Lionel Scaloni

ലയണൽ സെബാസ്റ്റ്യൻ സ്കലോണി അഥവാ ഐന്ദ്രജാലികൻ

2018 ലെ റഷ്യൻ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്താകുമ്പോൾ അർജന്റൈൻ ഫുട്ബോൾ വലിയൊരു പ്രതിസന്ധിയിൽപ്പെട്ടു. കോച്ച് യോർഹെ സാംപോളിയെ മാനേജ്മെന്റ് പുറത്താക്കി. മസ്കരാനോയെ പോലുള്ള ഒരു കൂട്ടം വെറ്ററൻ താരങ്ങൾ കളമൊഴിഞ്ഞു, ആരാധകർക്ക് ടീമിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, അങ്ങനെ അർജന്റൈൻ ഫുട്ബോൾ ആസന്ന മൃതയിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ ഫുട്ബോൾ സംഘടന (AFA) അവസരത്തിനൊത്തുയർന്നു.

പുതിയ പരിശീലകനെ കണ്ടെത്തുകയായിരുന്നു ആദ്യ പടി. അധികൃതരുടെ കണ്ണുകൾ യോഗ്യരായ ഒരുപാട് പരിശീലകരിൽ ഉടക്കി. ഡിയേഗോ സിമിയോണി, മൗറിസിയോ പോച്ചെറ്റിനോ, മുൻ പരിശീലകൻ ജോസേ പെക്കർമാൻ..അങ്ങനെ നീണ്ടു പേരുകൾ. എന്നാൽ ക്ലബ്ബുകളുമായുള്ള കരാർ പ്രശ്നമാകും എന്നതിനാൽ സിമിയോണിയും പൊച്ചെറ്റിനോയും തത്കാലം പരിശീലക സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നറിയിച്ചു. പെക്കർമാൻ, സംഘടനയിലെ ഒരു വിഭാഗം അംഗങ്ങൾക്ക് അനഭിമതനായതോടെ യൂത്ത് ടീമിന്റെ പരിശീലകൻ ലയണൽ സെബാസ്റ്റ്യൻ സ്‌കലോണിക്ക് ഇടക്കാല പരിശീലക സ്ഥാനം നൽകാൻ തീരുമാനമായി.

സ്കലോണി വരുന്നു…

അർജന്റീനയിലെ റൊസാരിയോയിൽ (മെസ്സി ജനിച്ച അതേ റൊസാരിയോ തന്നെ) ജനിച്ച ലയണൽ സ്കലോണി തന്റെ നാട്ടിലെ ന്യൂ വെൽ ഓൾഡ് ബോയ്സ് ക്ലബ്ബിൽ ഫുട്ബോൾ കരിയർ തുടങ്ങി. ഡിപാർട്ടീവോ ലാ കരൂനിയ, വെസ്റ്റ് ഹാം യുണൈറ്റഡ്, ലാസിയോ, അറ്റ്ലാന്റ തുടങ്ങിയ ക്ലബ്ബുകൾക്ക് ബൂട്ട് കെട്ടിയിട്ടുള്ള സ്കെലോണി അർജന്റീന ദേശിയ ടീമിലും അംഗമായി…എന്നാൽ ജാവിയർ സാനെറ്റി എന്ന അതികായനായ വിംഗ് ബാക്ക് ഉള്ളപ്പോൾ ബെഞ്ചിലായിരുന്നു സ്കലോണി അധികവും.

അങ്ങനെ കളിക്കാരനെന്ന നിലയിൽ വെറും ശരാശരിക്കാരൻ മാത്രമായിരുന്ന സ്കലോണിക്ക്‌ ടീമിന്റെ ചുമതലയേൽക്കുമ്പോൾ പരിശീലകൻ എന്ന നിലയിൽ വലിയ പരിചയം ഒന്നുമില്ലായിരുന്നു, ആകെയുള്ളത് അര്ജന്റീന യൂത്ത് ടീമിനെ പരിശീലിപ്പിച്ചതും കുറച്ചു നാൾ യോർഹെ സാംപോളിയുടെ അസിസ്റ്റന്റ് ആയിരുന്നു എന്നതും മാത്രമാണ്.

എന്നാൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റതോടെ ഒരു ഇടക്കാല പരിശീലകന്റെ അലസ ശരീരഭാഷയായിരുന്നില്ല അയാൾക്ക്, ചുമതലയേറ്റ അയാൾ ആദ്യം ചെയ്തത് പാബ്ലോ അയ്‌മർ എന്ന പഴയ പ്രതിഭയെകൂടി തനിക്കൊപ്പം ഇടക്കാല പരിശീലകനായി ആവശ്യപ്പെടുകയായിരുന്നു. ദേശീയ ടീമിൽ മടുപ്പ് തോന്നി തുടങ്ങിയ മെസ്സിയെ സ്വാധീനിക്കാൻ ഒരു കാലത്ത് മെസ്സിയുടെ ആരാധ്യ പുരുഷനായിരുന്ന അയ്മർക്ക്‌ കഴിയുമെന്ന് സ്കലോണിക്കുറപ്പുണ്ടായിരുന്നു.

