത്തിടെ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചതിന് 15000 രൂപ പിഴയീടാക്കിയിരുന്നു.