Top

സര്‍വസജ്ജമായി ആരോഗ്യ വകുപ്പ്; നിപ ചികില്‍സയ്ക്ക് പ്രോട്ടോക്കോള്‍ പുറത്തിറക്കി

6 Sep 2021 1:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍വസജ്ജമായി ആരോഗ്യ വകുപ്പ്; നിപ ചികില്‍സയ്ക്ക് പ്രോട്ടോക്കോള്‍ പുറത്തിറക്കി
X

പന്ത്രണ്ടുകാരന്റെ മരണത്തിന് ഇടയാക്കി കോഴിക്കോട് കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. മരിച്ച പന്ത്രണ്ടുകാരന് പുറമെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. രോഗ നിര്‍ണയവും, ചികില്‍സ, തുടര്‍ചികില്‍സ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് പ്രോട്ടോക്കോള്‍.

പ്രധാന നിര്‍ദേശങ്ങള്‍-

  • നിപ്പ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികള്‍ എല്ലാ ദിവസവും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കും വിധേയരാക്കും. .
  • രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയില്‍ ആര്‍ടിപിസിആര്‍ ഫലം മൂന്ന് സാമ്പിളും നെഗറ്റീവ് ആവുകയോ ചെയ്താല്‍ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കല്‍ ബോര്‍ഡും തീരുമാനിച്ചാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാം.
  • ആദ്യഫലം നെഗറ്റീവ് ആയാല്‍ 3 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
  • ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പിന്നീട് 21 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
  • ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് തുടര്‍ പരിശോധനകള്‍ നടത്തും.
  • ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ പിന്നീട് 3 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്നും ലക്ഷണമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും.
  • ഫലം പൊസിറ്റിവ് അല്ലാത്ത, ലക്ഷണം ഉള്ളവര്‍ക്ക് മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താന്‍ വിശദ പരിശോധന നടത്തണം.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തിയാണ് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്. മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഐസിഎംആറും ഉറപ്പ് നല്‍കിയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Next Story