സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഇപ്പോഴും ഒരിന്ത്യ
ഒരു ഇന്ത്യൻ വിവാഹത്തിന് ആവശ്യമായ എല്ലാത്തരം സുഗന്ധവ്യഞ്ജനങ്ങൾ, പയർവർഗ്ഗങ്ങൾ, അച്ചാറുകൾ, അരപ്പുകൾ, ധാന്യപ്പൊടികൾ എന്നിവയാൽ സമ്പൽസമൃദ്ധമാണ് ഈ ലിറ്റിൽ ഇന്ത്യ.
8 Sep 2021 8:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം നാട്ടുകാരെ അന്യദേശത്ത് വെച്ച് കണ്ടുമുട്ടിയാൽ ഉണ്ടാകുന്ന സന്തോഷത്തിനും ആശ്വാസത്തിനും കണക്കില്ല. അപ്പോൾ ലണ്ടന്റെ വടക്കൻ പ്രവിശ്യയിലുള്ള "ലിറ്റിൽ ഇന്ത്യ" എന്നറിയപ്പെടുന്ന ഒരു പ്രദേശത്തെ പറ്റി അറിഞ്ഞാലോ..! യഥാർത്ഥമായ ദക്ഷിണേഷ്യൻ അനുഭവമാണ് ലണ്ടനിലെ ഈ ലിറ്റിൽ ഇന്ത്യ തരുന്നതെന്നാണ് ഇതിന്റെ സവിശേഷത.
ലണ്ടനിലെ ഡ്രമ്മണ്ട് സ്ട്രീറ്റിലാണ് കുറച്ച് മിനിറ്റിനുകൾ കൊണ്ട് കണ്ടു തീർക്കാവുന്ന ഈ ചെറിയ പ്രദേശമുള്ളത്. ഇവിടെ പ്രധാനമായും വീടുകൾ, ഫ്ലാറ്റുകൾ, റെസ്റ്റോറന്റുകൾ, കടകൾ എന്നിവയാണുള്ളത്. എന്നാൽ ശ്രദ്ധിച്ചുനോക്കിയാൽ മിക്കവാറും എല്ലാ റെസ്റ്റോറന്റുകളും, സ്റ്റോറുകളും പൂർണ്ണമായും ദക്ഷിണേഷ്യൻ ആണെന്ന് കാണാം.
നമ്മുടെ സ്വന്തം മസാല ദോശ, മുംബൈ തെരുവോര ഭക്ഷണശാലകളിൽ ലഭ്യമാകുന്ന വിവിധ തരം ചാട്ടുകൾ, സമൂസകൾ, ലാഹോറിന്റെ തനത് രീതിയിൽ പാചകം ചെയ്യുന്ന ആട്ടിൻ മാംസം കൊണ്ടുള്ള കബാബുകൾ എന്നിവ ഇവിടുത്തെ റെസ്റ്റോറെന്റുകളിലെ മെനുവിൽ കാണാനും രുചിക്കാനുമാകും. കൂടാതെ ദക്ഷിണേഷ്യൻ മധുരപലഹാരങ്ങളും, രുചികരമായ ലഘുഭക്ഷണങ്ങളും ഇവിടെയുണ്ട്.
എന്തിനധികം, ഒരു ഇന്ത്യൻ വിവാഹത്തിന് ആവശ്യമായ എല്ലാത്തരം സുഗന്ധവ്യഞ്ജനങ്ങൾ, പയർവർഗ്ഗങ്ങൾ, അച്ചാറുകൾ, അരപ്പുകൾ, ധാന്യപ്പൊടികൾ എന്നിവയാൽ സമ്പൽസമൃദ്ധമാണ് ഈ ലിറ്റിൽ ഇന്ത്യ എന്നാണ് ഭാഷ്യം.
ഡ്രമ്മണ്ട് സ്ട്രീറ്റിൽ ഇന്ത്യൻ കുടുംബങ്ങൾ നടത്തുന്ന ഈ ചെറു കഫേകളും സ്റ്റോറുകളും ഇത്രയും വർഷങ്ങൾ കൊണ്ട് രുചിയിലോ, അകത്തളങ്ങളിലോ കൊച്ചു-കൊച്ചു മാറ്റങ്ങൾ മാത്രമേ ഇന്നും പ്രകടിപ്പിക്കുന്നുള്ളൂ. ഗൃഹാതുരത്വം ആസ്വദിക്കാനാഗ്രഹിക്കുന്ന ലണ്ടൻ നിവാസികൾക്കോ, വിദേശികൾക്കോ ലിറ്റിൽ ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യം ഇന്നും നഷ്ടപ്പെടാതെ ഇരിക്കാനൊരു കാരണം കൂടിയാണത്.
പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, കൊളോണിയൽ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകളിൽ എത്തി കുടിയേറിയവരാണ് ലിറ്റിൽ ഇന്ത്യയിലെ താമസക്കാരിൽ ചിലർ. എന്നാലധികം പേരും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇവിടെ എത്തിപ്പെട്ടത്. അക്കാലങ്ങളിൽ നടന്ന പ്രക്ഷോഭത്തിന്റെയും, മാറ്റത്തിന്റെയും, ഇടയ്ക്കിടെ തല പൊക്കുന്ന വംശീയതയുടെയും ഇടയിലും ഇതേ ഡ്രമ്മണ്ട് സ്ട്രീറ്റാണ് ദക്ഷിണേഷ്യൻ സമൂഹത്തിന് അക്ഷരാർത്ഥത്തിൽ അഭയമേകിയത്.