Top

വീല്‍ ചെയറില്‍ നിന്നും കതിര്‍ മണ്ഡപത്തിലേക്ക്; സിപിഐഎം പ്രവര്‍ത്തകരുടെ കൈത്താങ്ങില്‍ വിനീതയ്ക്ക് പുതുജീവിതം

8 Sep 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീല്‍ ചെയറില്‍ നിന്നും കതിര്‍ മണ്ഡപത്തിലേക്ക്; സിപിഐഎം പ്രവര്‍ത്തകരുടെ കൈത്താങ്ങില്‍ വിനീതയ്ക്ക് പുതുജീവിതം
X

പേശീരോഗം ബാധിച്ച് തളര്‍ന്ന നിര്‍ധന യുവതിയുടെ വിവാഹം നടത്തി സിപിഐഎം പ്രവര്‍ത്തകര്‍. ചെട്ടികുളങ്ങര സ്വദേശിയായ വിനീതയാണ് ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റിയുടെ കരുതലിന്‍ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. ബുധനാഴ്ചയായിരുന്നു ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയും പാലക്കാട് സ്വദേശി സുബ്രഹ്മണ്യനും തമ്മില്‍ വിവാഹിതരായത്. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും, ജനപ്രതിനിധികളും ചടങ്ങിന് നേതൃത്വം നല്‍കി.

14 വര്‍ഷം മുമ്പ് പേശീ ക്ഷയരോഗം ബാധിച്ച് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടാണ് വിനീതയുടെ ജീവിതം വീല്‍ ചെയറില്‍ ഒതുങ്ങിയത്. വിനീതയുടെ സഹോദരന്‍ വിനീഷും പേശീ ക്ഷയം ബാധിച്ച് തളര്‍ന്ന അവസ്ഥയിലാണ്. ചികില്‍സയുള്‍പ്പെടെയുള്ള കാര്യങ്ങളുമായി കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടുകയായിരുന്നു. പിന്നാലെയാണ് വിനീതയുടെ വിവാഹത്തിനായി പാര്‍ട്ടി രംഗത്തിറങ്ങയത്.

വിവാഹ ചിലവിലേക്ക് ബിരിയാണി ചലഞ്ച് ഉള്‍പ്പെടെ നടത്തിയാണ് ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി പണം കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിച്ച തുകയും വിനീതയുടെ മാതാപിതാക്കള്‍ക്ക് സിപിഐഎം പ്രവര്‍ത്തകര്‍ കൈമാറിയിരുന്നു.

ഒടുവില്‍, ആ വിവാഹ സുദിനത്തില്‍ വിനീതയെ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ജനപ്രതിനിധികളും മറ്റം ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കാളികളായി. സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, കായംകുളം എംഎല്‍എ യു പ്രതിഭ എന്നിവരും ചടങ്ങിനെത്തിയിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാവിയില്‍ ഇത്തരം മാതൃകാ പ്രവര്‍ത്തനം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് ആര്‍ നാസര്‍ പറഞ്ഞു.

Next Story