മുന്നേറ്റനിരയിൽ എന്നും മികച്ച താരങ്ങളെ വിതരണം ചെയ്യുന്ന അർജന്റീനക്ക് കുറച്ചു നാളുകളായി പൊളിയുന്ന പ്രതിരോധം തലവേദനയായിരുന്നു. ഈ തലവേദന മറികടക്കാൻ സ്കലോണി വാൾട്ടർ സാമുവേൽ എന്ന പഴയ ഇന്റർമിലാൻ താരത്തെ നിയോഗിച്ചു.. മുൻ അർജന്റീന ദേശീയ താരമായിരുന്ന സാമുവലിന്റെ ദീർഘനാളത്തെ ഇന്റർമിലാൻ ബന്ധം “ഇറ്റാലിയൻ പ്രതിരോധപ്പൂട്ട്” ഒരു പരിധി വരെ ടീമിൽ നടപ്പാക്കാൻ സഹായകമായി.

അങ്ങനെ പതിയെ തുടങ്ങിയ സ്കലോണി ടീമിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകി തുടങ്ങി. അർജന്റീനയിലെ ആഭ്യന്തര ലീഗിലെ പരിശീലകരുമായി കൂടിക്കാഴ്ച്ച നടത്തിയും യൂറോപ്യൻ ലീഗുകളിലെ അർജന്റീന താരങ്ങളുടെ പ്രകടനം വിലയിരുത്തിയും താരങ്ങളെ മാറ്റി-മാറ്റി പരീക്ഷിച്ചും സ്കലോണിയുടെ പുതിയ അർജന്റീന രൂപപ്പെടാൻ തുടങ്ങി. 2019 ൽ ബ്രസീലിൽ നടന്ന ‘കോപ്പ അമേരിക്ക’ സ്കലോണിയുടെ ആദ്യ പരീക്ഷണമായി, ഇതിനിടെ ഇടക്കാല പരിശീലകനിൽ നിന്നും ടീമിന്റെ പൂർണ്ണ ചുമതല അയാൾക്ക് ലഭിച്ചു. അയ്‌മറും സാമുവലും അയാളുടെ അസിസ്റ്റന്റുമാരായി.

പാരമ്പര്യത്തിന്റെ “ആക്രമണ മനോഹാരിത”യിൽ നിന്നും പ്രായോഗികതയുടെ സ്കലോണിസത്തിലേക്ക് ചുവട് മാറാൻ തുടങ്ങിയ അർജന്റീന ആ ടൂർണമെന്റിന്റെ സെമിയിൽ ബ്രസീലിനോട് തോറ്റു പുറത്തായി….അന്ന് തെറിക്കേണ്ട പരിശീലക കസ്സേരയിൽ ഒരവസരം കൂടി അയാൾക്ക് നൽകണമെന്ന് മെസ്സിയും വിരമിച്ച മസ്കരാനോയും മാനേജ്മെന്റിനോട് അപേക്ഷിച്ചതിനു ഫലംമുണ്ടായി. ഒരവസരം കൂടി സ്കലോണിക്ക്‌ കൈവന്നു… മാനേജ്മെന്റും ക്യാപ്റ്റനും തന്നിലർപ്പിച്ച വിശ്വാസത്തിന് അയാൾ തിരികെ നൽകിയത് തോൽക്കാതിരിക്കുന്ന അർജന്റീനയെയാണ്.. അതെ സ്കലോണിയുടെ പ്രയാഗികതയുടെ അർജന്റീന പിന്നീട് നടന്ന ഇരുപത് മത്സരങ്ങൾ തോറ്റിട്ടില്ല.

സ്കലോണിസം

ലാറ്റിനമേരിക്കയുടെ പാരമ്പര്യ “മനോഹരാക്രമണ ഫുട്ബോൾ” കളിച്ച് ആരാധകരെ നേടാം എന്നല്ലാതെ കിരീടം നേടാനാകില്ല എന്ന തിരിച്ചറിവാണ് സ്കലോണിയെ വ്യത്യസ്തനാക്കുന്നത്. അയാൾ നിരവധി താരങ്ങളെ പരീക്ഷിച്ചാണ്‌ അവസാന ടീമിനെ ഒരുക്കുന്നത്. ചുമതല ഏറ്റെടുത്ത ശേഷം സ്കലോണി പരീക്ഷിച്ച ഗോൾ കീപ്പർമാരെ നോക്കാം ഫ്രാങ്കോ അർമാനി, മർച്ചീസെൻ, മുസോ, ജിറുലിമോ റൂളി, എമി മാർട്ടിനെസ്. അവസാനം അവസരം കിട്ടിയത് ആറു ക്ലബ്ബുകളിൽ ലോണിൽ കളിച്ച് കഴിഞ്ഞ സീസൺ തുടങ്ങി മാത്രം താൻ കളിക്കുന്ന ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ എമി മാർട്ടിനെസിന്. അയാളാണ് 2021 കോപ്പയിലെ മികച്ച ഗോൾ കീപ്പർ.. ഇങ്ങനെ ഓരോ പൊസിഷനിലും ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ചവരെ മാത്രം അയാൾ അണിനിരത്തി.

