Top

'ചന്ദ്രയാന്‍ 2' ഇപ്പോഴും വിവരങ്ങള്‍ നല്‍കുന്നു; 9,000ത്തില്‍ അധികം തവണ ചന്ദ്രനെ വലയം ചെയ്‌തെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രനില്‍ ക്രോമിയം, മാംഗനീസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താനും ചന്ദ്രയാന്‍ 2 ന് കഴിഞ്ഞു

7 Sep 2021 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദ്രയാന്‍ 2 ഇപ്പോഴും വിവരങ്ങള്‍ നല്‍കുന്നു; 9,000ത്തില്‍ അധികം തവണ ചന്ദ്രനെ വലയം ചെയ്‌തെന്ന് ഐഎസ്ആര്‍ഒ
X

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ 'ചന്ദ്രയാന്‍ 2' ല്‍ നിന്നും ഇപ്പോഴും സുപ്രധാനമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ. ദൗത്യത്തിലെ പേടകമായ ഓര്‍ബിറ്റര്‍ രണ്ടു വര്‍ഷത്തിനിടെ 9,000ത്തില്‍ അധികം തവണ ചന്ദ്രനെ വലയം ചെയ്തു കഴിഞ്ഞതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. രണ്ട് ദിവസത്തെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ പര്യവേക്ഷണം രണ്ടു വര്‍ഷം പൂര്‍ത്തിയായതിന്റ ഭാഗമായിട്ടായിരുന്നു പ്രതികരണം.

ചന്ദ്രനില്‍ ക്രോമിയം, മാംഗനീസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താനും ചന്ദ്രയാന്‍ 2 ന് കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ കെ ശിവന്‍ ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ രേഖകകളും അദ്ദേഹം പുറത്തുവിട്ടു. ചന്ദ്രോപരിലത്തിന് 100 കിലോമീറ്റര്‍ അടുത്തവരെ ഭ്രമണം ചെയ്ത 'ചന്ദ്രയാന്‍ 2' ഓര്‍ബിറ്ററില്‍നിന്നും ലഭ്യമായ വ്യക്തതയുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് വരും കാലത്ത് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കും. സൗരയൂഥത്തിന്റെ പരിണാമത്തിലേക്ക് ഉള്‍പ്പെടെ വെളിച്ചം വീശാന്‍ ചാന്ദ്രയാന്‍ 2 സഹായിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ബെംഗളൂരുവില്‍ പറഞ്ഞു.

വിദൂരസംവേദനത്തിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ക്രോമിയത്തിന്റെയും മാംഗനീസിന്റെയും കൃത്യമായ സാന്നിധ്യം കണ്ടെത്തിയതെന്ന് ശില്‍പശാലയില്‍ സംസാരിച്ച ക്ലാസ് പേലോഡ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ശ്യാമ നരേന്ദ്രനാഥ് വ്യക്തമാക്കി. ആദ്യമായാണ് ഇത്തരം ഒരു കണ്ടെത്തല്‍. ചന്ദ്രയാന്‍ 2ലെ എട്ട് പേലോഡുകള്‍ റിമോട്ട് സെന്‍സിങ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയിലൂടെയുമാണ് ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ചന്ദ്രോപരിതലത്തിലെ സോഡിയം സാന്നിധ്യം സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തതകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനും കഴിഞ്ഞു. ഓക്‌സിജന്‍, അലുമിനിയം, സിലിക്കണ്‍, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രയാന്‍ 2 നല്‍കിയ സൂചനകളില്‍ ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

2019 ജൂലായ് 22 നാണ് ചന്ദ്രയാന്‍ 2 വിജയകരമായി വിഷേപിച്ചത്. എന്നാല്‍ 2019 സെപ്റ്റംബര്‍ 7 നു പുലര്‍ച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തില്‍ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെട്ടു. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.


Next Story

Popular Stories