നിങ്ങൾക്ക് 'സെന്റർ ഓഫ് അട്രാക്ഷൻ' ആകണോ ?
നമ്മളെ കേള്‍ക്കുന്നവരുടെ പാദത്തിന്റെ പൊസിഷൻ നോക്കിയാൽ ആ വിഷയത്തിലുള്ള അവരുടെ ശ്രദ്ധയും, താല്പര്യവും തിരിച്ചറിയാമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.
7 Sep 2021 1:03 PM GMT
നിഷ അജിത്

'നാലുപേരുടെ മുൻപിൽ ഞെളിയാൻ കിട്ടുന്ന ഒരു അവസരവും അവൻ / അവൾ വേണ്ടെന്നു വെക്കില്ല, ആള് കളിക്കാൻ അവനെ/ അവളെ കഴിഞ്ഞിട്ടേ വേറെയാളുള്ളൂ', എന്നൊക്കെ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവർ ചുരുക്കമാകും. ഈ പറയുന്നവരടക്കം മനുഷ്യജാതിയിൽ ജനിച്ചിട്ടുള്ള ആരും ആഗ്രഹിക്കുന്ന ഒരു സ്വാഭാവികമായ കാര്യമാണ് ഇതെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല ഈ ഡയലോഗ്. അത് പോട്ടെ നമുക്കിതിന്റെ ശാസ്ത്രീയത പിന്നെ ചികയാം. എങ്ങനെ ആളുകളുടെ കണ്ണിലുണ്ണിയാകാമെന്ന് അന്വേഷിച്ചു നടക്കുന്നവരോടാണ്..കുറച്ചു ശാസ്ത്രീയ അടിസ്ഥാനമുള്ള സൂത്രപ്പണികളാണ് പറയാന്‍ പോകുന്നത്.
മറ്റുള്ളവർക്ക് ചെറുതോ വലുതോ ആയ ഉപകാരങ്ങൾ ചെയ്തു കൊടുക്കുന്നത് ജനസമ്മതിയിലേക്കുള്ള കുറുക്കു വഴിയാണെന്ന് പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ. പക്ഷെ മനസ്സില്ലാതെ എല്ലാവർക്കുമൊന്നും ഇപ്പണി ചെയ്യാനാകില്ല എന്നുമുണ്ട്. അതായത് ഉപകാരം ചെയ്യാനുള്ള മനസ്സ്, അതങ്ങ് ചുമ്മാ ഉണ്ടാകുന്നതൊന്നല്ല എന്ന് ചുരുക്കം.
ഒന്നുകൂടെ വ്യക്തമാക്കിയാൽ നമ്മളാർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ 'അവർ എന്റെ സുഹൃത്തല്ലേ, അവരെ എനിക്ക് ഇഷ്ടമാണല്ലോ 'എന്ന് തുടങ്ങി 'മറ്റൊരവസരത്തിൽ അവരെനിക്ക് പ്രത്യുപകാരം ചെയ്തു തന്നിരിക്കും', എന്ന് വരെ ഉറപ്പിക്കാവുന്ന ന്യായങ്ങൾ നമ്മുടെ ഉപബോധ മനസ്സ് കണ്ടെത്തുന്നുണ്ടെന്ന്. വെറുതെ പറയുകയല്ല, ഗവേഷണങ്ങൾ സഹായത്തിനുണ്ട്. അല്ലാതെ ചുമ്മാ ആർക്കും എപ്പോഴും ചെയ്തു കൊടുക്കാനിടയുള്ള ഒന്നല്ല ഈ 'സൗമനസ്യം' പോലും.
ഇനി ഉപകാരിയാകുന്നത് തന്നെ ജനസമ്മതിയിലേക്കുള്ള കുറുക്കു വഴിയായിരിക്കെ, മുൻപ് സൂചിപ്പിച്ച ന്യായീകരണങ്ങളിൽ ഏതിലെങ്കിലും വിശ്വസിക്കുന്നവരാണ് ഉപകാരം സ്വീകരിച്ചതെങ്കിൽ, കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. കാര്യമെന്താ..അവരും ഉദ്ധിഷ്ടകാര്യത്തിന് സ്മരണയുള്ളവർ ആയിരിക്കുമല്ലോ ! ആ സ്നേഹം തിരിച്ചു കിട്ടിയില്ലെങ്കിലും,മനസ്സിന്റെ വിങ്ങൽ ആയി മാറിയാലും..പേടിക്കുകയെ വേണ്ടാ..'നന്ദി',അത് ധാരാളമായി കിട്ടുമെന്ന്..! ആ നന്ദിയുടെ പുറത്ത് അവർ മറ്റേ വ്യക്തിയെ പറ്റി,'അദ്ദേഹം മറ്റുള്ളവരെ ധാരാളമായി സഹായിക്കുന്നയാളാണ് കേട്ടോ' എന്ന പേരിൽ പരിചയപ്പെടുത്തിയാൽ, സ്വീകാര്യത ഇരട്ടിയായില്ലേ..എളുപ്പമായില്ലേ..!
