ആറ് മാസം വരെ ഗര്‍ഭച്ഛിദ്രമാവാം; നിയമം പ്രാബല്യത്തില്‍
26 Sep 2021 9:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഇരുപത്തിനാല് ആഴ്ച്ചവരെ അനുവാദം നല്കുന്ന 2018ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗ്നന്സി ആക്ട് ഭേദഗതി പ്രാബല്ല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച്ച പുറത്തിറക്കി. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് ഇരുപത്തിനാല് ആഴ്ച്ചവരെ സമയം അനുവദിക്കുന്നതല്ല പുതിയ ഭേദഗതി.
ബലാല്‍സംഗക്കേസിലെ ഇരകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഭ്രൂണത്തിനുണ്ടാകുന്ന മാരകമായ അസുഖങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇരുപത്തിനാല് ആഴ്ച്ചവരെ ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അനുവദിക്കപ്പെടുന്നത്. നേരത്തെ ഇരുപത് ആഴ്ച്ചവരെയാണ് ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ നിയമവും ഗര്‍ഭച്ഛിദ്രത്തില്‍ കൂടുതല്‍ സുതാര്യത വരുത്തുന്നതിന് ഉതകുന്നതല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
മുംബൈയിലെ ഡോക്ടര്‍ നിഖില്‍ ദത്താര്‍ എന്ന ഗൈനോക്കോളജിസ്റ്റാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതിയെ 2008ല്‍ സമീപിച്ചിരുന്നത്. തന്റെ നിയമപോരാട്ടം ഇനിയും തുടരുമെന്നാണ് നിഖല്‍ ദത്താര്‍ അഭിപ്രായപ്പെടുന്നത്. ഇനിയും മാറ്റങ്ങള്‍ ഗര്‍ഭച്ഛിദ്ര സമയ പരിധിയില്‍ ആവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്ന് നിഖില്‍ വ്യക്തമാക്കി.
ശാരീരിക, മാനിസിക വെല്ലുവിളി നേരിടുന്നവരുടേയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റേയും വിഷയത്തില്‍ കൂടി ഗര്‍ഭച്ഛിദ്രത്തിന് ഇരുപത്തിനാല് ആഴ്ച്ചയെന്ന സമയപരിധി അനുവദിക്കപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്ന് അഭിഭാഷകയായ അനുഭ റസ്തോഗി അഭിപ്രായപ്പെട്ടു. കൂടാതെ ഗര്‍ഭധാരണം സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലാണെങ്കില്‍ എന്തുചെയ്യണമെന്ന് ഇപ്പോള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ രേഖയില്ലെന്നും അനുഭ വ്യക്തമാക്കി.