മനം കവരാന്‍ കെഎസ്ഇബിയുടെ ജലാശയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
27 Sep 2021 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ച ഒരു കാലഘട്ടമാണ് കടന്ന് പോവുന്നത്. രോഗ ബാധ പിടിമുറുക്കിയപ്പോള്‍ ലോകത്തുട നീളം വിനോദ സഞ്ചാര മേഖലകളും സ്തംഭിച്ചു. വാക്‌സിനേഷനുള്‍പ്പെടെ പുര്‍ത്തിയാവുമ്പോള്‍ ലോകം കൊവിഡില്‍ നിന്ന് മുക്തി നേടുകയാണ്. ലോക്ക്ഡൗണുകള്‍ ഒഴിവാക്കപ്പെടുകയും വലിയ അടച്ചിടല്‍കാലം ഒഴിയുകയും ചെയ്യുമ്പോള്‍ വലിയ പ്രതിസന്ധിയില്‍ നിന്നും കര കയറുകയാണ് ആഗോള വിനോദ സഞ്ചാര രംഗം. പതിയെ ആണെങ്കിലും കേരളത്തിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുകയാണ്. ഈ വേളയിലാണ് ഇത്തവണ ലോക സഞ്ചാര ദിനം കടന്നുവരുന്നത്.
യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്തുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കേരള സര്‍ക്കാറിന്റെ നേതൃത്വത്തിലും വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുതയാണ് കെഎസ്ഇബി. ഏതൊരു വിനോദ സഞ്ചാരയുടെയും മനം കവരുന്ന കേരളത്തിലെ ചില പ്രദേശങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ഇബി മലയാളികളെ ഓര്‍മ്മിപ്പിക്കുന്നത്. കെഎസ്ഇബിയുടെ ജലാശയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രികരെ ക്ഷണിക്കുക കൂടിയാണ് ലോക വിനോദസഞ്ചാര ദിനത്തില്‍ അധികൃതര്‍.
'Tourism for inclusive growth' എന്നതാണ് ഇക്കൊല്ലത്തെ ടൂറിസം ദിന മുദ്രാവാക്യം. കെഎസ്ഇബിയുടെ ഡാമുകളിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ള വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി രൂപീകരിച്ചിരിക്കുന്ന സ്ഥാപനമാണ് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍. ഈ വിനോദ സഞ്ചാര ദിനത്തില്‍ കെഎസ്ഇബിയുടെ ജലാശയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം
1. ബാണാസുരസാഗര്‍, വയനാട്
ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ജല സംഭരണിയിലൂടെയുള്ള ബോട്ടിംഗ് വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ്. ഇവിടെ മനോഹരമായ ഒരു ഉദ്യാനവും ഉണ്ട്. ഇതുകൂടാതെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന അമ്യൂസ്‌മെന്റ്‌സോണും സിപ് ലൈനും ഇവിടുത്തെ സവിശേഷതകളാണ്.
2. മലബാര്‍ ഹാവെന്‍, കക്കയം, കോഴിക്കോട്
പ്രകൃതി രമണീയമായ മലനിരകള്‍ക്കിടയിലുള്ള കക്കയം ജല സംഭരണയിലൂടെയുള്ള സ്പീഡ് ബോട്ട് യാത്ര വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചു വരുന്നുണ്ട്. കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കും ഇവിടെയുണ്ട്.
3. ക്രീം കാസ്‌കേഡ്, ആഢ്യന്‍പാറ, മലപ്പുറം
ആഢ്യന്‍പാറ വെള്ളചാട്ടവും കുട്ടികളുടെ പാര്‍ക്കും കൂടാതെ ആഢ്യന്‍പാറ പവ്വര്‍ ഹാസ് സന്ദര്‍ശനവും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.