സ്കലോണിയുടെ ടീമിൽ വ്യക്തികൾക്ക് സ്ഥാനമില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് നന്നായി ഡ്രിബിൾ ചെയ്ത് സഹ താരങ്ങൾക്ക് പന്ത് കൈമാറാതെ മുന്നേറുന്ന പുത്തൻ താരോദയം നിക്കോളാസ് ബുണ്ടിയയെ അയാൾ പരിഗണിക്കാഞ്ഞത്.

അയാളുടെ തന്ത്രങ്ങളിൽ മെസ്സി സ്വാതന്ത്രനായിരുന്നു. മുന്നേറ്റത്തിലും മധ്യനിരയിലും എവിടെയും മെസ്സിക്ക് കളിക്കാം.. പ്രതിരോധത്തിന് മുന്നിൽ മധ്യനിരയെയും പ്രതിരോധത്തെയും ബന്ധിപ്പിക്കുന്ന ഹോൾഡിങ് മിഡ്‌ഫീൽഡിലാണ് സ്കലോണിയുടെ എഞ്ചിൻ റൂം. ഇവിടെ റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പാരഡെസ്, ജയ്‌ഡോ റോഡ്രിഗസ് എന്നീ താരങ്ങളെ മാറി മാറി പരീക്ഷിച്ചു.. ഒരേ സമയം ഇതിൽ ഏതെങ്കിലും രണ്ടുപേരെ കളിക്കളത്തിലിറക്കി പ്രതിരോധത്തെയും ആക്രമണത്തെയും ബന്ധിപ്പിച്ചു.

ഗോൾ നേടുന്നതിലും വഴങ്ങാതിരിക്കുന്നതിൽ ശ്രദ്ധിച്ച സ്കലോണി, വിപ്ലവകരമായ മാറ്റം വരുത്തിയത് പ്രതിരോധത്തിലാണ് ക്രിസ്ത്യൻ റോമെറോ, ഗോൺസാലോ മോണ്ടിയേൽ, ജർമൻ പസെല്ല, നിഹ്ൽ മോളിന, നിക്കോളാസ് റ്റാലിയഫിക്കോ, മർക്കസ് അക്കുന, നിക്കോളാസ് ഓട്ടമെന്റി എന്നിവരെല്ലാം എതിരാളികൾ ആരെന്നനുസരിച്ച് മാറി മാറിയിറങ്ങി… ലീഡ് നേടിയാൽ അത് എന്തു വില കൊടുത്തും അർജന്റൈൻ പ്രതിരോധം സംരക്ഷിച്ചു പോന്നു ഇടിക്കിടിയും ചവിട്ടിന് ചവിട്ടും എന്നതായിരുന്നു രീതി.. സ്കലോണിയുടെ കീഴിൽ അർജന്റീന നേടിയ വിജയങ്ങളെല്ലാം നേരിയ മാർജിനിൽ ആണ് എന്നത് തന്നെ തന്ത്രങ്ങൾ മെനയുന്നതിലും അത് നടപ്പാക്കുന്നതിലും അയാൾക്കുള്ള പ്രാഗൽഭ്യം വെളിവാക്കുന്നു.

മരിച്ച് ശവദാഹം കാത്തുകിടന്ന അർജന്റീനയെ സ്കലോണി ആഭിചാതക്രിയയിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. പുതുജീവൻ നേടിയ അർജന്റീനക്ക്‌ ഇന്ന് സുന്ദര മുഖമല്ല. ജയിക്കാനായി എന്തും ചെയ്യുന്ന പരുക്കനായ സേനാനായകന്റെ മുഖമാണ്. അതുകൊണ്ട് തന്നെ സ്കലോണിയുടെ അർജന്റീനയെ ഖത്തറിൽ നടക്കുന്ന ലോകകപ്പിലും പേടിക്കണം കാരണം ഇക്കഴിഞ്ഞ ‘കോപ്പയിലെ’ പോലെ ചോരചീന്തിയും അവർ ജയിക്കും അല്ലെങ്കിൽ തോൽക്കാതിരിക്കും.

Covid 19 updates

Latest News