അത്ര വലിയ ആനക്കാര്യമല്ലാത്ത, ഒന്ന് മനസ്സ് വെച്ചാൽ ഇപ്പൊ തന്നെ ശരിയാക്കാവുന്ന ഒരു കാര്യമാണ് അടുത്തത്. അതായത് നിങ്ങൾ രണ്ടോ അതിലധികമോ ആളുകളുമായി സംസാരിക്കുകയാണ് അല്ലെങ്കിൽ ഒരു ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുക്കയാണെന്നു വെച്ചോളൂ. അവിടെ ഒരാളുടെ സംസാരത്തിന് കാതോർക്കുമ്പോൾ ഇടയ്ക്കിടെ അവരുടെ മുഖത്ത് നോക്കി ചെറുതായി തലയാട്ടുന്നത്, പറ്റിയാൽ അവരോട് ഒരു ചോദ്യം ചോദിക്കുന്നതൊക്കെ സംസാരിക്കുന്നയാൾക്ക്/ ബോസിന് നമ്മളെ കൂടുതൽ അംഗീകരിക്കാനുള്ള ഒരവസരം ഉണ്ടാക്കി തരുമെന്നാണ് കേൾക്കുന്നത്.
അതെ പോലെ തന്നെ ഒരു വ്യക്തി തലയാട്ടിക്കൊണ്ടാണ് സംവദിക്കുന്നതെങ്കിൽ, അയാൾ മുന്നോട്ടു വെക്കുന്ന ആശയം സത്യമാണ്, അഭിലഷണീയമാണ് എന്നൊരു തോന്നൽ കേൾവിക്കാരിലുണ്ടാകുമത്രെ ! അപ്പോൾ പിന്നെ അതിനു സ്വീകാര്യതയേറാനുള്ള സാദ്ധ്യതയും ഇരട്ടിയല്ലേ.
ഇനി നമ്മളെ കേൾക്കുന്നയാളുടെ ആത്മാർത്ഥത തിരിച്ചറിയണോ..? അതിനും ഒരു വഴിയുണ്ട്. കേൾവിക്കാരുടെ പാദത്തിന്റെ പൊസിഷൻ നോക്കിയാൽ ആ വിഷയത്തിലുള്ള അവരുടെ ശ്രദ്ധയും, താല്പര്യവും തിരിച്ചറിയാമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. സംസാരിക്കുന്നയാൾക്കു നേരെയാണ് കേൾവിക്കാരന്റെ പാദങ്ങളുടെ സ്ഥാനമെങ്കിൽ രക്ഷപെട്ടു. ഇനി അങ്ങനെയല്ലെങ്കിൽ ആ വ്യക്തിക്ക് ആ സംഭാഷണത്തിൽ താല്പര്യമില്ലെന്നോ മനസ്സ് കൊണ്ട് ആ വിഷയത്തിൽ നിന്നും അകലെയാണെന്നോ വ്യക്തം. അതിനാൽ ജാഗ്രതൈ !!
അടുത്തത് സർവ്വസാധാരണമായ ഒരു പ്രതിസന്ധിയാണ്. വേറൊന്നുമല്ല, ഒരാളെ പരിചയപ്പെട്ട് സംസാരിക്കുന്നതിനിടക്ക് അയാളുടെ പേര് മറന്നു പോകുന്ന അവസ്ഥ. ആ വൈക്ലബ്യം മറികടക്കാനിതാ ഒരു വിദ്യ. പരിചയപ്പെട്ട ആദ്യത്തെ അഞ്ചു മിനിറ്റിനുള്ളിൽ അവരുടെ പേര് മൂന്നുതവണ മനസ്സിൽ ആവർത്തിക്കുക. പക്ഷെ ചുമ്മാ വഴിപാട് കഴിക്കും പോലെയാകരുത്. പകരം അല്പം ആത്മാർത്ഥതയോടെ, ' ഹലോ ... , പരിചയപെട്ടതിൽ സന്തോഷം .. , ....ടെ സ്ഥലമെവിടെയാണ് , എന്നൊക്കെയുള്ള നിരുപദ്രവകരമായ ചോദ്യങ്ങളിലൂടെ വേണം മനസ്സിലതുറപ്പിക്കാൻ. എങ്ങനെ .? ഇത് ശരിയാകുമെന്ന് തോന്നുന്നില്ലേ ..!
നമ്മളെ ഓർത്തിരിക്കുന്ന, നമ്മളെ മനസ്സിലാക്കി സംസാരം ഒതുക്കുന്ന, എല്ലാവരും അംഗീകരിക്കുന്ന, ഉപകാരിയായ ഒരു വ്യക്തിയെ ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ...? നാടൻ ഭാഷയിൽ കൂടുതൽ സ്വീകാര്യനാകാനും ആധുനികമായി പറഞ്ഞാൽ നല്ലൊരു പിആർ സ്ഥാപിക്കാനും ഇതൊക്കെ തന്നെ അധികമല്ലേ..?