4. ബ്ലോസം പാര്‍ക്ക് (ഹൈഡല്‍ പാര്‍ക്ക്), മുന്നാര്‍
മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലുള്ള ഉദ്യാനം ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. ഇവിടെ ഒരു സിപ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഫിഷ്‌സ്പാ സാകര്യവും ഇവിടെയുണ്ട്. സന്ദര്‍ശകരുടെ ആവശ്യാനുസരണം വൈകുന്നേരങ്ങളില്‍ നടത്തുന്ന ക്യാമ്പ് ഫയര്‍ ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
5. സണ്‍ മൂണ്‍ വാലി ബോട്ടിംഗ് സെന്റര്‍, മാട്ടുപ്പെട്ടി
കുട്ടികള്‍ക്കായുള്ള പാര്‍ക്കിന് പുറമെ 12ഡി തീയെറ്ററും, ഗെയിംസ് കോര്‍ണറും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കാറുണ്ട്. മാട്ടുപ്പെട്ടി ജല സംഭരണിയിലൂടെയുള്ള ബോട്ടിംഗ്, സഞ്ചാരികള്‍ക്ക് പ്രത്യേക അനുഭൂതി പകരുന്നതാണ്.
6. ഡാം പെഡല്‍ ബോട്ടിംഗ് സെന്റര്‍, മാട്ടുപ്പെട്ടി
മാട്ടുപ്പെട്ടി ജല സംഭരണിയില്‍തന്നെയുള്ള ഈ ഉപകേന്ദ്രത്തില്‍ പെഡല്‍ ബോട്ടിംഗ് സാകര്യം ലഭ്യമാണ്.
7. എക്കോ പോയിന്റ് ബോട്ടിംഗ് സെന്റര്‍, മാട്ടുപ്പെട്ടി
മാട്ടുപ്പെട്ടി ജലസംഭരണിയിലുള്ള മറ്റൊരു ഉപകേന്ദ്രമായ ഇവിടെയും പെഡല്‍ ബോട്ടിംഗ് സാകര്യം ലഭ്യമാണ്.
8. ട്രൗറ്റ്‌ലഗൂണ്‍ ബോട്ടിംഗ് സെന്റര്‍, കുണ്ടള
കുണ്ടള ജലസംഭരണിയോടു ചേര്‍ന്നുള്ള ഈ ക്രേനദ്രത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് തുഴഞ്ഞ് പോകാവുന്ന ബോട്ട്, കൊറാക്കിള്‍, ബാംബുറാഫ്റ്റ് തുടങ്ങിയ ജലയാന സാകര്യങ്ങളും ലഭ്യമാണ്.
9. എലിഫന്റ് അബോഡ് ബോട്ടിംഗ് സെന്റര്‍, ആനയിറങ്കല്‍
കണ്ണുകള്‍ക്ക് ഇമ്പംപകരുന്ന ദൃശ്യചാരുതയുള്ള ആനയിറങ്കല്‍ ജലസംഭരണിയിലൂടെയുള്ള ബോട്ടിംഗ് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചുവരുന്നു. കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കും ഇവിടെയുണ്ട്.
10. ഡ്യൂ വാലി ബോട്ടിംഗ് സെന്റര്‍, ശെങ്കുളം
ശെങ്കുളം ജല സംഭരണിയിലൂടെയുള്ള ബോട്ടിംഗ്, കുട്ടികളുടെ പാര്‍ക്ക്, കയാക്കിംഗ്, കൊറാക്കിള്‍, ബാംബൂ റാഫ്റ്റ്, ഫിഷ് സ്പാ തുടങ്ങിയവ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാറുണ്ട്.
11. ഇടുക്കി ഡാം
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ആയ ഇടുക്കി ഡാമിനുമുകളിലൂടെയുള്ള ബഗ്ഗി കാറിലെ യാത്ര സഞ്ചാരികള്‍ക്ക് ഹൃദ്യമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.
12. നാടുകാണി പവലിയന്‍
മൂലമറ്റത്തുനിന്നും ഇടുക്കി ഡാമിലേയ്ക്ക് പോകുന്ന വഴിയിലുള്ള നാടുകാണി പവലിയനിലെ വ്യൂ പോയിന്റും കുട്ടികളുടെ പാര്‍ക്കും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാറുണ്ട്.
13. ലോവര്‍ മീന്‍മുട്ടി
തിരുവനന്തപുരം പാലോടിനടുത്തുള്ള ലോവര്‍ മീന്‍മുട്ടി പവ്വര്‍ ഹൌസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ഉപകേന്ദ്രത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഗെയിംസ്, പാര്‍ക്ക് എന്നിവയും ബോട്ടിംഗും ലഭ്യമാണ്.
കെഎസ്ഇബിയുടെ ജലാശയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുസ്വാഗതം!