Top

ചിപ്പ് ക്ഷാമം രൂക്ഷം; പുതിയ സ്മാര്‍ട്ട് ഫോണുകളുടെ വരവ് നീളും

ജിയോ പ്രഖ്യാപിച്ച ചെലവ് കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുന്നത് ദീപാവലി വരെ നീട്ടി

14 Sep 2021 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിപ്പ് ക്ഷാമം രൂക്ഷം; പുതിയ സ്മാര്‍ട്ട് ഫോണുകളുടെ വരവ് നീളും
X

സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന് ചിപ്പ് ക്ഷാമം തിരിച്ചടിയാകുന്നു. ചിപ്പ് ക്ഷാമം മറികടക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് നീട്ടിവെയ്ക്കുകയാണ്. റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ചെലവ് കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുന്നത് ദീപാവലി വരെ നീട്ടിയിരിക്കുകയാണിപ്പോള്‍.

ചിപ്പ് ലഭ്യത കുറഞ്ഞതിനാല്‍ കമ്പനികള്‍ പല മോഡലുകളുടെയും ഉത്പന്നങ്ങള്‍ പരിമിതപ്പെടുത്തുന്നുണ്ട്. പുതിയ മോഡലുകള്‍ വിപണിയിലിറക്കുന്നത് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമെ അവതരിപ്പിക്കുന്നുള്ളു. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് ഉത്സവസീസണ്‍ മുന്‍നിര്‍ത്തി നിലവിലുള്ള മോഡലുകള്‍ പരാമവധി ലഭ്യമാക്കാനാണ് മിക്ക കമ്പനികളും ആലോചിക്കുന്നത്.

2020ല്‍ പുതിയ 207 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിവിധ കമ്പനികള്‍ ചേര്‍ന്ന് അവതരിപ്പിച്ചതെങ്കില്‍ ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയിത് 190 എണ്ണത്തില്‍ ഒതുങ്ങിയേക്കുമെന്ന് ഗവേഷണ ഏജന്‍സിയായ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 117 പുതിയ മോഡലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

രാജ്യത്ത് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഉത്സവകാല സീസണിലാണ് കൂടുതല്‍ ഫോണുകള്‍ വിറ്റഴിയുന്നത്. വാര്‍ഷിക വില്‍പ്പനയുടെ മൂന്നിലൊന്നും ഇക്കാലത്താണ് നടക്കുന്നത്. ആഗോള വിപണിയില്‍ മെമ്മറിക്കും പ്രോസസറുകള്‍ക്കും 20 ശതമാനം വരെ വില ഉയര്‍ന്നതും തിരിച്ചടിയാണ്.

ഘടകങ്ങളുടെ ഇറക്കുമതി ചെലവും വലിയതോതില്‍ ഉയര്‍ന്നതും തിരിച്ചടിയായിട്ടുണ്ട്. ഇത് രണ്ട് സ്മാര്‍ട്ട് ഫോണുകളുടെ വിപണിയിലും പ്രതിഫലിച്ചേക്കാം. ക്ഷാമം രണ്ട് വര്‍ഷത്തേക്ക് തുടര്‍ന്നേക്കാമെന്നാണ് ചിപ്പ് നിര്‍മാണക്കമ്പനികളായ ഇന്റലും ഇന്റഗ്രേറ്റഡ് മൈക്രോ ഇലക്ട്രോണിക്‌സും മറ്റും പറയുന്നത്.

Next Story

Popular Stories