Top

‘ചെറിയ ആശ്വാസം തന്നു’; മാസ്റ്റർ ഷെയർ വെളിപ്പെടുത്തി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയും തനിക്ക് ലാഭം ഉണ്ടാക്കി തന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. അതിനാൽ തന്നെ ലാഭം ആയിരുന്നു എന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.

22 May 2021 6:39 AM GMT
വി.എസ് ഹൈദരലി

‘ചെറിയ ആശ്വാസം തന്നു’; മാസ്റ്റർ ഷെയർ വെളിപ്പെടുത്തി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
X

കൊവിഡ് പ്രതിസന്ധിക്ക് ഇടയിൽ സിനിമ വ്യവസായത്തിന് പുതുജീവൻ നൽകിയ ചിത്രമായിരുന്നു വിജയ് നായകനായ മാസ്റ്റർ. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം എടുത്തത് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിച്ച ഷെയർ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയിൽ മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മാസ്റ്റർ ഇവിടെ എട്ടര കോടി രൂപയോളം ഷെയർ വന്നു. മാസ്റ്റർ ചെറിയ ആശ്വാസം തന്നു’.

ലിസ്റ്റിൻ സ്റ്റീഫൻ

മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയും തനിക്ക് ലാഭം ഉണ്ടാക്കി തന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. അതിനാൽ തന്നെ ലാഭം ആയിരുന്നു എന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. ‘ ജിസ് ജോയ് നമുക്ക് പറഞ്ഞ തീയതിയിൽ പറഞ്ഞ ബജറ്റിൽ ഒരുക്കി. അദ്ദേഹം പ്രൊഡ്യൂസർ ഫ്രണ്ട്‌ലി ആയിട്ടുള്ള ഡയറക്ടറാണ്’, ലിസ്റ്റിൻ പറഞ്ഞു.

കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം ഇപ്പോൾ നിർമ്മിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഈ ചിത്രങ്ങൾ ഇപ്പോൾ നിശ്ചലമായ അവസ്ഥയിലാണ്. പൃഥ്വിരാജ് നായകനായ ചിത്രം ഏറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രീകരണം ആരംഭിച്ചത്. വിവാദങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ’നമ്മൾ ചില സിനിമകൾക്ക് പൈസ കൊടുത്താലേ പരസ്യം കിട്ടൂ. ഈ സിനിമയ്ക്ക് പൈസ കൊടുക്കാതെ തന്നെ പരസ്യം കിട്ടി. പടം ഒന്ന് ഡൗൺ ആയി നിക്കുമ്പോൾ നമ്മൾ പുള്ളിയെ പോയി കാണും. പുള്ളി വേണ്ടുന്ന പ്രമോഷൻ ചെയ്തു തരും. ഇനി വീണ്ടും ഷൂട്ട് ചെയ്യുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളു പരസ്യം’.

സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം മാത്രമേ തീരുമാനിക്കുവാൻ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ‘കടുവ വലിയൊരു സിനിമ തന്നെയാണ്. ചിത്രീകരണം ഇനി എന്ന് തുടങ്ങുമെന്ന് ചോദിച്ചാൽ സാധാരണ ഡയറക്ടറിനോട് ചോദിച്ചാൽ മതി. പക്ഷെ ഇപ്പോൾ കൊറോണയോട് ചോദിക്കണം. കടുവയ്ക്ക് ആയാലും ജനഗണമനയ്ക്കായാലും 2000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ടുന്നതാണ്. കടുവ പഴയ കാലഘട്ടം കാണിക്കുന്ന സിനിമയാണ്. നമ്മൾ ഇപ്പോൾ ചെറിയ സീനുകൾ മാത്രമേ എടുത്തിട്ടുള്ളു’, ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Next Story